ന്യൂഡൽഹി: മലയാളി വിദ്യാർത്ഥിയുൾപ്പെടെ മൂന്നു പേർ ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ മരിച്ചതിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഡൽഹിയിലെ പല കോച്ചിംഗ് സെന്ററുകളും കൈയേറ്റവും അനധികൃത നിർമ്മാണങ്ങളും നടത്തി മരണം വിതയ്‌ക്കുന്ന ഇടങ്ങളായെന്ന് (ഡെത്ത് ചേംബർ) ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കേസിൽ കേന്ദ്ര-ഡൽഹി സർക്കാരുകൾക്ക് നോട്ടീസയയ്ക്കാൻ ഉത്തരവിട്ടു. പരിശീലന കേന്ദ്രങ്ങളിലെ സുരക്ഷയ്‌ക്കായി സ്വീകരിച്ച നടപടികളും, പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളും അറിയിക്കണം. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ഡൽഹിയിൽ പഠിക്കാനെത്തുന്ന യുവതയുടെ ജീവൻ അപഹരിക്കുകയാണ്. ഓൾഡ് രജീന്ദർ നഗറിലെ പരിശീലന കേന്ദ്രത്തിലുണ്ടായ സംഭവം എല്ലാവരുടെയും കണ്ണു തുറപ്പിക്കണം.
2021ലെ ഡൽഹി മാസ്റ്റർപ്ലാൻ പ്രകാരമുള്ള സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പാക്കും വരെ കോച്ചിംഗ് സെന്ററുകൾ ഓൺലൈൻ ക്ലാസ് നടത്തുന്നതാണ് ഉചിതം. ഇവിടെ കൃത്യമായ വായു സഞ്ചാരം, സുരക്ഷിതമായ കവാടം, വെളിച്ചം എന്നിവ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
പിഴ ഒരു ലക്ഷം
ഫയർ സേഫ്റ്റി ചട്ടങ്ങൾ പാലിക്കാത്ത മുഖർജി നഗറിലെ പരിശീലന കേന്ദ്രങ്ങൾ പൂട്ടാനുള്ള ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ കോച്ചിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. ഫെഡറേഷന് ഒരു ലക്ഷം രൂപ പിഴയുമിട്ടു. തുക സുപ്രീംകോടതി ബാർ അസോസിയേഷനിലും, അഡ്വക്കേറ്റ്സ് ഓൺ റെക്കാഡ് അസോസിയേഷനിലും തുല്യമായി കെട്ടിവയ്‌ക്കണം. അപ്പീൽ പരിഗണിക്കുമ്പോഴാണ് മൂന്നു പേർ മരിച്ച സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. ജൂലായ് 27ന് രാത്രിയിൽ റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിൾ സ്ഥാപനത്തിലുണ്ടായ ദുരന്തം സംബന്ധിച്ച അന്വേഷണം കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതി സി.ബി.ഐയ്‌ക്ക് വിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |