SignIn
Kerala Kaumudi Online
Wednesday, 16 October 2024 10.08 PM IST

ഓണം നിറം പകരുമോ?​ പ്രതീക്ഷയോടെ കൈത്തറി 

Increase Font Size Decrease Font Size Print Page
kannur-kaithari

തിറകളുടെയും തറികളുടെയും നാട് എന്നറിയപ്പെടുന്ന കണ്ണൂരിന് മാഞ്ചസ്റ്റർ ഒഫ് കേരള, ടെക്‌സ്റ്റെൽ സിറ്റി ഒഫ് കേരള എന്നീ വിളിപ്പേരുകളുമുണ്ട്. കൈത്തറിയുടെ പെരുമ 15-ാം നൂറ്റാണ്ടു മുതൽക്കെ ജില്ലയ്ക്കുണ്ട്. ദേശീയതയുടെ ആശയം ഇഴപാകി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാൻ സഹായിച്ച പാരമ്പര്യമുള്ള കൈത്തറിത്തൊഴിലാളികൾ ഇന്ന് ജീവിതത്തിന്റെ ഊടും പാവും തെറ്റി ദുരിതത്തിലാണ്. നെയ്ത്തുകാർക്ക് ആകർഷകമായ ഡിസൈനുകൾ സൃഷ്ടിക്കുന്നതിനുള്ള പരിശീലനവും നൽകി കൈത്തറി മേഖലയുടെ പ്രശസ്തി വീണ്ടെടുക്കാൻ നടപടികൾ ആലോചനയിലുണ്ടെങ്കിലും ഒന്നും കാര്യക്ഷമമല്ല. അടുത്തിടെ കളരി, തെയ്യം ഡിസൈനുകളിൽ ഷർട്ടുകളുള്ള കാൻലൂം ബ്രാൻഡ് ഓൺലൈൻ വിപണിയിലിറക്കിയപ്പോൾ പ്രതികരണം പ്രോത്സാഹജനകമായിരുന്നുവെങ്കിലും തുടർ നടപടികളുണ്ടായില്ല. ജീവിതത്തിന്റെ ഇഴപൊട്ടിയ കെെത്തറി തൊഴിലാളികളുടെ ജീവിതം തിരിച്ചു പിടിക്കാനായി ഫലപ്രദമായ നടപടികളാണ് ഇനി വേണ്ടത്.


കൂലി ലഭിച്ചിട്ട് ഏഴുമാസം

കൈത്തറി തൊഴിലാളികൾക്ക് കൂലി ലഭിച്ചിട്ട് ഏഴുമാസം കഴിഞ്ഞു. വിപണിയിലെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉയരാൻ സാധിക്കാത്തതിനാൽ ഏകദേശം പൂർണമായി കേന്ദ്ര, കേരള സർക്കാരുകളെ മാത്രം ആശ്രയിച്ചാണ് കൈത്തറി വ്യവസായം ഇപ്പോൾ നിലനിൽക്കുന്നത്. ഇതിനിടയിൽ കേന്ദ്ര സർക്കാർ റിബേറ്റ് നിറുത്തലാക്കിയതും ഉത്പാദനത്തെ ബാധിച്ചു .ഇപ്പോൾ, സംഘങ്ങൾക്ക് ആവശ്യത്തിനുള്ള നൂൽ ലഭിക്കുന്നില്ല. വാങ്ങുന്ന നൂലിന് 18 ശതമാനം ജി.എസ്.ടി കൂടി ഉൾപ്പെടുത്തിയതും പ്രതിസന്ധി കൂട്ടുന്നു. മേഖലയുടെ തക‍ർച്ച കണ്ട് പുതുതലമുറ മേഖലയിലേക്ക് വരുന്നുമില്ല. തൊഴിലാളികൾക്ക് സാമ്പത്തിക ഞെരുക്കം ഉണ്ടാകാതിരിക്കാനായി സംഘങ്ങൾ തന്നെ തൊഴിലാളികൾക്കായി സാമ്പത്തിക, നിക്ഷേപ പദ്ധതികൾ രൂപീകരിച്ചു നടപ്പാക്കുകയാണിപ്പോൾ.
കടുത്ത പ്രതിസന്ധിയിൽ ഏഴു മാസത്തെ കൂലി കുടിശികയായതോടെ കേരളത്തിലെ 360 കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളിലായി മുപ്പതിനായിരത്തോളം തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. മിക്ക സംഘങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. യൂണിഫോം പദ്ധതി നടത്തിപ്പിന് സംഘങ്ങൾക്ക് അനുവദിച്ച തുക 35രൂപയിൽ നിന്നും 2019ൽ 5 രൂപയായി കുറച്ചതും സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നു. തൊഴിലാളികൾക്ക് അഞ്ചു വർഷത്തെ പ്രൊഡക്ഷൻ ഇൻസെന്റീവ് കുടിശിക ലഭിക്കാനുണ്ട്. തുണി കൊടുത്ത വകയിൽ സംഘങ്ങൾക്ക് ഹാൻടെക്‌സ് നൽകാനുള്ളത് 35 കോടി രൂപയിലേറെ! തടഞ്ഞുവച്ച റിബേറ്റ് തുക വേറെയും. നൂല്‍, ചായം എന്നിവയുടെ വിലക്കയറ്റവും മേഖലയെ തളർത്തുന്നു. ഈ സാഹചര്യത്തിൽ കൈത്തറി മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന കൈത്തറി അസോസിയേഷൻ ആവശ്യപ്പെട്ടു.

ഓണം വിപണിയിൽ
പ്രതീക്ഷ കൈവിടാതെ

റിബേറ്റ് ലഭിക്കുന്നതിനാൽ ഓണം വിപണനമേളയിലാണ് ഇനി കൈത്തറി മേഖലയുടെ പ്രതീക്ഷ മുഴുവൻ. യുവാക്കൾക്കായി പലതരത്തിലുള്ള ഡിസൈൻ ഷർട്ടുകളും സാരികളും മറ്റു വസ്ത്രങ്ങളും തറികളിൽ തയാറായിക്കഴിഞ്ഞു.ഓണം അടുത്തതോടെ കൂടുതൽ കൈത്തറി വസ്ത്രങ്ങൾ വിപണിയിലെത്തിക്കുകയാണ് മുണ്ട്, ഷർട്ട്, സാരി, ചുരിദാർ, ബെഡ്ഷീറ്റ് തുടങ്ങിയവയാണ് വിപണിയിൽ എത്തിക്കുന്നത്. അതാത് വിപണന കേന്ദ്രങ്ങളിൽ നിന്നും ഓണം മേളകളിലൂടെയുമാണ് വിൽപന നടത്തുക. 20 ശതമാനം ഗവ. റിബേറ്റോടുകൂടിയാണ് വസ്ത്രങ്ങൾ വിൽക്കുന്നത്.

തൊഴിൽ ഉപേക്ഷിക്കുന്നു

മാസങ്ങളായി വേതനം കുടിശികയായതോടെ കൈത്തറി തൊഴിലാളികൾ തൊഴിലിനെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. നിരവധി പേർ തൊഴിലിനെ കൈവിട്ടു. പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സംസ്ഥാന ഹാൻഡ്‌ലൂം സൊസൈറ്റീസ് അസോസിയേഷൻ സർക്കാരിലേക്ക് നിരവധി നിവേദനങ്ങളയക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. കൂലി നിലച്ചതോടെ തൊഴിലാളികൾക്ക് പ്രൊവിഡന്റ് ഫണ്ട്, ഇ.എസ്.ഐ, ക്ഷേമനിധി എന്നിവയിലും പണമടക്കാൻ സാധിക്കാതെയായി. ഇതോടെ ഈ ആനുകൂല്യവും ഇവർക്ക് നഷ്ടമാകുന്ന സ്ഥിതിയാണ്.
കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ കയർ മേഖല കഴിഞ്ഞാൽ രണ്ടാം സ്ഥനം കൈത്തറി മേഖലയ്ക്കാണ്. സംസ്ഥാനത്തെ കൈത്തറി മേഖല പ്രധാനമായും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കൊല്ലം, കാസർകോട് ജില്ലകളുടെ ചില ഭാഗങ്ങളിലുമാണ് പ്രവർത്തിക്കുന്നത്. ഈ മേഖലയിലെ കൂടുതൽ തറികളും സഹകരണ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ചെറിയ ശതമാനം വ്യവസായ സംരംഭകരുടെ കൈകളിലാണ്. ഫാക്ടറി മാതൃകയിലും കുടിൽ മാതൃകയിലുമുള്ള സംഘങ്ങൾ ഉൾക്കൊള്ളുന്നതാണ് സഹകരണ മേഖല.
നെയ്ത്തിൽ നിന്നും ലഭിക്കുന്ന വേതനം വളരെ കുറവായതിനാൽ നെയ്ത്തുതൊഴിലാളികളിൽ പലരും ഇന്ന് തൊഴിലുറപ്പ് തൊഴിലാളികളായി. മാറിപിരിഞ്ഞുപോയവർക്ക് ആനുകൂല്യങ്ങൾ പോലും നൽകിയിട്ടില്ല. മറ്റു മേഖലകളിൽ വേതന വർദ്ധന നടപ്പാക്കാറുണ്ടെങ്കിലും കൈത്തറി -നെയ്ത്ത് മേഖലയിൽ കൂലി പുതുക്കൽ നടക്കുന്നില്ല. പ്രവർത്തന മൂലധന ക്ഷാമവും ഈ മേഖലയെ വല്ലാതെ അലട്ടുന്നുണ്ട്.

യൂണിഫോം പദ്ധതി
സഹായമായില്ല

കെെത്തറി സംഘങ്ങളെ സംരക്ഷിക്കാനാണ് സർക്കാർ കൈത്തറി യൂണിഫോം പദ്ധതി മുന്നോട്ട് വച്ചത്. ഈ പ്രഖ്യാപനം തൊഴിലാളികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ യൂണിഫോം ഉത്പ്പാദിപ്പിച്ച് കഴിഞ്ഞപ്പോൾ സർക്കാർ കൈമലർത്തുകയായിരുന്നു. 40 കോടിയോളം രൂപയാണ് ഈയിനത്തിൽ തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്. ഹാൻടെക്‌സിന് തുണി നൽകിയ വകയിലും സംഘങ്ങൾക്ക് വലിയ തുക ലഭിക്കാനുണ്ട്. കുടിശിക മുഴുവനായും നൽകി ഈ മേഖലയെ സഹായിക്കണമെന്നാണ് നെയത്തുകാരുടെ ആവശ്യം.


വേണം മികച്ച പുനരുദ്ധാരണ പാക്കേജ്

കൈത്തറി നെയ്ത്ത് മേഖലക്കായി ഒരു പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുവാൻ സർക്കാർ തയ്യാറായാൽ ഈ വ്യവസായത്തെയും, പരമ്പരാഗതമായി ഈ മേഖലയിൽ തൊഴിലെടുക്കുന്നവരെയും സംരക്ഷിക്കാൻ കഴിയും. കൂലി ഏകീകരണത്തിനായി ഒരു വേതന നയം നടപ്പാക്കണം. വനിതകൾക്ക് തൊഴിൽ പരിശീലനം നൽകി ഈ മേഖലയിലേക്ക് കൊണ്ടുവരണം. സംഘങ്ങൾക്ക് പ്രവർത്തന മൂലധനം നൽകുകയും, പുതുതലമുറയെ നെയ്ത്ത് മേഖലയിലേക്ക് കൊണ്ടുവരുകയും വേണം കൈകൊണ്ട് യന്ത്രസഹായമില്ലാതെ നെയ്‌തെടുക്കുന്ന മുണ്ടുകൾ, തോർത്തുകൾ, ബെഡ്ഷീറ്റുകൾ, സാരികൾ എന്നിവയ്ക്ക് നല്ല ഡിമാൻഡാണുള്ളത് എങ്കിലും തൊഴിലാളിക്ക് ന്യായമായ വേതനം ലഭിക്കുന്നില്ലെന്നതാണ് വിചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.