കോഴിക്കോട്: അമീബിക് മസ്തിഷ്ത ജ്വരം ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലായിരുന്ന നാലുവയസുകാരൻ രോഗം ഭേദമായി ആശുപത്രി വിട്ടു. അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണ് നാലുവയസുകാരൻ.
ജൂലായ് 13നാണ് കടുത്ത പനി, തലവേദന എന്നീ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ പരിശോധനയിൽ കുട്ടിക്ക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സ ആരംഭിച്ചു. പി.സി.ആർ പരിശോധനയിലും നൈഗ്ലേറിയ ഫൗളറി എന്ന അമീബയാണെന്ന് ഉറപ്പാക്കിയിരുന്നു. ചികിത്സയുടെ എട്ടാംദിവസം സ്രവം നോർമലായി. 24 ദിവസത്തോളമായിരുന്നു കുട്ടി ചികിത്സയിലിരുന്നത്.
ജൂലായ് 22ന് അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന തിക്കൊടി സ്വദേശി അഫ്ഗാൻ ജാസിം എന്നി പതിന്നാലുകാരൻ രോഗമുക്തി നേടിയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിച്ച ഇന്ത്യയിലെ ആദ്യത്തെ കേസുകൂടിയായിരുന്നു ഇത്.
അതേസമയം തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. പ്രത്യേക എസ്.ഒ.പി തയ്യാറാക്കിയാണ് ചികിത്സ നൽകുന്നത്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയ്ക്ക് വിധേയമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. കുളത്തിലെ വെള്ളമോ നീരാവിയോ നേരിട്ട് മൂക്കിലേക്ക് വലിച്ചെടുക്കുന്ന ആളുകൾക്കും ഈ രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണ്.
മരണമടഞ്ഞയാളെ കൂടാതെ തിരുവനന്തപുരത്ത് നിലവിൽ ആറുപേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ആദ്യ രോഗിയ്ക്ക് എങ്ങനെ രോഗമുണ്ടായി എന്ന ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് രോഗം വരാൻ സാദ്ധ്യതയുള്ള മറ്റുള്ളവരെ കണ്ടെത്തിയത്. ഇവർക്ക് രോഗ ലക്ഷണങ്ങളായ തലവേദന, കഴുത്തിന് പിന്നിലുണ്ടായ വേദനയും ഉണ്ടായപ്പോൾ തന്നെ നട്ടെല്ലിലെ സ്രവ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ച് ചികിത്സ ഉറപ്പാക്കാൻ സാധിച്ചു. 2 പേർക്ക് രോഗം സംശയിക്കുപ്പെടുന്നുമുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ഇവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും പായൽ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയിൽ സമ്പർക്കമുണ്ടായ ആൾക്കാരാണ്. ഈ ഒരാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |