
സൂറത്ത്: പുതുതായി നിർമ്മിച്ച കുടിവെള്ള ടാങ്ക് തകർന്ന സംഭവത്തിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥരടക്കം എട്ടുപേർ അറസ്റ്റിൽ. സൂറത്തിലെ തഡ്‌കേശ്വറിലുള്ള ഗുജറാത്ത് വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ജിഡബ്ലിയുഎസ്എസ്ബി) ഉദ്യോഗസ്ഥരും കരാറുകാരും കൺസൾട്ടൻസി ജീവനക്കാരുമാണ് അധികൃതരുടെ നടപടിയെ തുടർന്ന് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജിഡബ്ലിയുഎസ്എസ്ബി ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
ജയന്തി സൂപ്പർ കൺസ്ട്രക്ഷൻ ഉടമ ജയന്തി പട്ടേൽ (61), നിർമ്മാണ പങ്കാളി ബാബു പട്ടേൽ (61), കമ്പനി പ്രതിനിധികളായ ജാസ്മിൻ (32), ധവാൽ (35), പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി ജീവനക്കാരായ ബാബു മണി പട്ടേൽ (63), ജിഗർ പ്രജാപതി (34), ജിഡബ്ലിയുഎസ്എസ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അങ്കിത് ഗരാസിയ ഡെപ്യൂട്ടി എഞ്ചിനീയർ ജയ് ചൗധരി എന്നിവരാണ് അറസ്റ്റിലായത്.
14ഓളം ഗ്രാമങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള 21 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് ടാങ്ക് നിർമ്മിച്ചത്. 15മീറ്റർ ഉയരവും 11ലക്ഷം ലിറ്റർ സംഭരണശേഷിയുമുള്ള ടാങ്കാണിത്. ടാങ്കിന്റെ ബലം പരിശോധിക്കാൻ രണ്ടു ദിവസങ്ങളിലായി ഒമ്പത് ലക്ഷം ലിറ്റർ വെള്ളം നിറച്ചിരുന്നു. ഇതിനിടയിലാണ് കൂറ്റൻ ടാങ്ക് തകർന്നു വീണത്. ഒരു കോടി രൂപ ചെലവ് കണക്കാക്കിയ ടാങ്കിന് ഇതിനോടകം 83 ലക്ഷം രൂപ കരാറുകാർക്ക് നൽകിക്കഴിഞ്ഞിരുന്നു. അഴിമതി, വിശ്വാസവഞ്ചന, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലുള്ള അശ്രദ്ധമായ പ്രവർത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അപകടകാരണം കണ്ടെത്താൻ സൂറത്തിലെ എസ്‌വിഎൻഐടി, വഡോദരയിലെ ഗെറി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ സംഘം പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. നിർമ്മാണത്തിന് ഉപയോഗിച്ച സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുമെന്നും സാങ്കേതിക റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും സൂറത്ത് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |