SignIn
Kerala Kaumudi Online
Sunday, 15 September 2024 2.52 AM IST

ശ്രീലങ്കയുടെ പാത പിന്തുടരാം

Increase Font Size Decrease Font Size Print Page
sreelanka

ക്ലീൻ ലങ്കയുടെ ശുചിത്വ രഹസ്യം എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച ലേഖനം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് വളരെ ഗൗരവത്തോടെ പഠന വിധേയമാക്കേണ്ടതാണ്. കുന്നുകൂടുന്ന ഖരമാലിന്യം എന്തു ചെയ്യണമെന്നറിയാതെ കേരളം വീർപ്പുമുട്ടുമ്പോൾ മാലിന്യ വിഷയം കൈകാര്യം ചെയ്യുന്നതിൽ ശ്രീലങ്കയെ മാതൃകയാക്കാനാണ് ഹൈക്കോടതി പറഞ്ഞത്. പ്രതിവർഷം ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന കേരളത്തിന് മാതൃകയാക്കാവുന്നതാണ് ശ്രീലങ്കയുടെ ശുചിത്വ പദ്ധതി. കൊതുകുകളെ ഗുഡ്‌ബൈ പറയിക്കാൻ ശാസ്ത്രീയ മാലിന്യ നിർമ്മാർജ്ജനത്തിലൂടെ ശ്രീലങ്ക സ്വീകരിച്ച മാർഗം നമുക്കും അനുകരിക്കാവുന്നതാണ്.

വിജയൻ പനങ്ങോട്ടുകോണം

(പ്രസിഡന്റ് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ്‌)

മരുന്നു ക്ഷാമം

പരിഹരിക്കണം

ദിവസേന പതിനായിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മരുന്നു വാങ്ങാനായി ഫാ‌ർമസിയിൽ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് മുന്നിലെത്തിക്കഴിയുമ്പോഴായിരിക്കും മിക്കപ്പോഴും മരുന്നില്ലെന്ന കാര്യം പ്രായമായ രോഗികൾ ഉൾപ്പെടെ മനസിലാക്കുന്നത്. അവശ്യ മരുന്നുകൾ പോലും സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങേണ്ടിവരുന്നു എന്നതാണ് നിലവിലെ സ്ഥിതി. മാദ്ധ്യമങ്ങളടക്കം നിരവധി തവണ പ്രശ്നം മുഖ്യധാരയിലേക്ക് കൊണ്ടുവന്നെങ്കിലും അധികാരികളുടെ ശ്രദ്ധയിൽ ഇതു പെടുന്നില്ല. ആരോഗ്യവകുപ്പ് അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് സാധാരണക്കാർക്ക് ആശ്വാസമാകുന്ന തരത്തിൽ പ്രശ്നം പരിഹരിക്കേണ്ടതാണ്.

ശശി കെ. വെട്ടൂർ

കല്ലമ്പലം

ഓണാഘോഷം

ഉപേക്ഷിക്കണം

വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ളതും അല്ലാത്തതുമായ എല്ലാ ഓണാഘോഷ പരിപാടികളും ഉപേക്ഷിക്കുന്നതാണ് ധാർമ്മികത. നാനൂറിലധികം പേരുടെ മരണം രേഖപ്പെടുത്തുകയും എണ്ണമറ്റ മനുഷ്യരെ കാണാതാവുകയും ചെയ്ത നിർഭാഗ്യകരവും അസാധാരണവുമായ സാഹചര്യമാണുള്ളത്. മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മൃതദേഹങ്ങളുടെയും ആരുടേതെന്ന് തിരിച്ചറിയാനാകാത്ത ശരീരഭാഗങ്ങളുടെയും സംസ്കാര ചടങ്ങുകൾ പോലും പൂർത്തിയായിട്ടില്ല. നെഞ്ചുപൊട്ടുന്ന കാഴ്ചകൾ കണ്ട് മരവിച്ച മനസുകളുടെ തേങ്ങലുകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ അവസരത്തിൽ ആഘോഷങ്ങളെക്കുറിച്ചല്ല ചിന്തിക്കേണ്ടത്. നാട്ടിലുടനീളമുള്ള ഓണാഘോഷങ്ങൾ ഉപേക്ഷിച്ച് കൈയും മെയ്യും മറന്ന് തോളോടു തോൾ ചേർന്ന് ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി ശ്രമിക്കാം. അതു തന്നെയാണ് മനുഷ്യത്വവും നമ്മുടെ ഓരോരുത്തരുടെയും കടമയും !

ചവറ സുരേന്ദ്രൻപിള്ള

ശങ്കരമംഗലം

വെള്ളത്തിൽ

വരും വിനകൾ

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് ദുരന്തം കഴിഞ്ഞിട്ട് എത്രയോ ആഴ്ചകളായി. അതിനു ശേഷമാണ് കർണാടകത്തിൽ ഷിരൂരിലെ കുന്നിടിച്ചിലും,​ കോഴിക്കോട് സ്വദേശിയായ ലോറി ‌‌ഡ്രൈവർ അർജുനെ കാണാതാവുകയും ചെയ്ത സംഭവം. അതിനു പിന്നാലെ വയനാട് പ്രളയദുരന്തമെത്തി. ഇതിനെല്ലാമിടയിൽ,​ ഡൽഹിയിൽ കോച്ചിംഗ് സെന്ററിന്റെ ഭൂഗർഭ നിലയിലേക്ക് മഴവെള്ളം ഇരച്ചുകയറി മലയാളി വിദ്യാർത്ഥി മരിച്ച സംഭവവും നമ്മെ ഞെട്ടിച്ചു. ഇവിടെയെല്ലാം മരണങ്ങളും ദുരിതവും നഷ്ടങ്ങളും വിതച്ചത് വെള്ളമാണെന്നു മറക്കരുത്. വെള്ളത്തിന്റെ ഒഴുക്കിന് സ്വാഭാവിക രീതികളുണ്ട്. ഭൂഗർഭ ജലത്തിന്റെ സംഭരണത്തിനും പ്രകൃതിക്ക് അതിന്റേതായ മാർഗങ്ങളുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയോ,​ ഭൂമിയിൽ വിടവുകളും വിള്ളലുകളും സൃഷ്ടിച്ച് അളവില്ലാത്തത്ര വെള്ളം മണ്ണിനടിയിലേക്ക് ഊർന്നുചെല്ലാൻ വഴിയൊരുക്കുകയോ ചെയ്യുന്നത് അസ്വാഭാവികമായ പ്രകൃതി പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുക തന്നെ ചെയ്യും. തീയെ പേടിക്കുന്നതു പോലെയോ,​ അതിലും കൂടുതലോ വെള്ളത്തെയും പേടിക്കണം.

വി. ഇന്ദുമതി

പഴമ്പാലക്കോട്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LETTERS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.