കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. അർജുനെ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. ഏത് പ്രയാസങ്ങളിലും കൂടെയുണ്ടാവുമെന്ന ഉറപ്പുനൽകിയാണ് അവിടെ നിന്നും മടങ്ങിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അർജുന്റെ കണ്ണാടിക്കലിലെ വീട്ടിൽ മുഖ്യമന്ത്രി എത്തിയത്. 15 മിനിറ്റോളം വീട്ടിൽ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. വീട്ടിലെത്തിയ മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നൽകി. മുഖ്യമന്ത്രിയുടെ സന്ദർശനം തങ്ങൾക്ക് ആശ്വാസമേകിയെന്ന് സന്ദർശനത്തിന് ശേഷം അർജുന്റെ കുടുംബം പ്രതികരിച്ചു.
അതേസമയം, ഷിരൂരിൽ തെരച്ചിൽ നടക്കുന്നില്ലെന്നും പുഴയിൽ എത്തിയ മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപ്പയെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും കുടുംബം ആരോപണം ഉന്നയിച്ചു. തെരച്ചിൽ അവസാനിപ്പിച്ച അതേ ദിവസത്തെ ഒഴുക്കാണ് ഇപ്പോൾ ഗംഗാവലി പുഴയിലുള്ളതെന്ന് ജില്ലാ ഭരണകൂടം പറയുന്നു.
അർജുന് വേണ്ടിയുള്ള തെരച്ചിലിനെക്കുറിച്ച് ഇപ്പോൾ ഔദ്യോഗിക വിവരങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്ന് കുടുംബം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അർജുന്റെ കോഴിക്കോടുള്ള വീട്ടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നലെ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |