മധുരയിൽ നിന്ന് ഈസ്റ്ര് കോസ്റ്റ് റോഡ് വഴി നൂറ്റിയമ്പത് കി.മീറ്റർ ദൂരത്തിൽ പാമ്പൻ പാലം. അതിനപ്പുറം, രാമനാമം പാടുന്ന കാറ്റുവീശുന്ന ഗന്ധമാദന പർവതം. താഴെ രാമേശ്വരം ക്ഷേത്രം. അതിനു ചുറ്റുമായി രാമേശ്വരം ദ്വീപ്. തെക്കേ ചെരുവിൽ, പ്രകൃതി ദുരന്തത്തിന്റെ ഭീകരതയിൽ മനുഷ്യൻ നിസഹായതയോടെ നിന്ന ധനുഷ്കോടിയെന്ന പ്രേതഭൂമി. പിന്നെയും തെക്കോട്ടു സഞ്ചരിച്ച്, കാലം ത്രേതായുഗത്തിന്റെ കഥയോരത്തു ചെന്ന് രാമപാദം ചേരുന്നു. ലങ്കാധിപൻ കവർന്ന സീതാദേവിയെ ഓർത്ത്, ശ്രീരാമൻ കടലിനു മീതെ കണ്ണുകളെയ്ത് ഇരമ്പുന്ന മനസുമായി നിന്നു. ലങ്കയിലേക്ക് രാമസേതുവിന്റെ പണിയിലേർപ്പെട്ടിരുന്ന വാനരപ്പട ക്ഷീണം മറക്കാൻ ആർത്തുവിളിച്ചുകൊണ്ടിരുന്നു: ജയ് ശ്രീറാം...
അരിച്ചൽ മുനൈ..
ഈ കരത്തുമ്പത്തു നിന്നാണ് ശ്രീരാമൻ ലങ്കയുടെ കണ്ണിലേക്ക് അസ്ത്രാഗ്രം തൊടുത്ത് ആ കടൽദൂരമളന്നത്. ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും അരിച്ചൽ മുനൈയിൽ തിരകൾകൊണ്ട് കൈപിണച്ചു കിടന്നു. ഇവിടെ നിന്നാണ് ലങ്കയിലേക്കു നീളുന്ന രാമസേതു. അതിനു മീതെ യുഗങ്ങൾ കടലായിരമ്പിയപ്പോൾ അതൊരു കഥയായി രാമായണത്തിന്റെ ഏടുകളിൽ പുനർജ്ജനിച്ചു. ശ്രീരാമനും വാനരസൈന്യവും ലങ്കയിലേക്കും, പിന്നെ യുദ്ധം ജയിച്ച് സീതയുമായി തിരിച്ചും നടന്നുകയറിയ അതേ രാമസേതുവിന്റെ ഭൂപടമാണ് ഇപ്പോൾ ഉപഗ്രഹ സഹായത്തോടെ ഐ.എസ്.ആർ.ഒ മാപ്പ് ചെയ്തിരിക്കുന്നത്!
'രാമപാദം ചേരണേ" എന്നാണ് ഭാരതീയരുടെ ജീവിത പ്രാർത്ഥന. രാമപാദം തേടി പാമ്പൻപാലം കടന്ന്, രാമേശ്വരം ക്ഷേത്രവും ഗന്ധമാദന പർവതവും കടന്ന്, കൊടുങ്കാറ്റു തകർത്ത ധനുഷ്കോടിയും കടന്ന് രാമസേതുവിലേക്ക് തീർത്ഥാടകർ നടന്നെത്തുന്നത് അതേ മോക്ഷമാർഗം കൊതിച്ചാണ്. ജടായുപ്പാറ മുതൽ അയോദ്ധ്യയിലെ രാമജന്മഭൂമി വരെ നിരവധി ഇതിഹാസ ശേഷിപ്പുകൾ ശ്രീരാമന്റെ പേരുമായി ബന്ധപ്പെട്ടുണ്ടെങ്കിലും, ഉത്തരമില്ലാത്തൊരു ചരിത്രസത്യം പോലെ വിസ്മയാവഹമാണ് കടൽവെള്ളത്തിൽ താണുകിടക്കുന്ന രാമസേതു.
യുഗാന്തരങ്ങൾക്കിപ്പുറം രാമസേതുവിന്റെ മനോഹരക്കാഴ്ച പകർത്തിയിരിക്കുകയാണ് യൂറോപ്യൻ സ്പേസ് ഏജൻസി. ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനെൽ- 2 എന്ന സാറ്റലൈറ്റ് പകർത്തിയ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ നൂലുപോലെ കിടക്കുന്ന രാമസേതു പാലം ചിത്രത്തിൽ കാണാം. ധാരാളം വൈവിദ്ധ്യങ്ങളുടെ മായാലോകമാണ് ഇവിടമെന്നാണ് യൂറോപ്യൻ ഏജൻസി കുറിച്ചത്. അധികം ആഴമില്ലാത്ത കടൽ വെള്ളത്തിൽ ഒട്ടനവധി സസ്യജാലങ്ങൾ വളരുന്നു. ഡോൾഫിനുകളും കടലാമകളും ഈ കടലിൽ നീന്തിത്തുടിക്കുന്നു. മനോഹരമായ കാഴ്ചകളാണ് രാമസേതു സമ്മാനിക്കുന്നതെന്നും യൂറോപ്യൻ സ്പേസ് ഏജൻസി സാക്ഷ്യപ്പെടുത്തുന്നു.
വാത്മീകി രചിച്ച ഇതിഹാസ കാവ്യമായ രാമായണത്തിലെ യുദ്ധകാണ്ഡത്തിലാണ് രാമസേതു പിറക്കുന്നത്.
സീതയെ തേടിനടന്ന് ഭാരതത്തിന്റെ ദക്ഷിണ തീരത്തെത്തിയ ശ്രീരാമൻ കടലിനു മുന്നിൽ നിസ്സഹായനായി നിന്നു. ഈ കടൽ എങ്ങനെ കടക്കുമെന്ന് അദ്ദേഹം ഹനുമാനോട് ചോദിച്ചുവെന്നാണ് യുദ്ധകാണ്ഡത്തിൽ വാത്മീകി പറയുന്നത്. കടലിനക്കരെയാണ് ലങ്ക. കടൽ കടക്കാൻ എന്തു മാർഗവും സ്വീകരിക്കണമെന്ന ശ്രീരാമന്റെ വാക്ക് അനുസരിച്ചാണ് ലങ്കയിലേക്ക് രാമസേതു സൃഷ്ടിക്കപ്പെട്ടത്. വാനര നേതാവ് നളന്റെ നേതൃത്വത്തിൽ പത്തു യോജന വീതിയും നൂറു യോജന നീളവുമുള്ള പാലമാണ് നിർമ്മിക്കപ്പെട്ടതെന്ന് യുദ്ധകാണ്ഡത്തിൽ വാത്മീകി വിവരിക്കുന്നു. പാലം പൂർത്തിയായതോടെ വാനരസൈന്യം ആഹ്ളാദനൃത്തം ചവിട്ടി. വാത്മീകിക്കു പോലും വിസ്മയം മറച്ചുവയ്ക്കാനായില്ല. 'ആകാശനക്ഷത്രങ്ങളുടെ ക്ഷീരപഥം പോലെ തിളങ്ങിയും ഗാംഭീര്യത്തോടെ വാനലോകത്തെപ്പോലും വിസ്മയിപ്പിച്ച പാലത്തെ ഗന്ധർവന്മാർ ആശ്ചര്യത്തോടെ ആകാശത്തുവന്ന് നോക്കിനിന്നു" എന്നാണ് അദ്ദേഹം എഴുതിയത്.
രാമസേതുവിന്റെ ഭൂപടം ഉപഗ്രഹസഹായത്തോടെ ഐ.എസ്.ആർ.ഒ തയ്യാറാക്കിയതോടെ, ഇതൊരു സ്വാഭാവിക പ്രകൃതി സൃഷ്ടിയാണെന്ന വാദം ദുർബലമാവുകയാണ്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഐ.എസ്.ആർ.ഒ ഇതു സാധിച്ചത്. രാമസേതുവിന്റെ ഇത്ര വ്യക്തതയുള്ള ഭൂപടം ആദ്യം. രാമസേതുവിനെക്കുറിച്ച് കൂടുതൽ പഠനത്തിന് ഇതു സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
രാമസേതു (പാലം) മിത്താണെന്നും കടലിൽ സ്വാഭാവികമായി രൂപംകൊണ്ട മൺതിട്ട മാത്രമാണ് ഇതെന്നും പണ്ടേ തർക്കമുണ്ട്. ഈ തർക്കത്തിന്റെ മുനയൊടിക്കുന്നതാണ് ഐ.എസ്.ആർ.ഒ തയ്യാറാക്കിയ ഭൂപടം. രാമസേതു സ്ഥിതിചെയ്യുന്നിടത്ത് ആഴം വളരെ കുറവായതിനാൽ കപ്പൽ ഉപയോഗിച്ചുള്ള മാപ്പിംഗ് സാദ്ധ്യമായിരുന്നില്ല. അതിനാൽ ഇന്ത്യയ്ക്കും ലങ്കയ്ക്കുമിടയിൽ 29 കിലോമീറ്റർ നീളത്തിലുള്ള ഭാഗമാണ് ഉപഗ്രഹ സഹായത്തോടെ മാപ്പു ചെയ്തത്. ചുണ്ണാമ്പുകല്ലിൽ തീർത്തതാണ് പാലം. അതിന് കടലിന്റെ അടിത്തട്ടിൽ നിന്ന് എട്ട് മീറ്റർ വരെ ഉയരവും 100 മീറ്റർ വരെ വീതിയുമുണ്ട്.
രണ്ടുലക്ഷം
ചിത്രങ്ങൾ
നൂതന ലേസർ സാങ്കേതികവിദ്യയും വാട്ടർ പെനിട്രേറ്റഡ് ഫൊട്ടോണുകളും ഉപയോഗിച്ച് നാസയുടെ ഐ.സി.ഇ സാറ്റ് ഉപഗ്രഹം 2018 മുതൽ 2023 വരെ പകർത്തിയ രണ്ടുലക്ഷത്തോളം ചിത്രങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു മാപ്പിംഗ്. ഈ ഡാറ്റകൾ ഐ.എസ്.ആർ.ഒയുടെ ജോധ്പൂർ, ഹൈദരാബാദ് റിമോട്ട് സെൻസിംഗ് സെന്ററുകളിൽ വിശകലനം ചെയ്തു. മാന്നാർ ഉൾക്കടലിനും പാക്ക് കടലിടുക്കിനും ഇടയിൽ രണ്ടു മുതൽ മൂന്നു മീറ്റർ വരെ ആഴമുള്ള 11 ഇടുങ്ങിയ ചാലുകളും കണ്ടെത്തിയത് പാലം മനുഷ്യ നിർമ്മിതിയാണെന്ന വാദത്തിന് ബലമേകുന്നു.
'ആദംസ് ബ്രിഡ്ജ്" എന്ന് പാശ്ചാത്യരും രാമസേതുവെന്ന് ഭാരതീയരും വിശേഷിപ്പിക്കുന്ന പാലം ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരത്തിനും ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ജാഫ്ന ജില്ലയിലെ മാന്നാർ ദ്വീപിനും ഇടയിൽ 48 കിലോമീറ്റർ നീളത്തിൽ, കല്ലും മണ്ണും ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ബണ്ട് മാതൃകയിലുള്ളതാണ്. ലങ്കയിലേക്കു കടക്കാനും രാവണനോട് യുദ്ധം ചെയ്യാനും ശ്രീരാമനും വാനരസൈന്യവും നിർമ്മിച്ച പാലമാണ് (സേതു) ഇതെന്ന് ഹിന്ദുക്കൾ വിശ്വസിക്കുമ്പോൾ, പവിഴപ്പുറ്റുകളിലെ മണൽ ട്രാപ്പിംഗും ടെക്റ്റോണിക് ചലനവും ചേർന്ന് രൂപംകൊണ്ട പ്രകൃതിദത്ത ഘടനയാണെന്ന് ശാസ്ത്രജ്ഞരും കരുതുന്നു.
തമിഴ്നാട്ടിലെ രാമേശ്വരം ധനുഷ്കോടി മുതൽ ശ്രീലങ്കയിലെ മാന്നാർ ദ്വീപിലെ തലൈമന്നാർ വരെയാണ് രാമസേതുവിന്റെ കിടപ്പ്. ധനുഷ്കോടിക്ക് 48 കിലോമീറ്റർ അടുത്താണ് ശ്രീലങ്കയിലെ ഗൾഫ് ഒഫ് മാന്നാർ. എ.ഡി ഒമ്പതാം നൂറ്റാണ്ടിൽ പേർഷ്യൻ നാവികർ 'സേതു ബന്ധൈ" അഥവാ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന കടൽപ്പാലം എന്നാണ് രാമസേതുവിനെ വിളിച്ചിരുന്നത്. ഇതിന്റെ ചില ഭാഗങ്ങൾ വേലിയിറക്ക സമയത്ത് കടലിനു മുകളിൽ കാണാം. രാമേശ്വരം ക്ഷേത്രരേഖകൾ പ്രകാരം 1480 വരെ പാലം വെള്ളത്തിനു മുകളിലായിരുന്നു. ചുഴലിക്കാറ്റിൽ പാലം മുങ്ങിയതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
പൊള്ളുന്ന
രാഷ്ട്രീയം
ലങ്കൻ കടലിടുക്കിൽ മുങ്ങിക്കിടക്കുകയാണെങ്കിലും രാമസേതുവിൽ തൊട്ടാൽ പൊള്ളുമെന്നതാണ് സ്ഥിതി. ആദംസ് ബ്രിഡ്ജാണ് എന്ന് പാശ്ചാത്യ ചരിത്രകാരന്മാർ വിശേഷിപ്പിച്ചതും അതിനെ ഇന്ത്യൻ ചരിത്രകാരന്മാർ എതിർത്തതുമാണ് ആദ്യ അന്തരാഷ്ട്ര വിവാദം. രാമസേതു മനുഷ്യനിർമ്മിതമാണെന്ന് അമേരിക്കൻ സയൻസ് ചാനൽ വിശേഷിപ്പിച്ചത് വീണ്ടും വിവാദമായി. 2017ൽ ചാനലിന്റെ സ്പോട്ട്ലൈറ്റ് പരിപാടിയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ രാമസേതു മനുഷ്യനിർമ്മിതമാണെന്ന് വ്യക്തമായെന്നും, ഇതിൽ കാണുന്ന കല്ലുകൾക്കും ചെറിയ പാറകൾക്കും മണലിനേക്കാൾ പഴക്കമുണ്ടെന്നും ചാനൽ വീഡിയോയിൽ പറയുന്നു. കല്ലുകൾക്ക് ഏകദേശം 7000 വർഷത്തെ പഴക്കമുണ്ട്. മണൽത്തരികൾ അതിന്മേൽ പിന്നീട് അടിഞ്ഞുകൂടിയതാകാം. അതിന് 4000 വർഷത്തെ പഴക്കമേയുള്ളൂവെന്ന് കണ്ടെത്തിയതായും ചാനൽ പറയുന്നു.
'സേതുസമുദ്രം" കപ്പൽച്ചാൽ പദ്ധതി വാജ്പേയ് സർക്കാർ കൊണ്ടുവന്നപ്പോഴും വിവാദമായി. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ 83 കിലോമീറ്റർ ദൈർഘ്യമുള്ള ജലപാത നിർമ്മിച്ച് ഒരു കപ്പൽപ്പാത വഴി അറബിക്കടലിനേയും ബംഗാൾ ഉൾക്കടലിനേയും ബന്ധിപ്പിക്കാനായിരുന്നു പദ്ധതി. 1860 മുതൽ ഈ പദ്ധതി നിർദ്ദേശിക്കപ്പെട്ടിരുന്നു. 2004ൽ വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 3500 കോടി രൂപയുടെ ബഡ്ജറ്റിന് അംഗീകാരവും നൽകി. 2005ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു. അതേസമയം, 'സേതുസമുദ്രം" പദ്ധതി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. വിവാദങ്ങൾക്കും നിയമപ്രശ്നങ്ങൾക്കും പിന്നാലെ പദ്ധതി നിലച്ചു.
സിനിമയിലെ
രാമസേതു !
2006ൽ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാമസേതുവിന്റെ അസ്തിത്വം തള്ളിയതും വിവാദമായി. സത്യവാങ്മൂലം പിൻവലിക്കുക മാത്രമല്ല, രണ്ട് എ.എസ്.ഐ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. 2021ൽ, രാമസേതുവിന്റെ ഉത്ഭവം കണ്ടെത്തുന്നതിനുള്ള ഒരു 'അണ്ടർവാട്ടർ റിസർച്ച് പ്രോജക്ടി"ന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. രാമസേതു ദേശീയ പൈതൃകമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 2022-ൽ അക്ഷയ് കുമാറിന്റെ ഹിന്ദി ചിത്രം 'രാംസേതു" പുറത്തിറങ്ങി. അക്ഷയ് കുമാർ പുരാവസ്തുഗവേഷകനായി വേഷമിടുന്ന ചിത്രവും പല പരാമർശങ്ങളുടെയും പേരിൽ വിവാദമായി. വിവാദങ്ങളുടെയും അവകാശവാദങ്ങളുടെയും തുടർക്കഥയുടെ ഏറ്റവും ഒടുവിലത്തെ കണ്ണിയായാണ് ഇപ്പോൾ ഐ.എസ്.ആർ.ഒയുടെ 'രാമസേതു ഭൂപടം" പുറത്തുവന്നിരിക്കുന്നത്.
രാമേശ്വരത്തെയും ശ്രീലങ്കയിലെ തലൈമന്നാറിനെയും ബന്ധിപ്പിക്കുന്ന രാമസേതു തീർത്ഥാടന കേന്ദ്രമെന്ന നിലയിലും ചരിത്രകേന്ദ്രമെന്ന നിലയിലും മാത്രമല്ല, പ്രകൃതി വിസ്മയമെന്ന നിലയിലും സഞ്ചാരികളെ ആകർഷിക്കുന്നു. ശ്രീരാമ നിർദ്ദേശപ്രകാരം നിർമ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന രാമസേതു ഹിന്ദുക്കളുടെ പുണ്യസ്ഥലമാണ്. കന്യാകുമാരിയിൽ പ്രാർത്ഥിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ധനുഷ്കോടിയിലെ രാമസേതുവിന് അടുത്തെത്തി പ്രാർത്ഥിച്ചിരുന്നു. പിന്നീട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു :'പ്രഭു ശ്രീരാമന്റെ ജീവിതത്തിൽ പ്രത്യേക പ്രാധാന്യമുള്ള അരിച്ചൽ മുനൈയിലെത്താൻ അവസരം ലഭിച്ചു. ഇവിടെ നിന്നുമാണ് രാമസേതുവിന്റെ ആരംഭം."
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |