മലപ്പുറം: വയനാട്ടെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ചാലിയാർ പുഴയുടെ വനത്തോട് ചേർന്ന ഭാഗങ്ങളിൽ ഇന്നലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങളും പത്ത് ശരീരഭാഗങ്ങളും. ഇതോടെ ചാലിയാറിൽ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 75 ആയി. ശരീര ഭാഗങ്ങൾ 142 എണ്ണമായി. ആകെ 217 .ഇവരിൽ 38 പേർ പുരുഷന്മാരാണ്. 30 പേർ സ്ത്രീകളാണ്. മൂന്ന് ആൺകുട്ടികളും നാല് പെൺകുട്ടികളും കൂട്ടത്തിലുണ്ട്. ചാലിയാറിലെ പരിശോധന ഇന്നും തുടരും.
നദി കരകവിഞ്ഞപ്പോൾ കുടുങ്ങിയവരെയാണ് കണ്ടെടുത്തത്.നദിയിൽ നിന്ന് നൂറു മീറ്റർ അകലെവരെ ശരീരഭാഗങ്ങൾ ഉണ്ടായിരുന്നു.
വനപാലകർ, തണ്ടർബോൾട്ട്, പൊലീസ്, അഗ്നിരക്ഷാ സേന, എമർജൻസി റെസ്‌ക്യൂ ഫോഴ്സ്, സന്നദ്ധപ്രവർത്തകർ എന്നിങ്ങനെ മുന്നൂറിലധികം പേരാണ് തിരച്ചിലിൽ പങ്കാളികളായത്. പോത്തുകല്ല് പഞ്ചായത്ത് പരിധിയില്‍ നിന്ന് ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മല ഭാഗത്തേക്ക് കഴിയാവുന്നത്ര ദൂരം തിരച്ചില്‍ നടത്തുന്നുണ്ട്. വെള്ളം കുറഞ്ഞ സാഹചര്യത്തിൽ പുഴയിൽ നൂറ് കണക്കിന് സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ 14 കിലോമീറ്ററോളം തിരച്ചിൽ നടത്തി. പുഴയുടെ സ്വഭാവം കൃത്യമായി അറിയുന്ന ആദിവാസികളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തി. ആഴം കുറഞ്ഞ ഭാഗത്തുകൂടെ കൈകൾ കോർത്തുപിടിച്ചാണ് പുഴ കടന്നത്.
മുണ്ടേരി വിത്തുകൃഷി തോട്ടത്തിന് സമീപം ഒത്തുകൂടിയ സേനാംഗങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും മലപ്പുറം എസ്.പി എസ്.ശശിധരൻ, നിലമ്പൂർ നോർത്ത്, സൗത്ത് ഡി.എഫ്.ഒമാരും കരുതൽ നിർദ്ദേശങ്ങൾ നൽകി. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാൽ വൈകിട്ട് അഞ്ചോടെ തിരച്ചിൽ അവസാനിപ്പിച്ചു. 40 കിലോമീറ്ററോളം ദൂരത്തിൽ ഒഴുകുന്ന ചാലിയാറിന്റെ പരിധിയിലുള്ള എട്ട് പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ 35 കടവുകളിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ തിരച്ചിൽ നടത്തി.
ഇതുവരെ 212 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. 203 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |