തിരുവനന്തപുരം:ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ മുണ്ടക്കൈ, അട്ടമല പ്രദേശങ്ങൾക്കായി രക്ഷാപാക്കേജും ദുരന്തബാധിതരുടെ പുനരധിവാസത്തിന് മാസ്റ്റർപ്ലാനും വരും. എന്നാൽ നഷ്ടപരിഹാരം ഏറ്റുവാങ്ങാൻ പോലും ആരുമില്ലാത്ത കുടുംബങ്ങളും സ്വത്തുവകകളുടെ നഷ്ടം തിട്ടപ്പെടുത്താൻ കഴിയാത്തതും വയനാടിന്റെ കണ്ണീരാവും.
ജനജീവിതം അസാദ്ധ്യമായ മേഖലയിലുള്ളവരെ സുരക്ഷിത സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കും. ഭൂമി,വീട്,കൃഷി,വസ്തുവകകൾ എന്നിവയെല്ലാം നഷ്ടമായവർക്ക് ജീവിതമാർഗ്ഗമൊരുക്കും. അഞ്ഞൂറിലേറെ വീടുകൾ തകർന്നെന്നാണ് പ്രാഥമിക വിലയിരുത്തൽ. സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ സർക്കാർ ഈ വീടുകളെല്ലാം പുനർനിർമ്മിക്കും. മാതാപിതാക്കളും വീടും ഇല്ലാതായ നിരവധി കുട്ടികളെ സർക്കാർ സംരക്ഷിക്കും. തീരുമാനം വരുന്ന മന്ത്രിസഭായോഗങ്ങളിലുണ്ടാവും.
രക്ഷാപ്രവർത്തനത്തിനും മൃതദേഹങ്ങൾ വീണ്ടെടുക്കാനുമാണ് ഇപ്പോൾ മുൻഗണന. അവസാനത്തെ ആളെയും കണ്ടെത്തും വരെ രക്ഷാദൗത്യം തുടരും. നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. തകർന്ന വീടുകളുടെ വിവരങ്ങൾ പഞ്ചായത്തുകളിലും ഭൂമിയുടെ വിവരങ്ങൾ വില്ലേജ് ഓഫീസുകളിലും കൃഷിവിളകളുടെ വിവരങ്ങൾ കൃഷിഭവനുകളിലുമാണുള്ളത്. ഈ വകുപ്പുകളെല്ലാം രക്ഷാദൗത്യത്തിന്റെ ഭാഗമാണ്. എല്ലാവരും മരിച്ച നിരവധി കുടുംബങ്ങളുണ്ട്. തിരിച്ചറിയാത്ത 70ലേറെ മൃതദേഹങ്ങൾ പൊതുശ്‌മശാനങ്ങളിൽ സംസ്കരിക്കുകയാണ്. പോസ്റ്റുമോർട്ടവും ഡി.എൻ.എ പരിശോധനയും കഴിഞ്ഞ 133 ശരീരഭാഗങ്ങളും സൂക്ഷിച്ചിരിക്കുന്നു.
രണ്ട് പ്രദേശങ്ങൾ അപ്പാടെ പുനർനിർമ്മിക്കേണ്ടതാണ് വലിയ വെല്ലുവിളി. ഉരുൾഭീഷണിയുള്ള പ്രദേശങ്ങളൊഴിവാക്കി സുരക്ഷിത സ്ഥാനങ്ങൾ കണ്ടെത്തണം. സ്കൂളുകളും പൊതുവിതരണവുമടക്കം എല്ലാം സജ്ജീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ് യൂണിറ്രുകൾ 150വീടുകൾ നിർമ്മിക്കും. വ്യവസായികളും പ്രവാസികളുമെല്ലാം വീടുനിർമ്മിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവയെല്ലാം സർക്കാരിന്റെ പുനരധിവാസ പദ്ധതിയിലാവും ഉൾപ്പെടുത്തുക. സകലതും നഷ്ടമായ മൂന്ന് പൊലീസുകാർക്ക് ഭൂമിയും വീടും പൊലീസ് ഹൗസിംഗ് സഹകരണസംഘം നൽകും. ഉരുൾ മുന്നറിയിപ്പുള്ള സമീപപ്രദേശങ്ങളിലുള്ളവരുടെ പുനരധിവാസവും സർക്കാർ പരിഗണിക്കുന്നുണ്ട്.
ചുവപ്പുനാട ഒഴിവാക്കാൻ
ദുരന്തബാധിത വില്ലേജുകൾ
രേഖകളടക്കം എല്ലാം നഷ്ടമായവർക്ക് ചുവപ്പുനാടയിൽ കുടുങ്ങാതെ നഷ്ടപരിഹാരം നൽകാൻ മേപ്പാടിയിലെ കോട്ടപ്പടി,വെള്ളാർമല, ത്രികൈപേട്ട വില്ലേജുകൾ ജൂലായ് 30 മുതൽ പ്രാബല്യത്തോടെ ദുരന്തബാധിതമായി പ്രഖ്യാപിക്കും.
ഇവിടങ്ങളിൽ എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം.
രേഖകൾ സമർപ്പിക്കുന്നത് ഒഴിവാക്കി വില്ലേജാഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |