കൊച്ചി: വയനാട് പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യു.ഡി.എഫ് എം.എൽ.എമാർ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പുനരധിവാസ പ്രവർത്തനങ്ങളിലും പങ്കാളികളാകും. ദുരന്തബാധിതർക്ക് വീട് നിർമ്മിക്കുന്നതിനൊപ്പം കുടുംബ പാക്കേജും ആവിഷ്‌കരിക്കണം. അവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്ന് ഉറപ്പുവരുത്തണം. പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാനും നേരിടാനും ശാസ്ത്രീയമായ പദ്ധതി ആവിഷ്‌കരിക്കണം. കൊച്ചി സർവകലാശാലയിലെ കാലാവസ്ഥാ വകുപ്പിനെ ഇക്കാര്യങ്ങളിൽ സഹകരിപ്പിക്കണം. മുന്നറിയിപ്പ് നൽകി എത്രസമയം കൊണ്ട് മാറ്റിപ്പാർപ്പിക്കാൻ സാധിക്കുമെന്നതുൾപ്പെടെ കൃത്യമായ പദ്ധതി വേണം.
കാലാവസ്ഥാമാറ്റത്തിന് അനുസരിച്ച് നയം മാറ്റണമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ രണ്ടു പ്രാവശ്യം ആവശ്യപ്പെട്ടതാണ്. അതിനാലാണ് കെ-റെയിലിനെയും തീരദേശ ഹൈവേയെയും എതിർക്കുന്നത്. പുഴവെള്ളത്തിന്റെ നിറം മാറിയിട്ടുണ്ടെന്നും മുകളിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞിരുന്നു. തുടർന്ന് ജില്ലാപഞ്ചായത്തും മേപ്പാടി പഞ്ചായത്തും കുറെപ്പേരെ മാറ്റിപ്പാർപ്പിച്ചു. ഇത്തരം പ്രാദേശിക അറിവുകളും ശാസ്ത്രീയമായ അറിവുകളും സംയോജിപ്പിച്ചുള്ള സംവിധാനമാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |