പാരീസ് : പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആറാം മെഡൽ ഗോദയിൽ നിന്ന്. ഇന്നലെ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ അമൻ ഷെറാവത്താണ് വെങ്കലം നേടിയത്. വെങ്കലത്തിനായുള്ള മത്സരത്തിൽ പ്യൂർട്ടോ റിക്കോയുടെ ഡാരിയൻ ടോയ് ക്രൂസിനെയാണ് 21കാരനായ അമൻ കീഴടക്കിയത്. രണ്ട് റൗണ്ടുകളിലായി ആറുമിനിട്ട് നീണ്ട പോരാട്ടത്തിൽ 13-5 എന്ന സ്കോറിനാണ് ഇന്ത്യൻ താരം വിജയിച്ചത്. കഴിഞ്ഞ ദിവസം സെമിഫൈനലിൽ പരാജയപ്പെട്ടതോടെയാണ് അമൻ വെങ്കലമെഡലിനായി മത്സരിക്കാനിറങ്ങിയത്. തന്നേക്കാൾ മികച്ച എതിരാളിയെയാണ് ഇന്നലെ അമൻ തോൽപ്പിച്ചത്. ഹരിയാന സ്വദേശിയായ അമന്റെ ആദ്യ ഒളിമ്പിക്സാണിത്. പാരീസ് ഒളിമ്പിക്സിൽ ഗുസ്തിയിൽ നിന്ന് ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ഈ ഒളിമ്പിക്സിലെ ഇന്ത്യയുടെ അഞ്ചാമത്തെ വെങ്കലമെഡലിനാണ് അമൻ അർഹനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |