മേപ്പാടി: ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ ഇന്നലെ പള്ളിമണി മുഴങ്ങിയത് ദുരന്തത്തിൽ മരിച്ചവരുടെ നിത്യശാന്തിക്കായി. ദുരന്തത്തിനിരയായ ഇടവകാംഗങ്ങളായ ആറു പേർക്കും ഇനിയും കണ്ടുകിട്ടാത്ത രണ്ടുപേർക്കുമൊപ്പം ദുരന്തം കവർന്ന എല്ലാവരേയും ഇന്നലെ നടന്ന പ്രാർത്ഥനയിൽ ചേർത്തു നിറുത്തി. ദുരന്തത്തിനു മുമ്പ് കഴിഞ്ഞ ഞായറാഴ്ച ഇവരെല്ലാം പ്രാർത്ഥനയിൽ പങ്കുകൊണ്ടിരുന്നു. അവർക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഹൃദയം പൊള്ളിപ്പോകുന്നെന്ന് ഫാ.ജിബിൻ വട്ടകുളം പറഞ്ഞു. ജോണി ചിറ്റിലപ്പള്ളി, മക്കളായ അനുരാഗ് ജോണി, അഭിനവ് ജോണി, ജോണിയുടെ സഹോദരന്റെ ഭാര്യ ഷീബ ഫ്രാൻസിസ്, ഷിബിൻ ഫ്രാൻസിസ്, നീതു ജോജോ ഉൾപ്പെടെയാണ് ദുരന്തത്തിൽപെട്ടത്. ജോയ് തെക്കിലക്കാട്ടിൽ, ഭാര്യ ലീലാമ്മ ജോയ് എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സുരക്ഷതേടിയെത്തിയ
വീടും ഉരുളെടുത്തു
കനത്ത മഴയും ഉരുൾപ്പൊട്ടൽ സാദ്ധ്യതയും അറിയിച്ചപ്പോഴാണ് മുണ്ടക്കെെയിൽ നിന്ന് ജോണിയും കുടുംബവും സ്കൂളിനടുത്തുള്ള സഹോദരൻ ഫ്രാൻസിസിന്റെ വീട്ടിലേക്ക് മാറിയത്. എന്നാൽ, കലിതുള്ളിയെത്തിയ ഉരുൾ ജോണിയും കുടുംബവും അഭയം തേടിയെത്തിയ സഹോദരന്റെ പാടിയേയും വിഴുങ്ങി. അതിൽ ജോണിയും ഭാര്യ റജ്നയും മക്കളായ അഭിനവും അനുഗ്രഹും, ഫ്രാൻസിസിന്റ ഭാര്യ ഷീബ, മക്കളായ ഷിബിൻ ജയ്സൻ എന്നിവരും അകപ്പെട്ടു. ജോണിയുടെ ഭാര്യ റജ്നയും ഫ്രാൻസിസിന്റെ മകൻ ജയ്സനും മാത്രമാണ് രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |