കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം കേരളത്തിന്റെ കെട്ടുകഥയാണെന്ന തമിഴ്നാടിന്റെ വാദം പൊളിയുന്നു. അണക്കെട്ടിന് 30വയസ് തികയും മുമ്പേ ചോർച്ചയും ഓട്ടയടയ്ക്കലും തുടങ്ങിയിരുന്നുവെന്ന് തമിഴ്നാടിന് വേണ്ടി ന്യൂഡൽഹിയിലെ സെൻട്രൽ ബോർഡ് ഒഫ് ഇറിഗേഷൻ ആൻഡ് പവർ 1997ൽ തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ടിൽ പറയുന്നു.
1928ലാണ് അണക്കെട്ടിലെ ചോർച്ച മൂലമുള്ള അപകടാവസ്ഥ ബ്രിട്ടീഷ് എൻജിനിയർമാർ ചൂണ്ടിക്കാട്ടിയത്. തുടർന്നുള്ള ഓട്ടയടയ്ക്കൽ ശ്രമങ്ങളെച്ചൊല്ലി വിദേശികളായ എൻജിനിയർമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും സൂചനയുണ്ട്. 1896 മുതൽ സീപ്പേജ് വെള്ളത്തിനൊപ്പം നിർമ്മാണ സാമഗ്രിയായ സുർക്കി മിശ്രിതം ഒലിച്ചുപോകുന്നുവെന്ന് കണ്ടെത്തി.
1928 ഒക്ടോബർ 17 മുതൽ 26വരെ മുല്ലപ്പെരിയാർ അണക്കെട്ട് വിശദമായി പരിശോധിച്ച ഇറിഗേഷൻ ചീഫ് എൻജിനിയർ ബ്രിട്ടീഷുകാരനായ എൽ.എച്ച്. ഗ്രഗ് റിപ്പോർട്ട് തയ്യാറാക്കി. സുർക്കി നഷ്ടപ്പെട്ടതിനാൽ അണക്കെട്ടിന്റെ ജലമുഖത്തെ പ്ലാസ്റ്ററിംഗിൽ നിരവധി വിടവുകളുണ്ടായി. ഇതിലൂടെ ഡാം ഭിത്തിക്കുള്ളിലേക്ക് ജലം തള്ളിക്കയറിയെന്നും അണക്കെട്ടിന്റെ മുകളിൽ വീഴുന്ന മഴവെള്ളവും ഭിത്തിക്കുള്ളിലേക്ക് അരിച്ചിറങ്ങാൻ സാദ്ധ്യതയുണ്ടെന്നുമായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. ഇത് അടിയന്തരമായി പരിഹരിക്കുന്നതിന് ജലമുഖത്ത് മുക്കാലിഞ്ച് ഘനത്തിൽ സിമന്റ് പ്ലാസ്റ്ററിംഗും പുറംതോട് തുരന്ന് ഭിത്തിക്കുള്ളിൽ ഉയർന്ന സമ്മർദ്ദത്തിൽ സിമന്റ് ഗ്രൗട്ടിംഗും നടത്തണമെന്നും ശുപാർശചെയ്തു.
എന്നാൽ, അണക്കെട്ട് തുരന്ന് ഗ്രൗട്ടിംഗ് നടത്തുന്നത് വിഡ്ഢിത്തമാണെന്നും അണക്കെട്ടിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി ചീഫ് എൻജിനിയർ ഡോവ്‌ലേ രംഗത്തുവന്നു. ഇതവഗണിച്ച് അണക്കെട്ടിന്റെ അടിത്തട്ടിൽ നിന്ന് 136അടിക്ക് മുകളിൽ പാരപ്പറ്റിൽനിന്ന് 20അടി താഴ്ചയിൽ തുരന്ന് സിമന്റ് ഗ്രൗട്ടിംഗ് നടത്തി. 1931 മാർച്ച് 5ന് ഈ അറ്റകുറ്റപ്പണി പൂർത്തിയാക്കി.
ദീർഘകാലത്തേക്ക് അണക്കെട്ടിലെ ചോർച്ച തടയാൻ അത് പര്യാപ്തമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ 1950 ആയപ്പോഴേക്ക് വീണ്ടും ചോർച്ചയുടെ അളവു കൂടി. 1928ലേതിനേക്കാൾ 12 ഇരട്ടി സിമന്റ് ഉപയോഗിച്ചാണ് അന്ന് ഈ ചോർച്ച അടച്ചത്. എന്നിട്ടും തീരാത്ത ചോർച്ചയാണ് 1980 മുതൽ, പുതിയ
അണക്കെട്ടെന്ന കേരളത്തിന്റെ വാദത്തിന്റെ ബലമേകിയത്.
തമിഴ്നാടിന്റെ വാദം
അണക്കെട്ട് അപകടാവസ്ഥയിലാണെന്നത് കേരളത്തിന്റെ കെട്ടുകഥയാണെന്നാണ് തമിഴ്നാട് വാദിക്കുന്നത്. കാലപ്പഴക്കംകൊണ്ട് ദുർബലമായ സുർക്കി അണക്കെട്ടിനെ താങ്ങിനിറുത്താൻ 1980- 95 കാലത്ത് പുതിയ കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചതുകൊണ്ട് എല്ലാം ഭദ്രമായെന്നാണ് തമിഴ്നാട് ധരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |