ശ്രീകാര്യം: പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിൽ വെള്ളിയാഴ്ച രാത്രി വെട്ടേറ്റ ഗുണ്ടാനേതാവും കാപ്പാ കേസ് പ്രതിയുമായ വട്ടപ്പാറ കുറ്റ്യാണി സ്വദേശി ജോയി (വെട്ടുകത്തി ജോയി - 41) മരിച്ചു. വെള്ളിയാഴ്ച രാത്രി 8.30 ഓടെ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിൽ കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ ആക്രമിച്ചത്.വെട്ടേറ്റ് ഇരുകാലുകളും തൂങ്ങിയ നിലയിൽ രക്തംവാർന്ന് അരമണിക്കൂറോളം റോഡിൽ കിടന്ന ജോയിയെ ശ്രീകാര്യം പൊലീസാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ജോയിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇന്നലെ പുലർച്ചെ രണ്ടോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ മുമ്പ് ജോയിക്കൊപ്പമുണ്ടായിരുന്ന ഗുണ്ടാസംഘാങ്ങളായ കുറ്റ്യാണി സ്വദേശികളായ സജീർ, അൻഷാദ്, അൻവർ ഹുസൈൻ എന്നിവർ കസ്റ്റഡിയിലായതായാണ് സൂചന. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായില്ല.
അന്ന് ജോയി വെട്ടി, അവർ തിരിച്ചു വെട്ടി
കുറ്റ്യാണി സ്വദേശികളായ യുവാക്കളെ മാസങ്ങൾക്ക് മുമ്പ് അയിരുപ്പാറയ്‌ക്ക് സമീപത്തു വച്ച് ജോയി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിനു ശേഷമാണ് ജോയിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ ജോയിയെ നിരീക്ഷിച്ചുവന്ന അക്രമികൾ തക്കംപാർത്തിരുന്ന് ആക്രമിക്കുകയായിരുന്നു. വട്ടപ്പാറ, പോത്തൻകോട് സ്റ്റേഷനുകളിൽ ജോയിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഒരാൾ കസ്റ്റഡിയിൽ
അക്രമികൾ സഞ്ചരിച്ച നീല സെലേറിയോ കാർ വാടകയ്ക്ക് എടുത്തുകൊടുത്ത വെഞ്ഞാറമൂട് മുക്കുന്നുമൂട് സ്വദേശി സുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ തരപ്പെടുത്താൻ കൂട്ടുനിന്ന സുബിന്റെ സുഹൃത്തിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോയി, പുറത്തിറങ്ങിയ ശേഷം ജോയി ഓട്ടോ ഓടിച്ചുവരികയായിരുന്നു. സംഭവദിവസം രാത്രി ഓട്ടം കഴിഞ്ഞ് പൗഡിക്കോണം വിഷ്ണു നഗറിലെ വാടക വീട്ടിലേക്ക് ഓട്ടോയുമായി പോകുമ്പോഴാണ് കാറിലെത്തിയ അക്രമിസംഘം ഓട്ടോ തടഞ്ഞുനിറുത്തി ജോയിയെ വലിച്ചിറക്കി വെട്ടിയത്. സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ ഇന്നലെ സ്ഥലം സന്ദർശിച്ചു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് വിഭാഗവും സ്ഥലത്ത് തെളിവെടുത്തു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സി.സി.ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.
ജോയിയുടെ മൃതദേഹം അടക്കി
ജോയിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയ്‌ക്ക് 3.30 ഓടെ സഹോദരി ജോളിയുടെ വീടായ പന്തലക്കോട് കുറ്റിയാണി ജോളി ഭവനിൽ എത്തിച്ചു. ചടങ്ങുകൾക്ക് ശേഷം കുറ്റ്യാണി ചർച്ചിന് കീഴിലെ നാലാഞ്ചിറ മലങ്കര സെമിത്തേരിയിൽ അടക്കി. ചർച്ചിലെ മുൻ ഡ്രൈവറായ സണ്ണിയുടെയും സ്നേഹമ്മയുടെയും മകനാണ് ജോയി.ഭാര്യ രജീഷ. എട്ടാം ക്ളാസ് വിദ്യാർത്ഥി അന്ന, രണ്ടാംക്ളാസ് വിദ്യാർത്ഥി അനന്യ എന്നിവരാണ് മക്കൾ.
വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം. പ്രതികളുടെ എല്ലാ വിവരവും ലഭിച്ചിട്ടുണ്ട്.പ്രത്യേക സംഘമായാണ് അന്വേഷണം
- ജി.സ്‌പർജൻകുമാർ, സിറ്റി പൊലീസ് കമ്മിഷണർ
ക്യാപ്ഷൻ : സംഭവസ്ഥലം പരിശോധിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാറും മറ്റ് ഉദ്യോഗസ്ഥരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |