പാലോട്: മടത്തറ സ്വദേശിയായ റിട്ട.എസ്.ഐയുടെ പുകപ്പുരയിൽ നിന്ന് റബർ ഷീറ്റുകൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ഒറ്റശേഖരമംഗലം മണ്ഡപത്തിൻകടവ് ചാനൽക്കര കൊറ്റാമത്ത് വീട്ടിൽ നിന്ന് ആനാട് പുനവകുന്ന് വാഴവിള പ്രവീൺ നിവാസിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഷിജുവിനെയാണ് (26) പാലോട് പൊലീസ് പിടികൂടിയത്. ഇയാളുടെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടോളം മോഷണക്കേസുകളുണ്ട്. വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തു നിന്ന് ഒന്നിലധികം മോഷണങ്ങൾ നടത്തിയശേഷം താമസം മാറുന്ന രീതിയാണ് ഇയാളുടേത്. മടത്തറയിലെ മോഷണശേഷം ആറ്റിങ്ങലിലേക്ക് താമസം മാറിയിരുന്നു.സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
മടത്തറയിൽ മോഷണം നടത്തിയശേഷം നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഞ്ഞക്കോട്ട് മൂല,വലിയമല സ്റ്റേഷൻ പരിധിയിലെ ഐ.എസ്.ആർ.ഒ ജംഗ്ഷൻ എന്നിവിടങ്ങളിലും ഇയാൾ മോഷണം നടത്തിയിരുന്നു. മോഷണം നടത്തിയശേഷം ആഡംബര ജീവിതം നയിക്കുന്നതായിരുന്നു രീതി.
നെടുമങ്ങാട് ഡിവൈ.എസ്.പി അരുൺ കെ.എസിന്റെ നിർദ്ദേശപ്രകാരം പാലോട് എസ്.എച്ച്.ഒ അനീഷ് കുമാർ,എസ്.ഐ ശ്രീനാഥ്,ജി.എസ് സി.പി.ഒമാരായ അനീഷ്,വിനീത്,അരുൺ,മുഹമ്മദ് റസ്സിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |