SignIn
Kerala Kaumudi Online
Sunday, 11 August 2024 12.45 AM IST

മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റ്

budha-dev-bhattacharya

രാഷ്ട്രീയ പ്രവർത്തനം ജനസേവനമാണെന്നും അത് തത്വാധിഷ്ഠിതമായ ആദർശശുദ്ധിയോടെ നിർവഹിക്കപ്പെടേണ്ടതാണെന്നും തെളിയിച്ച മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റിനെയാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്. ഇരുപത്തിമൂന്ന് വർഷം ബംഗാളിൽ അധികാരത്തിലിരുന്ന ഗോപുരസമാന വ്യക്തിത്വമുള്ള ജ്യോതിബാസുവിനു ശേഷം മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ബുദ്ധദേവും ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവാണ്. ഭാഷയിലും സാഹിത്യത്തിലുമുള്ള അറിവും ലാളിത്യത്തിലൂന്നിയ ജീവിതശൈലിയും അദ്ദേഹത്തെ വേറിട്ട നേതാവാക്കി മാറ്റി. വികസനം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഇപ്പോഴും പശ്ച‌ിമ ബംഗാൾ. കേരളത്തിലെത്തുന്ന എല്ലാ അന്യസംസ്ഥാന തൊഴിലാളികളെയും മലയാളികൾ പൊതുവെ ബംഗാളി എന്നാണ് വിളിക്കുന്നത്. കാരണം, മറ്റ് ജീവിതമാർഗങ്ങളും വരുമാനവും ഏറ്റവും കുറഞ്ഞ ഒരു സ്ഥലമായതിനാലാണ് ബംഗാളിൽ നിന്ന് ആളുകൾ കൂട്ടത്തോടെ മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലി തേടി പോകുന്നത്.

ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമെന്നത് മുൻകൂട്ടിക്കണ്ട് ബംഗാളിനെ വ്യവസായവത്‌ക്കരിക്കാനുള്ള ശ്രമം തുടങ്ങിയതാണ് ബുദ്ധദേവിന്റെ അധികാര നഷ്ടത്തിന് ഇടയാക്കിയത്. വ്യവസായത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രക്ഷോഭത്തിൽ ഇടതുപക്ഷത്തെ എതിർക്കുന്നവരെല്ലാം ഒന്നിച്ചു നിന്നപ്പോൾ സി.പി.എമ്മിന്റെ അവസാനത്തെ ബംഗാൾ മുഖ്യമന്ത്രിയായി അദ്ദേഹത്തിന് മാറേണ്ടിവന്നെങ്കിലും ഇന്നല്ലെങ്കിൽ നാളെ പശ്ചിമബംഗാളിന് രക്ഷപ്പെടാൻ തിരികെ ആ പാതയിലേക്കു തന്നെ പോകേണ്ടിവരുമെന്നതിനാൽ ബുദ്ധദേവ് ശരിയായിരുന്നു എന്ന് കാലം തെളിയിക്കാതിരിക്കില്ല. വ്യക്തിഗതമായ ഒരു നേട്ടത്തിനും വേണ്ടിയല്ല, സംസ്ഥാനത്തിന്റെയും അവിടത്തെ പാവപ്പെട്ട ജനങ്ങളുടെയും സർവതോമുഖമായ പുരോഗതി മാത്രം ലക്ഷ്യം വച്ചാണ് സിദ്ധാന്തത്തിനപ്പുറം പ്രായോഗിക മാർഗത്തിന് അദ്ദേഹം തുനിഞ്ഞത്.

1966-ലാണ് അദ്ദേഹം സി.പി.എമ്മിൽ അംഗമാകുന്നത്. 1971-ൽ സംസ്ഥാന കമ്മിറ്റി അംഗം. 1985-ൽ കേന്ദ്ര കമ്മിറ്റിയിലും 2000-ൽ പൊളിറ്റ് ബ്യൂറോയിലുമെത്തി. അസുഖബാധിതനായതിനാൽ 2018 മുതൽ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയായിരുന്നു. ടാറ്റയുടെ കാർ നിർമ്മാണ ഫാക്ടറിക്കു വേണ്ടി 2006-ൽ സിംഗൂരിൽ 1000 ഏക്കറോളം കർഷക ഭൂമി ഏറ്റെടുത്തത് ബംഗാളിനെ വ്യവസായ യുഗത്തിലേക്ക് നയിക്കുമെന്നു കരുതിയാണ്. നന്ദിഗ്രാമിൽ ഇന്തോനേഷ്യയിൽ നിന്നുള്ള സലിം ഗ്രൂപ്പിന്റെ പ്രത്യേക വ്യവസായ സോൺ, വെസ്റ്റ് മിഡ്‌നാപ്പൂരിലെ സാൽബോണിയിൽ ജിൻഡാൽ ഗ്രൂപ്പിന്റെ സംയോജിത സ്റ്റീൽ പ്ളാന്റ് തുടങ്ങിയവയും വ്യവസായക്കുതിപ്പിന് ഇട നൽകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. എന്നാൽ കർഷക ഭൂമി ഏറ്റെടുത്തപ്പോൾ ഭൂ ഉടമകൾക്കും പാട്ടക്കൃഷി നടത്തിയിരുന്നവർക്കുമൊക്കെ പുനരധിവാസവും നഷ്ടപരിഹാരവും നൽകുന്നതിൽ സംഭവിച്ച വീഴ്‌ചകൾ മുതലെടുത്തുകൊണ്ട് മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് നടത്തിയ പ്രക്ഷോഭം ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

2007 മാർച്ച് 14ന് ഉണ്ടായ പൊലീസ് വെടിവയ്‌പിൽ 14 കർഷകർ കൊല്ലപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടുപോയി. പശ്ചിമ ബംഗാളിൽ പുതിയ രാഷ്ട്രീയ താരോദയത്തിന് അത് വഴിതെളിക്കുകയും സി.പി.എമ്മിന്റെ പതനത്തിന് അത് ഇടയാക്കുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നയിച്ച ലളിത ജീവിതം രാജ്യത്തെ മുഴുവൻ രാഷ്ട്രീയ നേതാക്കൾക്കും മാതൃകയായി നമുക്കു മുന്നിലുണ്ട്. സർക്കാർ ബംഗ്ലാവ് വേണ്ടെന്നുവച്ച് ഭാര്യയ്‌ക്കും മകൾക്കുമൊപ്പം ബേലിഗഞ്ചിലെ ഒരു രണ്ടുമുറി ഫ്ളാറ്റിലാണ് അദ്ദേഹം കഴിഞ്ഞത്. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം ഈടുറ്റൊരു സാഹിത്യ ജീവിതവും നയിച്ചിരുന്നു. മാർക്വേസിന്റെ രണ്ട് രചനകൾ, മയക്കോവ്‌സ്കിയുടെ കവിതകൾ തുടങ്ങിയവ പരിഭാഷപ്പെടുത്തി. ബംഗാളിന്റെ ആഴമേറിയ സാംസ്‌കാരിക പാരമ്പര്യം വികസിപ്പിക്കാൻ ബുദ്ധദേവ് നൽകിയ സംഭാവനകൾ നിസ്‌തുലമാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മാനുഷിക മുഖമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ വേർപാടോടെ ഫലകാംക്ഷയില്ലാതെ കർമ്മം ചെയ്ത‌ിരുന്ന ഒരു വലിയ രാഷ്ട്രീയ നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.