മുംബയ്: 2021 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു രാഹുല്‍ ദ്രാവിഡ്. ജൂണില്‍ വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. പകരം മറ്റൊരു മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന ആഗ്രഹം പറഞ്ഞാണ് രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്.
നാഷണല്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവായെങ്കിലും ഏതെങ്കിലും ഒരു ഐപിഎല്‍ ടീമിന്റെ പരിശീലകനായോ ഉപദേശകനായോ ദ്രാവിഡ് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ അദ്ദേഹത്തെ പരിശീലക റോളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം തങ്ങളുടെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനെ നോട്ടമിടുന്നുണ്ട്.
ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവായ നായകന്‍ ഒയിന്‍ മോര്‍ഗന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അദ്ദേഹം സമ്മാനിച്ച നേട്ടങ്ങള്‍ വളരെ വലുതും ശ്രദ്ധേയവുമാണെന്നും ഒരു പുതിയ പരിശീലകനെ തേടുന്ന ഇംഗ്ലണ്ട് ടീം അദ്ദേഹത്തെ പരിഗണിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും മോര്‍ഗന്‍ പറഞ്ഞു. നിലവില്‍ ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുന്നത് ബ്രണ്ടന്‍ മക്കല്ലമാണ്. അതുകൊണ്ട് തന്നെ വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോര്‍ഗന്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഡിഫെന്‍ഡിംഗ് ചാമ്പ്യന്‍മാരുടെ പട്ടവുമായി എത്തിയ ഇംഗ്ലണ്ട് സെമിയില്‍ പോലും എത്തിയില്ല. ട്വന്റി 20 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യയോട് തോല്‍ക്കുകയും ചെയ്തു. ഇതോടെ വൈറ്റ് ബോള്‍ ടീമിന്റെ പരിശീലകനായ മാത്യു മോട്ട് സ്ഥാനമൊഴിഞ്ഞു. ഈ ഒഴിവിലേക്കാണ് ദ്രാവിഡിനെ പരിഗണിക്കുന്നത്. സ്റ്റീഫന്‍ ഫ്‌ളെമിംഗ്, റിക്കി പോണ്ടിംഗ്, ടെസ്റ്റ് ടീമിന്റെ പരിശീലകന്‍ മക്കല്ലം എന്നിവരേയും ഇസിബി പരിഗണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |