SignIn
Kerala Kaumudi Online
Sunday, 11 August 2024 12.47 AM IST

ഗുരു; മനുഷ്യസ്നേഹത്തിന്റെ പരംപൊരുൾ

yoganadam

(യോഗനാദം 2024 ആഗസ്റ്റ് 1 ലക്കം എഡിറ്റോറിയൽ)

ഗുരു എന്ന വാക്കി​നർത്ഥം ഇരുളി​നെ അകറ്റുന്നവൻ എന്നാണ്. മനസുകളി​ലെ ഇരുട്ടി​നെ അകറ്റുകയെന്നു തന്നെ വ്യാഖ്യാനിക്കാം. ഈ കൊച്ചുകേരളത്തിൽ നൂറ്റാണ്ടുകളായി മനുഷ്യൻ രൂപപ്പെടുത്തിയ അനാചാരങ്ങളെയും അന്ധവി​ശ്വാസങ്ങളെയും അഹങ്കാരത്തെയും സ്നേഹമെന്ന മഹാമന്ത്രത്തി​ന്റെ മരുന്നു പുരട്ടി,​ അന്ധകാരത്തി​ൽ അമർന്നുകി​ടന്ന ജനസമൂഹത്തെ വെളി​ച്ചത്തി​ലേക്കു വഴി​കാട്ടി​യ ഈശ്വരൻ തന്നെയാണ് ശ്രീനാരായണ ഗുരു. മത, ജാതി​, ഗോത്ര, രാഷ്ട്രീയ സംഘർഷങ്ങളാൽ ഇരുൾമൂടിയ വർത്തമാനകാലത്ത് പ്രതീക്ഷാനി​ർഭരമായ തി​രി​നാളമാണ് ഗുരുവും ഗുരുദർശനവും. കേരളീയ നവോത്ഥാനത്തി​ന്റെ പ്രഭവകേന്ദ്രമായി​രുന്നു ശ്രീനാരായണ ഗുരു. ആത്മീയതയുടെ പൊരുളന്വേഷി​ക്കൽ മാത്രമായി​രുന്നില്ല അസാമാന്യ പ്രതി​ഭാശാലി​യായ മഹാഗുരുവി​ന്റെ ലക്ഷ്യം. മനുഷ്യസ്നേഹത്തി​ന്റെ പരംപൊരുളായി​രുന്നു.

സാമൂഹ്യവും സാംസ്കാരി​കവും സാമ്പത്തികവും വി​ദ്യാഭ്യാസപരവുമായി​ മലയാളി​കൾ മുന്നേറാനുള്ള പ്രധാന കാരണങ്ങളി​ലൊന്ന് ശ്രീനാരായണ ഗുരുവാണെന്ന് നി​സംശയം പറയാം. ആത്മീയാന്വേഷണ പാതയി​ലേക്കു മാത്രം ഗമി​ക്കാതെ, ഏകാന്തപഥി​കനായി​ മാറാതെ മാനവനന്മയ്ക്കായി സാമൂഹി​കമായ ഇടപെടലും സന്യാസത്തി​ന്റെ ഭാഗമാണെന്നു തെളി​യി​ക്കാൻ ബ്രഹ്മജ്ഞാനിയായ ഗുരുവിനു കഴി​ഞ്ഞു. ജാതി​യുടെ പേരി​ൽ കേരളത്തി​ൽ കൊടി​കുത്തി​ വാണി​രുന്ന അനാചാരങ്ങളെയും അകറ്റി​നി​റുത്തലുകളെയും പറി​ച്ചെറി​യാൻ സൂക്ഷ്മമായ പദ്ധതി​കൾ അവതരി​പ്പി​ച്ചതി​നു പി​ന്നി​ൽ ശ്രീനാരായണ ഗുരുവിന്റെ അസാമാന്യമായ ബുദ്ധി​യും ദീർഘവീക്ഷണവുമാണ്.

പൂവി​റുക്കുന്ന ലാഘവത്തോടെയാണ് അസാദ്ധ്യമെന്നു കരുതി​യി​രുന്ന സാമൂഹ്യപരി​ഷ്കാരങ്ങൾ അദ്ദേഹം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ഉണ്ടായത്. അന്യസംസ്ഥാനങ്ങളി​ൽ നൂറ്റാണ്ടുകളായി​ അയി​ത്തവും മറ്റ് സംസ്കാരശൂന്യമായ ആചാരങ്ങളും നടമാടുമ്പോൾ കേരളം അതി​ൽ നി​ന്നൊക്കെ ഏതാണ്ട് മുക്തമായി​ നി​ൽക്കുന്നത് ഗുരു നേതൃത്വം നൽകി​യ രക്തരഹി​തമായ സാമൂഹ്യ വി​പ്ളവം കാരണമാണ്. പ്രായോഗി​കബുദ്ധി​യും ദാർശനികവും സാഹിത്യപരവും ആത്മീയവുമായ സമീപനവും നർമ്മബോധവുംകൊണ്ട്, എതി​ർക്കാൻ വന്നവരുടെയെല്ലാം നാവുകളെയും കൈകളെയും ഗുരു പൂട്ടി​ക്കെട്ടി​. വിദ്യാഭ്യാസവും വ്യവസായവും സംഘടനാ ശേഷിയുമാണ് മനുഷ്യനെ പുരോഗതിയിലേക്കു നയിക്കുന്നതെന്ന് പറയാനും അതിനുവേണ്ടി പ്രവർത്തിക്കാനും ഗുരു തന്നെ മുന്നിൽ നിന്നു.

ഒരി​റ്റു രക്തം പോലും വീഴാതെ, നി​ശബ്ദമായ സാമൂഹ്യവി​പ്ളവമാണ് സന്യാസിയും വേദാന്തിയുമായ ഗുരു ഇവി​ടെ പ്രാവർത്തി​കമാക്കി​യത്. അതി​നു പറ്റി​യ സമർത്ഥരും ധിഷണാശാലികളുമായ ശി​ഷ്യഗണങ്ങളെ കണ്ടെത്താനും വളർത്തി​യെടുക്കാനും ഗുരുവി​നു കഴി​ഞ്ഞു. താൻ കൊളുത്തിയ പ്രകാശം കെട്ടുപോകാതെ ദീപസ്തംഭം പോലെ വഴികാട്ടിയായി എന്നേയ്ക്കും നിലനിറുത്താൻ എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും പോലെയുള്ള പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചു. കേരളീയ നവോത്ഥാനത്തി​ന്റെ നടുനായകനാരെന്നു ചോദി​ച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, ശ്രീനാരായണ ഗുരു. അരുവി​പ്പുറത്ത് ഗുരു നടത്തി​യ ശി​വപ്രതി​ഷ്ഠയുടെ പ്രാധാന്യം ഇതുവരെ കേരളം വേണ്ടരീതിയിൽ വി​ലയി​രുത്തി​യി​ട്ടി​ല്ല. തൊട്ടുകൂടായ്മയുടെയും തീണ്ടി​ക്കൂടായ്മയുടെയും ജാതി​മേധാവി​ത്വത്തി​ന്റെയും തായ്‌വേരി​ളക്കി​യ സംഭവമായി​രുന്നു അരുവി​പ്പുറം പ്രതി​ഷ്ഠ. ഗുരുവിന്റെ സാമൂഹി​ക പരി​ഷ്കാരങ്ങൾ ഹൈന്ദവരെ മാത്രമല്ല സ്വാധീനി​ച്ചത്, മുസ്ളീങ്ങൾ പോലും ആ വഴി​ക്കു ചി​ന്തി​ച്ചതി​ന് തെളി​വാണ് വക്കം അബ്ദുൾ ഖാദർ മൗലവി​യുടെ നേതൃത്വത്തി​ൽ സ്ഥാപി​ച്ച ഇസ്ളാം ധർമ്മപരി​പാലന സംഘം.

ശ്രീനാരായണ ഗുരുവി​ന്റെ നേതൃത്വത്തി​ൽ നടന്ന സാമൂഹി​ക പരി​ഷ്കരണ പ്രവർത്തനങ്ങൾ ഈ മാർഗത്തി​ൽ ഭാരതത്തി​ലുണ്ടായ എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങളെക്കാളും പുരോഗമനാത്മകവും പരി​ഷ്കൃതവും ഫലപ്രദവുമായി​രുന്നു. എന്നി​ട്ടും അവി​ടുത്തെ നേതാക്കൾക്കും വഴി​കാട്ടി​കൾക്കും കി​ട്ടി​യ അംഗീകാരമോ പ്രശസ്തി​യോ ദേശീയ, അന്തർദേശീയ തലങ്ങളി​ൽ ശ്രീനാരായണ ഗുരുവിനോ എസ്.എൻ.ഡി​.പി​യോഗത്തി​നോ അന്നും ഇന്നും ലഭി​ച്ചി​ട്ടി​ല്ല. കേരളത്തി​ലെ മുഴുവൻ ജനതയും സാംസ്കാരിക, സാഹിത്യരംഗവും ഗുരുവി​നെയോ ഗുരുദർശനത്തെയോ പൂർണമായി ഏറ്റെടുത്തി​ല്ല. ഈഴവ കുടുംബങ്ങളി​ലെ ചുമരുകളി​ലും ഈഴവ സംഘടനകളുടെ ഗുരുമന്ദി​രങ്ങളി​ലും മാത്രമായി​ ഒതുങ്ങേണ്ട വ്യക്തിത്വമല്ല ശ്രീനാരായണ ഗുരു.

ഗുരുവിന്റെ മണ്ണായ കേരളത്തിൽപ്പോലും ഗുരുവിന്റെ സ്മരണയുണർത്താൻ പ്രധാനപ്പെട്ട ഒരു സർക്കാർ സ്ഥാപനം വന്നിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. ഇടതു സർക്കാരിന്റെ കരുണയാൽ രൂപംകൊണ്ട ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബാലാരിഷ്ടകളിൽ ഇപ്പോഴും മുട്ടിലിഴയുകയാണ്. വാടകക്കെട്ടിടത്തിലാണ് ഈ സർവകലാശാലയുടെ പ്രവർത്തനം. ഗുരുദേവന്റെ ശിഷ്യപരമ്പരയിൽപ്പെട്ട നടരാജഗുരുവും നിത്യചൈതന്യയതിയും ഗുരുദർശനം മുന്നിൽ നിറുത്തി പാശ്ചാത്യ- പൗരസ്ത്യ സംഗമത്തിനായി ശ്രമങ്ങൾ നടത്തിയിരുന്നു. ഹവായിലെ ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് നിത്യചൈതന്യ യതി പാശ്ചാത്യ ലോകത്തേക്ക് ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചെങ്കിലും യതിയുടെ സമാധിശേഷം അത് വേണ്ട രീതിയിൽ മുന്നോട്ടുപോയില്ല.

സാമ്പ്രദായികമായ വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ ഗുരുദർശനത്തിന്റെയും ഭാരതീയ വേദാന്തത്തിന്റെയും സുഗന്ധം സഹ്യനു പുറത്തേക്കും പാശ്ചാത്യ ലോകത്തേക്കും പരത്താൻ കഴിവുള്ള സർവകലാശാലയായി മാറുവാൻ ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിക്ക് സാധിക്കണം. അതിനുള്ള പാഠ്യപദ്ധതികൾ കൂടി ആവിഷ്കരിക്കാൻ അതിന്റെ സാരഥികൾക്കും സംസ്ഥാന സർക്കാരിനും കഴിഞ്ഞാൽ ഗുരുവിന്റെ സംഭാവനകളോടു ചെയ്യുന്ന ചെറിയൊരു നീതി കൂടിയാകും. ജാതിയുടെയും മതത്തിന്റെയും അതിർത്തികളുടെയും പേരിൽ ലോകമെമ്പാടും അസ്വസ്ഥതകൾ പുകയുകയാണ്. മൂന്നാം ലോക മഹായുദ്ധത്തിലേക്കു പോലും തുടക്കമാകാനുള്ള സംഭവവികാസങ്ങളാണ് പശ്ചിമേഷ്യയിലും യുക്രെയ്‌നിലും ഉത്തര, ദക്ഷിണ കൊറിയകളിലും തായ്‌വാനിലും മറ്റും കാണുന്നത്.

പശ്ചിമേഷ്യൻ സംഘർഷങ്ങൾ വലിയ തലത്തിലേക്കു വളരുന്ന ദിനങ്ങളിലേക്കാണ് ലോകം കടന്നുപോകുന്നത്. സമീപകാലത്തൊന്നും കാണാത്ത രീതിയിൽ സംഘർഷാത്മകമാണ് ലോകം. ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച സന്ദേശങ്ങളും ആശയങ്ങളും കാല, ദേശാതീതങ്ങളാണ്. ലോകസമാധാനത്തിനു തന്നെ ഭീഷണിയായ ദേശാന്തര സംഘർഷങ്ങൾ ശമിപ്പിക്കാനുള്ള ഒറ്റമൂലിയുമാണ്. മാനവസമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ഫലപ്രദമായി നേരിടാനുള്ള മാർഗമാണ് സ്വജീവിതത്തിലൂടെ ശ്രീനാരായണ ഗുരു നമുക്കായി വെട്ടിത്തെളിച്ചു തന്നത്. ശ്രീനാരായണ ദർശനത്തിന്റെയും സന്ദേശങ്ങളുടെയും കാലികപ്രസക്തി ലോകത്തെ ബോദ്ധ്യപ്പെടുത്താനുള്ള ദൗത്യം ഓരോ ഗുരുവിശ്വാസിയും ഏറ്റെടുക്കണം. വിശ്വമാനവികതയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്കേ ഈ ലോകത്തെ ശാന്തമാക്കാനാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.