വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 221 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ 400ലേറെ പേര്‍ മരിച്ചിട്ടുണ്ടെന്നും അത്രതന്നെ ആളുകളെ കാണാതായിട്ടുണ്ടെന്നും അനൗദ്യോഗിക കണക്കുകളും പറയുന്നു. 30 ജൂലായ് 2024 രാത്രിയില്‍ ഉണ്ടായ ദുരന്തത്തിന് ശേഷം പല ദിവസങ്ങള്‍ കഴിഞ്ഞാണ് ഒട്ടേറെ മൃതദേഹങ്ങള്‍ ചാലിയാറില്‍ നിന്നും മറ്റും കണ്ടെടുക്കപ്പെട്ടിട്ടുള്ളത്.
തിരിച്ചറിയപ്പെടാനാവാത്ത വിധം ജീര്‍ണ്ണിച്ചും ചിതറിയ ശരീരഭാഗങ്ങളുമായാണ് മൃതദേഹങ്ങൾ ലഭിച്ചത്. മതത്തിന്റെയും ജാതിയുടെയും അതിരുകള്‍ക്കപ്പുറം ഒരു തേയിലത്തോട്ടത്തില്‍ അവരൊക്കെ ഇനി ഒന്നിച്ചുറങ്ങും. ഉരുള്‍ ദുരന്തത്തില്‍ കഷ്ടിച്ചു രക്ഷപ്പെട്ടവര്‍ക്ക് മുന്നില്‍ ജീവിതം പക്ഷേ വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. ഇതുവരെ സാമ്പാദിച്ചതും നേടിയതുമെല്ലാം പ്രളയം കൊണ്ടുപോയവര്‍ക്ക് മുന്നില്‍ ഭാവി ഉത്തരമില്ലാതെ നില്‍ക്കുകയാണ്.
ഈ നിസ്സഹായവസ്ഥയിൽ അവര്‍ക്ക് പുനരധിവാസമൊരുക്കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വവും കടമയുമാണ്. സഹജീവിസ്നേഹം പകര്‍ന്നു നല്‍കിയാല്‍ മാത്രമേ ദുരന്തബാധിതര്‍ക്ക് ഇനി ഉയിര്‍ത്തെഴുന്നേല്പ് സാദ്ധ്യമാകുകയുള്ളൂ. വയനാട് മലനിരകള്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ടം അതീവ പരിസ്ഥിതിലോല പ്രദേശമാണെന്നും ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഈ പ്രദേശങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ പണ്ടേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. പശ്ചിമഘട്ട സംരക്ഷണത്തിന് കടുത്ത നിയന്ത്രണം വേണമെന്ന് ശുപാര്‍ശ ചെയ്ത മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനെതിരെ കടുത്ത എതിര്‍പ്പാണ് കേരളത്തില്‍ ഉയര്‍ന്നത്. അതേതുടര്‍ന്ന് യു.പി.ഐ സര്‍ക്കാര്‍ ഡോ. കസ്തൂരി രംഗന്‍ സമിതിയെ പഠനത്തിനായി നിയോഗിച്ചു.
ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനെ മയപ്പെടുത്തി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും വിയോജിപ്പ് തുടരുകയായിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ വി. ഉമ്മന്‍ സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപ്പോഴും എതിര്‍പ്പും വിവാദങ്ങളും ബാക്കിയായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം 9993.7 ചതുരശ്ര കിലോമീറ്ററാണ് കേരളത്തില്‍ പരിസ്ഥിതി ലോല പ്രദേശമായി നിശ്ചയിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 9993.7 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 1337.24 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കണമെന്ന നിലപാടായിരുന്നു കേരളം കൈക്കൊണ്ടത്. കേരളത്തിന്റെ ഈ ആവശ്യം കേന്ദ്രം അംഗീകരിച്ചതുമില്ല. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ആറാമതും പുറത്തിറക്കിയിട്ടും കേരളം മുന്‍ നിലപാടില്‍ മാറ്റം വരുത്തിയിരുന്നില്ല.
ഇപ്പോള്‍ ദുരന്തം സംഭവിച്ചിരിക്കുന്ന വയനാട്ടിലെ നൂല്‍പ്പുഴ ഉള്‍പ്പെടെയുള്ള 13 ഗ്രാമങ്ങള്‍ കേന്ദ്രത്തിന്റെ കരട് വിജ്‍ഞാപനത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് . കേരളത്തിലെ 8656.46 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇളവുകളില്ലാത്ത പരിസ്ഥിതി ലോല മേഖലയായും 1337.24 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇളവുകളുള്ള പരിസ്ഥിതി ലോല മേഖലയായും പരിഗണിക്കാമെന്നാണ് കേന്ദ്ര സമീപനം. ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈ - ചൂരൽമല പ്രദേശത്തോട് ചേർന്ന മലനിരകളിലെ അനിയന്ത്രിതമായ ടൂറിസം നിർമ്മാണ പ്രവർത്തനങ്ങൾ ഉരുൾപൊട്ടലിന് വഴിവയ്ക്കാമെന്ന് വിദഗദ്ധ സമിതികൾ ഒരു വർഷം മുൻപേ റിപ്പോർട്ട് നൽകിയിരുന്നു.
മുപ്പതോളം റിസോർട്ടുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ സസ്യജന്തുജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രതികൂലമായി ബാധിക്കുന്നുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി പ്രത്യേക സമിതിയെ പരിശോധനക്ക് നിർദ്ദേശിച്ചത്.
വയനാട്ടില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ അനധികൃത കുടിയേറ്റവും പാറ ഖനനവും നടന്നതാണ് പ്രകൃതി ദുരന്തത്തിന് വഴിവച്ചതെന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് പറയുന്നു. "കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വയനാട്ടില്‍ ഒരു വികസന പ്രവര്‍ത്തനത്തിനും പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. കള്ളാടി മുതല്‍ മേപ്പാടിവരെയുള്ള തുരങ്കപാതയുടെ നിര്‍മ്മാണത്തിന് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. അതിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുമില്ല. വയനാട്ടില്‍ അനധികൃത മനുഷ്യവാസത്തിന് പ്രാദേശിക രാഷ്ട്രീയക്കാര്‍ സംരക്ഷണം നല്‍കി. അതീവ ദുര്‍ബലമായ ഭൂപ്രദേശത്ത് കയ്യേറ്റം അനുവദിച്ചു " - മന്ത്രി ഭൂപേന്ദ്രയാദവ് ആരോപിക്കുന്നു.
നമ്മള്‍ കേരളീയ ജനത പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹരമായ ഈ ഭൂപ്രദേശത്തെ സംരക്ഷിക്കുവാന്‍ തുനിയുന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കേരളത്തിന് അതിന്റെ സ്വാഭാവിക വനാവരണം നഷ്ടപ്പെട്ടിരിക്കുന്നു. നദികളും മറ്റു ജലസ്രോതസുകളും നശിച്ചു. തെറ്റായ തരത്തിലുള്ള ഭൂവിനിയോഗം അനധികൃത ഖനനം, കുന്നുകൂടുന്ന മാലിന്യം എല്ലാം കേരളത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായിക്കഴിഞ്ഞു. മാധവ് ഗാഡ്ഗിലിനെപ്പോലുള്ള ജ്ഞാനവൃദ്ധന്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിക്കാനും അവമതിക്കാനുമാണ് അധികാരത്തിന് കുറുക്കുവഴികള്‍ തേടുന്ന രാഷ്ട്രീയ നേതൃത്വം ശ്രമിച്ചുപോന്നിട്ടുള്ളത്.
പശ്ചിമഘട്ട മലനിരകളെ സംരക്ഷിച്ചില്ലെങ്കില്‍ കേരളത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് മാധവ് ഗാഡ്ഗില്‍ ഓര്‍മ്മപ്പെടുത്തിയിട്ട് അധികകാലമായിട്ടില്ല. അദ്ദേഹം 2013ല്‍ പറഞ്ഞു - "പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങള്‍ ഒന്നും വേണ്ടാ, നാലോ അഞ്ചോ വര്‍ഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുന്നത് എന്ന് നിങ്ങള്‍ക്ക് തന്നെ മനസിലാകും."
ഇനിയിപ്പോള്‍ വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് സുരക്ഷിതമായി കഴിയുന്നവരുടെ കരുതലും സഹാനുഭൂതിയുമാണ് വേണ്ടത്. ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന അനധികൃത പ്രവൃത്തികള്‍ കണ്ടെത്തി നടപടികള്‍ കൈക്കൊള്ളുന്നതിന് താമസം പാടില്ല. ദുരിതബധിതരുടെ അതിജീവനത്തിനും പുനഃരധിവാസത്തിനും കൂട്ടായ സഹായങ്ങളാണ് നല്‍കേണ്ടത്. പ്രകൃതി ദുരന്ത ഭീഷണികള്‍ വയനാട്ടില്‍ മാത്രമല്ല, നിലനില്‍ക്കുന്നതെന്ന ചിന്തയും നമുക്കുണ്ടാവണം.
* ( ഫൊക്കാന മുൻ പ്രസിഡന്റും എം.ബി. എൻ ഫൗണ്ടേഷൻ - യു.എസ്.എ ചെയർമാനുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |