തെരച്ചിൽ സംഘത്തിൽ മന്ത്രിയും
മൃതദേഹങ്ങൾ കണ്ടെത്തിയില്ല
മേപ്പാടി:ക്യാമ്പുകളിൽ നിന്ന് ബെയ്ലി പാലവും കടന്ന് ഉറ്റവരെ തേടി അവർ ഓടുകയായിരുന്നു. വീടുകൾ നിന്ന സ്ഥലങ്ങളിലേക്ക്...ജീവന്റെ തുടിപ്പ് ഉണ്ടാവില്ലെന്നറിയാം. എങ്കിലും ശേഷിപ്പായി എന്തെങ്കിലും... പക്ഷേ, അവർ നിരാശരായി. എവിടെയും പുഞ്ചിരിമട്ടത്ത് നിന്ന് ഉരുളെടുത്ത് കൊണ്ട് വന്ന കൂറ്റൻ പാറകൾ മാത്രം.
ഇനിയും കണ്ടെത്താത്തവർക്ക് വേണ്ടി ഇന്നലെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മുണ്ടക്കൈയിലും ചൂരൽമലയിലും നടന്ന ജനകീയ തെരച്ചിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. വീടിരുന്ന സ്ഥലം കണ്ടപ്പോൾ പലരും കണ്ണീർ പൊഴിച്ചു.
പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് തെരച്ചിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12.30 വരെ പരിമിതപ്പെടുത്തിയിരുന്നു. ദുരന്തഭൂമിയിൽ നിന്ന് മടങ്ങുമ്പോൾ പലരും പറയുന്നുണ്ടായിരുന്നു പ്രിയപ്പെട്ടവരെ തെരയാൻ ഒരവസരം കൂടി കിട്ടിയിരുന്നെങ്കിൽ...
തെരച്ചിലിൽ എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പൊലീസ്, റവന്യൂ ജീവനക്കാർ എന്നിവർക്കൊപ്പം പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും അണിനിരന്നു. ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരിൽ രജിസ്റ്റർ ചെയ്ത 190 പേരും അതിരാവിലെ സ്ഥലത്തെത്തി.
ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ ടൗൺഭാഗം, ചൂരൽമല സ്‌കൂൾ റോഡ് എന്നിവിടങ്ങളിലെല്ലാം തെരച്ചിൽ നടന്നു. പുഞ്ചിരിമട്ടത്ത് ആദ്യമെത്തിയ സംഘത്തോടൊപ്പം മന്ത്രി പി.എ.മുഹമ്മദ് റിയാസും ഉണ്ടായിരുന്നു. ഉത്തരമേഖല ഐ.ജി കെ.സേതുരാമൻ തെരച്ചിലിന് നേതൃത്വം നൽകി. കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ആവശ്യപ്പെട്ട സ്ഥലങ്ങളെല്ലാം പരിശോധിച്ചു. സംശയമുള്ള ഇടങ്ങളിൽ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ചു. പൊലീസ് ഡോഗ് സ്‌ക്വാഡും ഉണ്ടായിരുന്നു. ജില്ലാ ഭരണകൂടം തയ്യാറാക്കിയ പട്ടികയിൽ 131 പേരെയാണ് കാണാതായത്. ആറ് വിഭാഗങ്ങളായി തിരിഞ്ഞാണ് പ്രധാനയിടങ്ങളെല്ലാം അരിച്ചുപെറുക്കിയത്.
ടി.സിദ്ദീഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും പങ്കാളികളായി. . എൻ.ഡി.ആർ.എഫ് 120, പൊലീസ് കെ 9 സ്‌ക്വാഡ്, ഫയർ ഫോഴ്സ് 530, 45 വനപാലകർ, എസ്.ഒ.എസ് 61, ആർമി എം.ഇ.ജി വിഭാഗത്തിലെ 23, ഐ.ആർ.ബി യിലെ 14, ഒഡീഷ പൊലീസ് ഡോഗ് സ്‌ക്വാഡ്, കേരള പൊലീസിലെ 780, റവന്യൂവകുപ്പിന്റെ 58, 864 വോളണ്ടിയർമാർ, 54 ഹിറ്റാച്ചികൾ, 7 ജെ.സി.ബികൾ എന്നിങ്ങനെ വിപുലമായ സന്നാഹവുമായാണ് തെരച്ചിൽ നടത്തിയത്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |