കോഴിക്കോട്: ഹേമചന്ദ്രൻ കൊലക്കേസിലെ മുഖ്യപ്രതി സുൽത്താൻ ബത്തേരി പഴുപ്പത്തൂർ സ്വദേശി പുല്ലമ്പി വീട്ടിൽ നൗഷാദിനെ (33) ഇന്നലെ രാവിലെ കോഴിക്കോട്ടെത്തിച്ചു. ബംഗളൂരുവിൽ നിന്ന് പിടികൂടിയ ഇയാളെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ജ്യോതിഷ്കുമാർ, അജേഷ്, വൈശാഖ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നും മറ്റ് മാർഗ്ഗമില്ലാത്തതിനാൽ കാട്ടിൽ കൊണ്ടുപോയി കുഴിച്ചിട്ടെന്നും നൗഷാദ് പൊലീസിനോട് പറഞ്ഞു. നേരത്തെ ഫേസ്ബുക്ക് വീഡിയോയിലും ഇത് പറഞ്ഞിരുന്നു. നൗഷാദിനായി മെഡിക്കൽ കോളേജ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തായിരുന്ന നൗഷാദ് വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ ബംഗളൂരു എയർപോർട്ടിലെത്തി. തുടർന്ന് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ചു. എയർപോർട്ട് അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി കസ്റ്റഡിയിലെടുത്തത്.
താനുൾപ്പെടെ നിരവധിയാളുകൾക്ക് ഹേമചന്ദ്രൻ പണം നൽകാനുണ്ടായിരുന്നുവെന്ന് നൗഷാദ് പറയുന്നു. പണം മൈസൂർ സ്വദേശിയിൽ നിന്ന് വാങ്ങിത്തരാമെന്നുപറഞ്ഞ് ഹേമചന്ദ്രൻ സുൽത്താൻ ബത്തേരിയിലെത്തി. ഹേമചന്ദ്രൻ ആവശ്യപ്പെട്ട പ്രകാരം താമസിക്കാൻ വീട് ഏർപ്പാടാക്കി. ഇവിടെവച്ച് ആത്മഹത്യ ചെയ്തു. ഭയംമൂലം മൃതദേഹം മറ്റു സുഹൃത്തുക്കളുമായി ചേർന്ന് കുഴിച്ചിടുകയായിരുന്നെന്നും നൗഷാദ് പറയുന്നു. മുഴുവൻ പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രൻ, എ.സി.പി ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.
എത്തിയത് മീശയും
മുടിയും വടിച്ച്
നെടുമ്പാശേരി എയർപോർട്ടിൽ കീഴടങ്ങാമെന്നാണ് നൗഷാദ് പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച് നെടുമ്പാശേരിയിൽ പോയ മെഡിക്കൽ കോളേജ് പൊലീസ് നൗഷാദ് എത്താത്തതിനെ തുടർന്ന് തിരികെവന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് വിവരം. വിദേശത്ത് പോകുന്നതിന് മുമ്പ് മീശയും മുടിയുമുണ്ടായിരുന്ന നൗഷാദ്, മീശയും മുടിയും വടിച്ചാണ് ബംഗളൂരു എയർപോർട്ടിലിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |