മേപ്പാടി: ദുരന്തം നേരിട്ട മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലായി 155 അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നും ഇതിൽ നാലുപേരെ കാണാനില്ലെന്നും ജില്ലാ ലേബർ ഓഫീസർ ജി.ജയേഷ് പറയുമ്പോൾ, അതിനേക്കൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
മറുനാട്ടിൽ നിന്നെത്തി സർക്കാരിന്റെ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കാണ് ലേബർ ഓഫീസറുടെ പക്കലുള്ളത്. പലരും വന്നുപോകുന്നവരായതിനാൽ എണ്ണത്തിൽ ഏറ്റക്കുറച്ചിലുണ്ടാവുമെന്ന് ലേബർ ഓഫീസർ തന്നെ പറയുന്നു.
മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവിടങ്ങൽ നിരവധി തേയിലതോട്ടങ്ങളും അവിടങ്ങളിൽ ജോലിക്ക് നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളുമുണ്ട്. ഹാരിസൺ, വനറാണി പ്ലാന്റേഷനുകളുടേതാണ് തോട്ടങ്ങൾ. സ്ഥാപനത്തിലെ മാനേജർമാരാണ് ലേബർ ഓഫീസുകളിൽ തൊഴിലാളികളുടെ വിവരങ്ങൾ നൽകേണ്ടത്. ഒരുകാലത്തും അതു കൃത്യമാകാറില്ല. ദുരന്തത്തിൽ കാണാതായവരുടെ കൂട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ ഒരുപാട് പേരുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ദുരന്തത്തിനിരയായവരുടെയും മൃതദേഹം കണ്ടെത്തിയവരുടെയും കണക്ക് റവന്യൂവകുപ്പ് കൃത്യമായി ശേഖരിക്കുന്നുണ്ട്. എന്നാൽ അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യം കീറാമുട്ടിയാണെന്ന് റവന്യൂ വകുപ്പ് ജീവനക്കാർ പറയുന്നു. പലർക്കും സ്വന്തം നാട്ടിലെ രേഖകൾ പോലുമില്ല. മേൽവിലാസമില്ലാതെ കഴിയുന്നവർ ഒരുപാടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |