അബുദാബി: യുഎഇയിൽ എത്തുന്ന പാകിസ്ഥാനികളോട് ജോലി അന്വേഷിക്കരുതെന്ന് നിർദേശം. ടൂറിസ്റ്റ് വിസയിൽ യുഎഇയിലെത്തുന്ന പാക് പൗരന്മാരോടാണ് ജോലി തേടരുതെന്ന് യുഎഇയിലെ പാകിസ്ഥാൻ അംബാസിഡർ ഫൈസൽ നിയാസ് തിർമിസി നിർദേശിക്കുന്നത്. ഹോട്ടൽ താമസം, റിട്ടേൺ ടിക്കറ്റുകൾ, ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട വിസിറ്റ് വിസയ്ക്കാവശ്യമായ കാര്യങ്ങൾ കൃത്യമായി ലഭ്യമാക്കണം. യുഎഇയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും പാക് പൗരന്മാരോട് അംബാസിഡർ വ്യക്തമാക്കി.
'വിസിറ്റ് വിസിൽ യുഎഇയിൽ എത്തുന്ന പാക് പൗരന്മാരുടെ കൈവശം റിട്ടേൺ ടിക്കറ്റ്, 3000 ദിർഹം, താമസ സൗകര്യത്തിന്റെ രേഖകൾ എന്നിവയുണ്ടായിരിക്കണം. എന്നാൽ ടൂറിസ്റ്റ് വിസയിൽ വരുന്നവർ വിനോദ സഞ്ചാരത്തിൽ മാത്രം ഏർപ്പെടണം. ടൂറിസ്റ്റ് വിസയിലെത്തുന്നവർ ജോലി തേടാൻ ശ്രമിക്കരുത്. ജോലി ലക്ഷ്യംവച്ച് വരുന്നവർ എംപ്ളോയ്‌മെന്റ് വിസയിൽ മാത്രം വരിക'- ഫൈസൽ നിയാസ് തിർമിസി നിർദേശിച്ചു.
ടൂറിസ്റ്റ് വിസയിൽ യുഎഇയിലേക്ക് വരുന്നവരെ വിമാനത്താവളത്തിൽ പരിശോധിച്ച് ആവശ്യമായ രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പാകിസ്ഥാൻ സർക്കാരിനോട് നിർദ്ദേശിച്ചതായി അംബാസഡർ പറഞ്ഞു. ഏകദേശം 1.7 ദശലക്ഷം പാകിസ്ഥാനികളാണ് യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്. 3.7 ദശലക്ഷമുള്ള ഇന്ത്യൻ പ്രവാസികൾ കഴിഞ്ഞാൽ യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹമാണ് പാകിസ്ഥാനികൾ.
ബ്യൂറോ ഓഫ് എമിഗ്രേഷൻ ആൻഡ് ഓവർസീസ് എംപ്ലോയ്‌മെന്റ് , ഓവർസീസ് എംപ്ലോയ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം 2,30,000ലധികം പാകിസ്ഥാനികളാണ് തൊഴിൽ തേടി യുഎഇയിലേക്ക് കുടിയേറിയത്. 2023ൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മൊത്തം ആളുകളുടെ 26.77 ശതമാനം പാകിസ്ഥാനികളാണ്. ജോലിക്കും വിനോദസഞ്ചാരത്തിനുമായി പ്രതിവർഷം 6,00,000 മുതൽ 8,00,000 വരെ പാക്കിസ്ഥാനികളാണ് വിദേശത്തേക്ക് പോകുന്നത്. ഇതിൽ കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ജിസിസി രാജ്യങ്ങൾ (ഗൾഫ്), യൂറോപ്പ്, യു.എസ് എന്നിവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |