തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ ടൂര്‍ണമെന്റ് ഐക്കണായ അന്താരാഷ്ട്ര ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ പ്രകാശനം ചെയ്തു. ആറ് ഫ്രാഞ്ചൈസികളുടെ ലോഗോയും പ്രദര്‍ശിപ്പിച്ചു. ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ ഹയാത്ത് റീജന്‍സിയില്‍ ലീഗിന്റെ താരലേലം നടക്കുക. ചാരു ശര്‍മ്മയാണ് ഓക്ഷന്‍ നടത്തുന്നത്.
സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളാണ് ഉണ്ടാകുക. കേരള ക്രിക്കറ്റ് ലീഗ് ഒഫിഷ്യല്‍ ലോഞ്ചിംഗ് ഈ മാസം 31ന് ബ്രാന്‍ഡ് അംബാസിഡറായ നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും.
താര ലേലത്തിലേക്ക് 168 കളിക്കാരെയാണ് ക്രിക്കറ്റ് അസോസിയേഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ നിന്ന് 20 കളിക്കാരെ വീതം ഓരോ ഫ്രാഞ്ചൈസികളും ലേലത്തിലൂടെ സ്വന്തമാക്കും. മൂന്നു വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം. ഐ.പി.എല്‍, രഞ്ജി ട്രോഫി എന്നിവയില്‍ കളിച്ചിട്ടുള്ളവരാണ് ഉയര്‍ന്ന തുകയുള്ള 'എ' വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടു ലക്ഷം രൂപയാണ് അടിസ്ഥാന പ്രതിഫലം. സി.കെ.നായിഡു, അണ്ടര്‍ 23, അണ്ടര്‍ 19 സ്റ്റേറ്റ്, അണ്ടര്‍ 19 ചലഞ്ചേഴ്സ് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ളവര്‍ ഒരു ലക്ഷം രൂപ അടിസ്ഥാന പ്രതിഫലം വരുന്ന 'ബി' വിഭാഗത്തില്‍ ഉള്‍പ്പെടും. അണ്ടര്‍ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റര്‍മാരുമാണ് 'സി' വിഭാഗം. അന്‍പതിനായിരം രൂപയാണ് അടിസ്ഥാന പ്രതിഫലം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ത്രീയിലും ഫാന്‍ കോഡിലും താരലേലം തത്സമയം സംപ്രേഷണം ചെയ്യും.
പി.എ. അബ്ദുള്‍ ബാസിത് ട്രിവാന്‍ഡ്രം റോയല്‍സിന്റെയും സച്ചിന്‍ ബേബി ഏരീസ് കൊല്ലം സെയ്ലേഴ്‌സിന്റെയും മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെയും വിഷ്ണു വിനോദ് തൃശ്ശൂര്‍ ടൈറ്റാന്‍സിന്റെയും റോഹന്‍. എസ് കുന്നമ്മല്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്‌സിന്റെയും ഐക്കണ്‍ കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലോഗോ പ്രകാശനത്തില്‍ സഞ്ജുവിനൊപ്പം കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, ട്രഷറര്‍ കെ.എം. അബ്ദുള്‍റഹിമാന്‍, കേരള ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ നാസര്‍ മച്ചാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |