പാരീസ്: പാരീസ് ഒളിമ്പിക്സിൽ നിന്ന് ഗുസ്തി താരം വിനേഷ് ഫോഗാട്ടിനെ അയോഗ്യയാക്കാൻ സാദ്ധ്യത. രാവിലെ നടന്ന ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. അനുവദനീയം ആയതിലും 100 ഗ്രാം ഭാരം കൂടുതലാണെന്നാണ് കണ്ടെത്തൽ. വിനേഷിന് ഒളിമ്പിക്സ് മെഡൽ നഷ്ടമാകും.
വനിതകളുടെ ഗുസ്തിയിലെ 50 കിലോ വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചിരുന്നത്. ഇന്നലെ സെമി ഫൈനലിൽ ക്യൂബയുടെ യൂസ്നെയിൽസ് ഗുസ്മാനെ 5-0ത്തിന് തോൽപ്പിച്ചാണ് വിനേഷ് ഫൈനലിലെത്തിയത്. ഇന്ന് രാത്രി പന്ത്രണ്ടേമുക്കാലിനാണ് വിനേഷിന്റെ ഫൈനൽ. തുടർന്ന് ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയിൽ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
രാത്രി മുഴുവൻ ടീം പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ ഭാരം 50 കിലോഗ്രാമിൽ കൂടുതലായി. ഈ സമയം കൂടുതൽ അഭിപ്രായങ്ങളൊന്നും നടത്തുന്നില്ല. വിനേഷിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇന്ത്യൻ ടീം അഭ്യർത്ഥിക്കുന്നു. മറ്റ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത്',- ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചു. മത്സര നിയമങ്ങൾ അനുസരിച്ച് വെള്ളി മെഡലിന് പോലും വിനേഷിന് ഇനി യോഗ്യതയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |