SignIn
Kerala Kaumudi Online
Sunday, 11 August 2024 9.57 AM IST

ക്രാന്തദർശിയായ നേതാവ്

c-achthamenon

സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റുകാരൻ, ഭാവനാസമ്പന്നനായ ഭരണാധികാരി എന്നീ നിലകളിൽ ജീവിതം നയിച്ച കേരളത്തിന്റെ പ്രിയങ്കരനായ സഖാവ് സി. അച്ചുതമേനോൻ തിരുവനന്തപുരത്തോട് വിടപറഞ്ഞിട്ട് മുപ്പത്തിമൂന്നുവർഷം പിന്നിടുന്നു. തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലും, കേരളത്തിൽ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ സംഘർഷകാലത്തും പതറാതെ ജനങ്ങളോടൊപ്പം തിരുവനന്തപുരം തലസ്ഥാന നഗരിയിൽ കഴിഞ്ഞുകൂടിയ അച്യുതമേനോന്റെ സ്മരണകൾ അലയടിക്കുന്ന ദിനമാണ് ആഗസ്റ്റ് 12. അന്ന് മ്യൂസിയം ജംഗ്ഷനിൽ അച്ചുതമേനോന്റെ പ്രതിമ അനാവരണം ചെയ്യപ്പെടും. പ്രതിമ സ്ഥാപിക്കാൻ കേരള സർക്കാർ അനുവദിച്ചതാകട്ടെ കേരളത്തെ നവോത്ഥാനത്തിലേക്ക് നയിച്ച വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയ്ക്ക് സമീപമെന്നതും ശ്രദ്ധേയമാണ്.

സംഭവബഹുലമായ തന്റെ ജീവിതകാലയളവിൽ സ്ഫോടനാത്മകമായ രാഷ്ട്രീയ കാലാവസ്ഥയിൽ പോലും അക്ഷോഭ്യനായി മുപ്പത്തിമൂന്നു സംവത്സരം ഈ നഗരത്തിൽ അദ്ദേഹം ജീവിതം നയിച്ചു. പാർട്ടിഭിന്നിപ്പിലെ കാറുംകോളും നിറഞ്ഞ സന്ദർഭത്തിലും തന്റെ പാർട്ടി സഖാക്കൾ ആശയപരമായും കായികമായും മറ്റുള്ളവരുമായി ഏറ്റുമുട്ടിയ സന്ദർഭത്തിലും അച്ചുതമേനോൻ സി.പി.ഐയുടെ സംസ്ഥാന കൗൺസിൽ ഓഫീസിൽ സ്വതസിദ്ധമായ ശാന്തതയോടെ കഴിഞ്ഞുകൂടി. മൂടിക്കെട്ടിയ കേരളരാഷ്ട്രീയ അന്തരീക്ഷം തെളിഞ്ഞതും,​ അപ്രതീക്ഷിതമായി അച്ചുതമേനോൻ മുഖ്യമന്ത്രിയായി 1970 ൽ ചുമതലയേറ്റതോടെയാണ്. പിന്നീട് സംസ്ഥാനം ഒരു പുതിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ ഗവേഷണശാലയായി മാറുകയായിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം അന്നത്തെ പ്രതിപക്ഷം കരിദിനമാചരിച്ചും കേരളത്തിന്റെ തെരുവുകളിൽ ഒരേ മുന്നണിയിൽ രാജ്യം ഭരിച്ചിരുന്ന പാർട്ടികൾ ഭരണകക്ഷിയായും പ്രതിപക്ഷവുമായി മാറുന്ന കാഴ്ചയും കേരളം കണ്ടു. കടുത്ത പോർവിളികളും സംഘട്ടനങ്ങളും നിറഞ്ഞ കേരളത്തിൽ വെടിവയ്പില്ലാതെ ഒരുദിവസം പോലും ഭരണം നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും പ്രവചനങ്ങളുണ്ടായി. ഈ വിധമുള്ള ആക്രോശങ്ങൾക്കൊന്നും ചെവികൊടുക്കാതെ അച്ചുതമേനോൻ ഭരണ നടപടികളുമായി നിർഭയം മുന്നോട്ടുപോയി. ഭരണരംഗത്ത് വിസ്മയം സൃഷ്ടിച്ച അച്ചുതമേനോന്റെ ഭരണ മികവിൽ ജനങ്ങൾ ആവേശഭരിതരായി, ഇന്ത്യയിലാദ്യമായി ജന്മിത്വം അവസാനിപ്പിച്ചുകൊണ്ടുള്ള ഭൂപരിഷ്കരണ നിയമം 1970 ജനുവരി 1ന് നടപ്പാക്കിയതോടെ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രംഗത്ത് വിപ്ളവകരങ്ങളായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു.

1971-ൽ കേരളത്തിലെ സ്വകാര്യ വനങ്ങൾ പ്രതിഫലം കൂടാതെ ദേശസാത്ക്കരിച്ചതും അച്ചുതമേനോന്റെ ഭരണകാലത്തെ തിളക്കമാർന്ന മറ്റൊരു അദ്ധ്യായമായിരുന്നു. കേരളം ഒരു പുതിയ കേരളമായി മാറണമെന്ന അദ്ദേഹത്തിന്റെ സ്വപ്നം ഒന്നൊന്നായി സാക്ഷാത്കരിക്കുന്ന വിധത്തിലുള്ള വികസന പദ്ധതികളുടെ പെരുമഴക്കാലമായിരുന്നു. 1969 നവംബർ മുതൽ 1970 ആഗസ്റ്റുവരെയും, തുടർന്ന് 1970 ഒക്ടോബർ മുതൽ 1977 മാർച്ച് വരെയും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. ഇടവേളയിൽ അദ്ദേഹം രാജിവച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ജനങ്ങൾ അദ്ദേഹത്തെ മഹാഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. അച്ചുതമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രി പദവി ഏറ്റെടുക്കുമ്പോൾ അദ്ദേഹം എം.എൽ.എ ആയിരുന്നില്ല. തിരഞ്ഞെടുപ്പിലെ വിജയം അച്ചുതമേനോന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്നു. പിന്നെ അദ്ദേഹം പകച്ചുനിന്നില്ല. എല്ലാ പ്രതിസന്ധികളെയും ധീരമായി നേരിട്ടു മുന്നോട്ടുപോയി.

അടിയന്തരാവസ്ഥയുടെ പേരിൽ വേട്ടയാടപ്പെട്ടതിൽ അച്ചുതമേനോൻ അവസാന നിമിഷംവരെ ദുഃഖിതനായിരുന്നു. അടിയന്തരാവസ്ഥയെ പിന്തുണച്ചതിൽ അച്ചുതമേനോൻ തന്റെ പാർട്ടിയോടുതന്നെ കലഹിച്ചിരുന്നു. രാജൻ കേസുമായി അച്ചുതമേനോൻ എന്ന മുഖ്യമന്ത്രിയെ ആക്രമിച്ച രാഷ്ട്രീയവും കേരളത്തിൽ അലയടിച്ചു.

ഒന്നിലും തളരാതെ അദ്ദേഹം തന്റെ കർമ്മപഥങ്ങളിൽ അചഞ്ചലനായി ഭരണരംഗത്ത് മുന്നോട്ടുപോയതിന്റെ ഫലമാണ് ഇന്ത്യയ്ക്ക് മാതൃക എന്ന '' കേരള മോഡൽ വികസനം"" രൂപം പ്രാപിച്ചത്. അച്ചുതമേനോന്റെ ഭരണകാലത്ത് കേരളത്തിലാകെ ഉയർന്നുവന്ന സ്ഥാപനങ്ങളാണ് കേരളത്തെ അദ്ഭുതകരമായ വികസനത്തിന്റെ പാതയിലെത്തിച്ചത്. ശാസ്ത്രഗവേഷണ രംഗത്ത് ഇന്ന് ലോകപ്രശസ്തി നേടിയ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് രൂപം നൽകാനും ഹൃദയശസ്ത്രക്രിയയിൽ അതിവിദഗ്ദ്ധനായ ഡോ. വല്യത്താനെ കേരളത്തിലെത്തിച്ചതും അച്ചുതമേനോന്റെ ഇടപെടലിന്റെ ഫലമായിരുന്നു. തുടർന്ന് കേരളത്തിന്റെ വികസനത്തിന്റെ കരുത്തുറ്റ അടിത്തറ സൃഷ്ടിക്കാൻ എണ്ണമറ്റ സ്ഥാപനങ്ങൾക്ക് രൂപം നൽകിയതും ഈ കാലഘട്ടത്തിലായിരുന്നു. പ്ളാനിംഗ് ബോർഡ്, ഹൗസിംഗ് ബോർഡ്, സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ്, വനം ഗവേഷണ കേന്ദ്രം, ജലവിഭവ ഗവേഷണ കേന്ദ്രം, ഭൗമശാസ്ത്ര ഗവേഷണകേന്ദ്രം, റീജിയണൽ ക്യാൻസർ സെന്റർ, ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ തുടങ്ങി 50 ൽപ്പരം സ്ഥാപനങ്ങളുമാണ് '' കേരള മോഡൽ വികസന""ത്തിന്റെ പൊൻതൂവൽ നേടിയെടുക്കാൻ പങ്കുവഹിച്ചത്.

എന്തായാലും ജനാധിപത്യ കേരളത്തിൽ ജനങ്ങളുടെ ക്ഷേമവും, സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ടുകൊണ്ട് സഖാവ് അച്ചുതമേനോൻ മന്ത്രിസഭ നൽകിയ സംഭാവന തമസ്കരിക്കാൻ ഒരു ശക്തിക്കും സാദ്ധ്യമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.