
ദുബായ്: ദുബായിയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ പ്രീമിയം വിമാന സർവീസ് നിറുത്തലാക്കുന്നു. ദുബായിയിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസാണിത്. മാർച്ച് ഇരുപത്തെട്ടുവരെമാത്രമായിരിക്കും സർവീസ് ഉണ്ടാവുക എന്നാണ് കമ്പനിവൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ ഇതിനുള്ള കാരണം വ്യക്തമല്ല.
ഇപ്പോഴത്തെ സർവീസിന് പകരമായി മാർച്ച് 29 മുതൽ എയർ ഇന്ത്യ എക്സ്‌പ്രസായിരിക്കും സർവീസ് നടത്തുക എന്നാണ് കമ്പനി അറിയിക്കുന്നത്. സിനിമാതാരങ്ങളും ബിസിനസുകാരും അടക്കമുള്ള പ്രീമിയം യാത്രക്കാർ വൻതോതിൽ ആശ്രയിച്ചിരുന്ന സർവീസാണ് അവസാനിപ്പിക്കുന്നത്. എയർ ഇന്ത്യയുടെ ഈ പിന്മാറ്റം മറ്റ് വിമാന കമ്പനികൾക്ക് സഹായകമാകും.
29 മുതൽ ആരംഭിക്കുന്ന സർവീസിൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണവും അധിക ബാഗേജ് സൗകര്യവും ലഭ്യമാകില്ല. മാത്രമല്ല വിമാനത്തിനുള്ളിലെ വിനോദ പരിപാടികളും എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ലഭ്യമാകില്ല. പ്രീമിയം ക്യാബിൻ, ലോഞ്ച് സൗകര്യം എന്നിവയെയും പ്രതികൂലമായി ബാധിക്കും.
കൊച്ചിക്കുപുറമേ ദുബായിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള സർവീസും അവസാനിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതും കമ്പനിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുകയും മറ്റുവിമാന കമ്പനിക്കാർക്ക് നേട്ടത്തിനുള്ള അവസരം ഉണ്ടാക്കുകയും ചെയ്യും. ഈ സർവീസ് അവസാനിപ്പിക്കാനുള്ള കാരണവും വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |