മുംബയ്: പെൺകുട്ടിയുടെ കൈയിൽ പിടിച്ച് 'ഐ ലവ് യു" എന്ന് പറഞ്ഞതിന് 19കാരന് രണ്ട് വർഷം തടവുശിക്ഷ. മുംബയിലെ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
14 വയസുള്ള കുട്ടിയുടെ അന്തസിനെ ഹനിക്കുന്ന പ്രവൃത്തിയാണെന്നും യുവാവ് കുറ്റക്കാരനാണെന്നും ജഡ്‌ജി അശ്വിനി ലോഖണ്ഡേ വിധിച്ചു.
എന്നാൽ പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങളിൽ നിന്ന് പ്രതിയെ വെറുതെവിട്ടു.
2019 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ യുവാവ് തന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് കൊണ്ടുപോയി കൈപിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചു എന്നാണ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്. ഐ ലവ് യൂ എന്ന് പറഞ്ഞുകൊണ്ട് യുവാവ് പെണകുട്ടിയെ അടുത്തേക്ക് വലിക്കുകയും ചെയ്തു. കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തെത്തിയ കുട്ടി കാര്യങ്ങൾ അറിയിച്ചു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നാണ് യുവാവിന്റെ വാദം. സംഭവ ദിവസം തന്നെ വിളിച്ചിരുന്നു എന്നും പറഞ്ഞു. എന്നാൽ അങ്ങനെയായിരുന്നെങ്കിൽ കുട്ടി അമ്മയെ അറിയിക്കില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വാദം തള്ളി. മാത്രമല്ല, സംഭവത്തിന് ശേഷം പ്രതിയെ കാണാനെത്തിയപ്പോൾ ഭീഷണിപ്പെടുത്തുകയും 'അവളുടെ ഇഷ്ടം പോലെ ചെയ്യൂ' എന്ന് പറയുകയും ചെയ്‌തു. പെൺകുട്ടിയുടെയും അമ്മയുടെയും വാദം നിരാകരിക്കാൻ വസ്തുനിഷ്ഠമായ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
വിചാരണ വേളയിൽ പ്രതികളുടെ കുറ്റം തെളിയിക്കാൻ പെൺകുട്ടിയും അമ്മയും ഉൾപ്പെടെ നാല് സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |