കണ്ണൂര്‍: കരിവെള്ളൂര്‍ ആണൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് യുവതിയെ കഞ്ചാവുമായി അറസ്റ്റ് ചെയ്ത് എക്‌സൈസ്. കോട്ടയം കാഞ്ഞിരമറ്റം സ്വദേശിനി ശില്പ (29) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 11 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശില്പ. കഴുത്ത് ഞെരിച്ചാണ് യുവതി സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നുവെന്ന് നേരത്തെ തന്നെ എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പയ്യന്നൂര്‍ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. സുരേഷിന് കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കയ്യോടെ പിടികൂടിയത്. എക്‌സൈസ് സംഘം ശില്പ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ എത്തിയാണ് പരിശോധന നടത്തിയത്.
സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ശില്പ ഒരു മാസം മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്ന് ഇവര്‍ മംഗളൂരു, കാസര്‍കോട് എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ എത്തുകയായിരുന്നു.
കരിവെള്ളൂരില്‍ കഴിഞ്ഞയാഴ്ച മുതലാണ് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നുവെന്ന് സമീപവാസികള്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ പ്രദേശവാസികളാരും തന്നെ പരാതി നല്‍കിയിരുന്നില്ല.
ശില്പയെ പിടികൂടിയ എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ശശി ചേണിച്ചേരി, ടി.വി. കമലാക്ഷന്‍. കെ.എം. ദീപക്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശരത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജസ്‌ന പി. ക്ലമന്റ്, എക്‌സൈസ് ഡ്രൈവര്‍ പ്രദീപന്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |