SignIn
Kerala Kaumudi Online
Sunday, 15 September 2024 5.04 AM IST

നൃത്തത്തിനായി സമർപ്പിച്ച ജീവിതം

Increase Font Size Decrease Font Size Print Page
yamini-krishnamoorthy

ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും അസാമാന്യമായ വ്യക്തിമുദ്ര പതിപ്പിച്ച നർത്തകി യാമിനി കൃഷ്‌ണമൂർത്തിയുടെ വിയോഗം ഇന്ത്യൻ ക്ളാസിക്കൽ നൃത്തരംഗത്തിന് ഒരു വലിയ നഷ്ടമാണ്. നൃത്തകലയിൽ നാലു പതിറ്റാണ്ടോളം നീണ്ട സമർപ്പിത ജീവിതമാണ് യാമിനി നയിച്ചത്. വിവാഹംപോലും വേണ്ടെന്നുവച്ച് മുഴുവൻ സമയവും നൃത്തത്തിനു വേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു ആ ജീവിതം. ആന്ധ്രയിലെ മദനപ്പള്ളിയിൽ സംസ്‌കൃത പണ്ഡിതനായ എം. കൃഷ്‌ണമൂർത്തിയുടെ മകളായി 1940 ഡിസംബർ 20നാണ് ജനനം. ആന്ധ്രയിലാണെങ്കിലും കുട്ടിക്കാലം ചെലവഴിച്ചത് തമിഴ്‌നാട്ടിലെ ചിദംബരത്തായിരുന്നു. നടരാജ വിഗ്രഹം തൊഴുതു വണങ്ങുന്ന കുട്ടിക്കാലത്താണ് തനിക്കും നർത്തകിയായി മാറണമെന്ന ആഗ്രഹം യാമിനിയിൽ ഉടലെടുത്തത്. അച്ഛൻ കൃഷ്‌ണമൂർത്തി മകളെ ആഗ്രഹ സംപൂർത്തിക്കായി ചെന്നൈയിലെ കലാക്ഷേത്ര നൃത്തവിദ്യാലയത്തിൽ ചേർത്തത് വഴിത്തിരിവായി.

അവിടെ, കലാക്ഷേത്ര സ്ഥാപക രുഗ്‌മിണി അരുണ്ടേൽ, കാഞ്ചീപുരം എല്ലപ്പ പിള്ള, തഞ്ചാവൂർ കിട്ടപ്പ പിള്ള, ദണ്ഡായുധപാണി, മൈലാപ്പൂർ ഗൗരിഅമ്മ തുടങ്ങിയവരുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ചു. മൈലാപ്പൂരിലെ കാപാലീശ്വരം ക്ഷേത്രത്തിൽ 1957-ലാണ് ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചത്. യാമിനി കൃഷ്ണമൂർത്തിക്കു ലഭിച്ച ഏറ്റവും ഉയർന്ന ബഹുമതി തിരുപ്പതി ദേവസ്ഥാനത്തെ ആസ്ഥാന നർത്തകി എന്ന പദവിയാണ്. രണ്ടു വനിതകളെ മാത്രമാണ് തിരുപ്പതി ദേവസ്ഥാനം ഈ ബഹുമതി നൽകി ആദരിച്ചിട്ടുള്ളത്. മറ്റൊരാൾ ആസ്ഥാന ഗായികാ പദവി ലഭിച്ച എം.എസ്. സുബ്ബുലക്ഷ്‌മിയാണ്. ബാലസരസ്വതി എന്ന ഭരതനാട്യ ഇതിഹാസത്തിന്റെ നൃത്തം ചെറുപ്രായത്തിൽത്തന്നെ കാണാനിടയായത് താൻ അതുവരെ പഠിച്ച ഭരതനാട്യത്തിന്റെ സാങ്കേതികത്തികവിനപ്പുറം ഭാവതലങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യകത യാമിനിയെ ബോദ്ധ്യപ്പെടുത്തി. അതിനായി വിവിധ ഗുരുക്കന്മാരുടെ ശിഷ്യത്വത്തിൽ കഠിനമായ പരിശീലനമാണ് അവർ നടത്തിയത്.

യാമിനിയുടെ രൂപസൗന്ദര്യവും പുരാണങ്ങളിൽ നിന്നും മറ്റും അച്ഛൻ തിരഞ്ഞെടുക്കുന്ന ഏടുകളുടെ നൃത്താവിഷ്‌കാരവും നൃത്തത്തിനു മുൻപുള്ള വിവരണവും മറ്റും ആസ്വാദകർക്ക് പുതിയ അനുഭവമായിരുന്നു. അങ്ങനെ ഭരതനാട്യത്തിൽ അറിയപ്പെട്ടു തുടങ്ങിയപ്പോഴാണ് കുച്ചിപ്പുടിയുടെ നാടായ ആന്ധ്രയിൽ ജനിച്ച പെൺകുട്ടി കുച്ചിപ്പുടി പഠിക്കാത്തതെന്തേ എന്ന് ഗുരു വേദാന്തം ലക്‌ഷ്‌മി നാരായണ ശാസ്‌ത്രി ചോദിച്ചത്. ഈ ചോദ്യമാണ് കുച്ചിപ്പുടിയിലേക്ക് യാമിനിയെ തിരിച്ചുവിട്ടത്. ശാസ്‌ത്രിക്കു കീഴിൽത്തന്നെ യാമിനി കുച്ചിപ്പുടി പഠിച്ചു. നാടോടിനൃത്തമായി കണ്ട കുച്ചിപ്പുടിയെ പുരുഷന്മാരിൽ നിന്ന് ഏറ്റുവാങ്ങി ആധുനീകരിക്കുകയും ചെയ്തു. പിന്നീടാണ് കേളുചരൺ മഹാപാത്രയെപ്പോലുള്ള അതുല്യ കലാകാരനിൽ നിന്ന് ഒഡിസി പഠിച്ചത്. ആസ്വാദകരെ ത്രസിപ്പിച്ച നർത്തകിയായിരുന്നു യാമിനി. പാരമ്പര്യത്തിൽ നിന്ന് വ്യതിചലിക്കാതെ ജനകീയമാക്കാൻ കഴിഞ്ഞതാണ് അവരുടെ മഹിമ.

ഒരുകാലത്ത് ഇന്ത്യൻ നൃത്തത്തിന്റെ ലോക മുഖമായിരുന്നു യാമിനി. അവർ നൃത്തം ചെയ്യാത്ത രാജ്യങ്ങളില്ല. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും അവർ പുലർത്തിയിരുന്ന അവഗാഹം അദ്വിതീയമായിരുന്നു. അറുപതുകളിലും എഴുപതുകളിലും നൃത്തവേദികൾ കൈയടക്കിയ അവർ പിന്നീട് തൊണ്ണൂറുകളിൽ നൃത്തം പഠിപ്പിക്കുന്നതിന് ഡൽഹിയിൽ നൃത്താലയം തുടങ്ങുകയായിരുന്നു. പ്രശസ്ത ഭരതനാട്യ നർത്തകി രമാ വൈദ്യനാഥൻ പ്രമുഖ ശിഷ്യയാണ്. 'എ പാഷൻ ഫോർ ഡാൻസ്" ആണ് യാമിനി കൃഷ്‌ണമൂർത്തിയുടെ ആത്മകഥ. 1968-ൽ പദ്‌മശ്രീയും 2001-ൽ പദ്‌മഭൂഷണും 2016-ൽ പദ്‌മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 'ഞാൻ നർത്തകിയാണ്, നർത്തകി മാത്രമാണ്. എന്റെ ഭൂതവും വർത്തമാനവും ഭാവിയും നൃത്തത്തിനായി മാത്രമാണ്" എന്ന് അവർ ആത്മകഥയിൽ രേഖപ്പെടുത്തിയതിൽ അതിശയോക്തി ഒട്ടുമില്ല. അവസാന കാലങ്ങളിൽ സമൂഹത്തിന്റെ വെള്ളിവെളിച്ചങ്ങളിൽ നിന്നകന്ന് ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്. എൺപത്തിമൂന്നാം വയസിൽ ഭൂമിയിലെ അരങ്ങുവിട്ട ആ പ്രതിഭ സർഗാത്‌മകതയും സമർപ്പണവും ഒരുപോലെ ഇഴുകിച്ചേർന്ന അപൂർവം നർത്തകിമാരിൽ ഒരാളായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.