SignIn
Kerala Kaumudi Online
Sunday, 11 August 2024 9.54 AM IST

കേന്ദ്രത്തിനായി ഇടപെടാൻ ഗവർണർ

gov

ഗവർണർ കേന്ദ്രസർക്കാരിന്റെ ഏജന്റാണെന്ന് സർക്കാരും പ്രതിപക്ഷവും തുടർച്ചയായി ആരോപിക്കുന്നതിനിടെ, കേരളത്തിലെ കേന്ദ്ര സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സംസ്ഥാന സർക്കാരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടുന്നു. രാഷ്ട്രപതി വിളിച്ച ഗവർണർമാരുടെ യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചതു പ്രകാരമാണ് ഗവർണറുടെ ഇടപെടൽ. സംസ്ഥാന സർക്കാരുമായി പരിഹരിക്കപ്പെടാനുള്ള പ്രശ്നങ്ങളും തർക്കങ്ങളും ഉടനടി രാജ്ഭവനെ അറിയിക്കാൻ കേന്ദ്രസ്ഥാപനങ്ങളുടെ മേധാവികൾക്ക് ഗവർണർ കത്ത് നൽകും. കേന്ദ്രസ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകാൻ ചീഫ്സെക്രട്ടറിയെ വിളിച്ചുവരുത്താൻ ഗവർണർക്ക് കഴിയും. നടപ്പായില്ലെങ്കിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടപെടുത്താനുമാവും.

65 വകുപ്പുകളുടെ മേൽനേട്ടം

സംസ്ഥാന ഭരണത്തിൽ ഗവർണറിലൂടെ ഇടപെടാൻ കേന്ദ്രം ശ്രമിക്കുന്നെന്ന സർക്കാരിന്റെ ആരോപണത്തിനിടെയാണ് ഈ നീക്കങ്ങൾ. എന്നാൽ സംസ്ഥാന ഭരണത്തലവൻ എന്ന അധികാരമുപയോഗിച്ചാണ് ഇടപെടുന്നതെന്നാണ് ഗവർണറുടെ വാദം. കേന്ദ്രസ്ഥാപനങ്ങളുടെ ഭരണ നിയന്ത്രണം കേന്ദ്രസർക്കാരിനാണ്. എന്നാൽ അവയ്ക്ക് സംസ്ഥാന സർക്കാരുമായുള്ള പ്രശ്നങ്ങളിൽ ഗവർണർ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും രാജ്ഭവനിൽ ഇതിനായി സ്ഥിരം സംവിധാനമുണ്ടാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഗവർണറുടെ നടപടികൾ. കേന്ദ്രസ്ഥാപനങ്ങൾ, ഏജൻസികൾ, കേന്ദ്രസംവിധാനങ്ങൾ എന്നിവയ്ക്ക് സംസ്ഥാന സർക്കാരുമായുള്ള ഏകോപനം ഗവർണർ വഹിക്കണമെന്നാണ് രാഷ്ട്രപതിയുടെ യോഗത്തിൽ തീരുമാനിച്ചത്. റെയിൽവേ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, വി.എസ്.എസി.സി, ആദായനികുതി അടക്കം പ്രധാനപ്പെട്ട 65കേന്ദ്ര സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. ഇവയുടെ സർക്കാരുമായുള്ള ഏകോപനമാവും ഗവർണർ വഹിക്കുക.

കേന്ദ്രസ്ഥാപനങ്ങൾ സർക്കാരിൽ സമർപ്പിച്ച പദ്ധതികൾക്ക് അനുമതി വൈകുക, റെയിൽവേ വികസനത്തിന് ഭൂമിയേറ്റെടുക്കൽ നീളുക, സ്ഥാപനങ്ങൾക്ക് പഴുതടച്ച സുരക്ഷയൊരുക്കുക എന്നിങ്ങനെ എല്ലാ പ്രശ്നങ്ങളിലും ഗവർണർ ഇടപെടും. ഇത്തരം കാര്യങ്ങൾ തരംതിരിച്ച് അറിയിക്കാനാണ് ഗവർണർ സ്ഥാപനമേധാവികളോട് ആവശ്യപ്പെടുക. ഗവർണറുടെ അഡി. ചീഫ്സെക്രട്ടറിയെ പ്രശ്നപരിഹാരത്തിനുള്ള നോഡൽ ഓഫീസറാക്കാനും ആലോചനയുണ്ട്. സ്ഥാപനമേധാവികളുടെ യോഗം വിളിക്കാനുമിടയുണ്ട്. അതേസമയം, ജനാധിപത്യത്തെ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ഗവർണറെ ഉപയോഗിക്കുകയാണെന്നാണ് നേരത്തേ സർക്കാർ പ്രതികരിച്ചിരുന്നത്.

കേന്ദ്രസ്ഥാപനങ്ങളിലെ മാത്രമല്ല, ചാൻസലർ എന്ന അധികാരമുപയോഗിച്ച് സർവകലശാലകളിൽ ഒഴിവുള്ള അദ്ധ്യാപകരുടെയും മറ്റ് തസ്തികകളുടെയും വിവരങ്ങളും അടിസ്ഥാനസൗകര്യങ്ങളുടെ വിവരങ്ങളും ആവശ്യപ്പെട്ട് വി.സിമാർക്ക് ഗവർണർ കത്ത് നൽകും. ദേശീയവിദ്യാഭ്യാസ നയം നടപ്പാക്കൽ, ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങൾ, അക്രഡിറ്റേഷൻ എന്നിവയുടെ വിവരങ്ങളും തേടും. ഇക്കാര്യങ്ങൾ രാഷ്ട്രപതി വിളിച്ച യോഗത്തിലും ചർച്ചയായിരുന്നു. എന്നാൽ അടുത്തിടെയായി, ഗവർണർ ആവശ്യപ്പെടുന്ന റിപ്പോർട്ടുകളും വിവരങ്ങളും സർക്കാർ നൽകാതിരിക്കുകയാണ് പതിവ്. തലസ്ഥാനത്ത് ഗവർണറുടെ കാർ ആക്രമിക്കപ്പെടുകയും പ്രതിഷേധം കനക്കുകയും ചെയ്തപ്പോൾ ചീഫ്സെക്രട്ടറിയോടും ഡിജിപിയോടും ഗവർണർ റിപ്പോർട്ട് തേടിയെങ്കിലും നൽകിയിരുന്നില്ല.

മുഖ്യമന്ത്രിയുടെ

അന്നത്തെ വിമർശനം

ഏത് അധികാര സ്ഥാനവും വലുതല്ല, അതിനു മേലെയാണു നിയമം. ആ നിയമമാണു പരമപ്രധാനം. അതു മനസിലാക്കാൻ സാധിക്കണം. ഗവർണർക്കെതിരേ പ്രതിഷേധ സമരങ്ങളും അതിനെതിരേ ഗവർണറുടെ നടുറോഡിലെ പ്രതിഷേധവുമുണ്ടായ കാലത്ത് മുഖ്യമന്ത്രി ഗവർണറെ കടുത്ത ഭാഷയിൽ വിമർശിച്ചത് ഇങ്ങനെയായിരുന്നു. സ്റ്റേറ്റിന്റെ തലവനെന്ന നിലയിൽ ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണു ഗവർണർ ഇരിക്കുന്നത്. അധികാര സ്ഥാനത്തിരിക്കുന്നവർക്കു നേരെ വ്യത്യസ്തമായ രീതിയിലുള്ള പ്രതിഷേധസ്വരങ്ങൾ ഉയർന്നേക്കാം. ആ പ്രതിഷേങ്ങൾ നടക്കുമ്പോൾ അതിനോട് അധികാരസ്ഥാനത്ത് ഇരിക്കുന്നവർ സ്വീകരിക്കേണ്ട നിലപാടെന്താണ്.‍ പ്രതിഷേധക്കാർക്കു നേരെ പൊലീസ് എന്തു നടപടി എടുക്കുന്നു എന്നു നോക്കാൻ വേണ്ടി അവിടെയിറങ്ങുന്ന അധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. സാധാരണ സെക്യൂരിറ്റി നിലപാടുകൾക്കു വിരുദ്ധമായ കാര്യമാണ്, ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. സാധാരണ പൊലീസ് ചെയ്യേണ്ട ഡ്യൂട്ടിയാണത്. അത് പൊലീസ് നിർവഹിക്കും. ഏതെങ്കിലും ഒരാൾ സംഭവസ്ഥലത്ത് ഇറങ്ങിനിന്ന് എഫ്.ഐ.ആറിനു വേണ്ടി സമരം നടത്തുന്ന സ്ഥിതി നമ്മൾ കണ്ടിട്ടുണ്ടോ?

സുരക്ഷ സി.ആർ.പി.എഫിനു കൈമാറിയെന്നാണു പറയുന്നത്. അതു വളരെ വിചിത്രമായ കാര്യമാണ്. സ്റ്റേറ്റിന്റെ തലവനെന്ന നിലയിൽ ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണു ഗവർണർ ഇരിക്കുന്നത്. ആ സുരക്ഷ വേണ്ടെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ തന്നെ ചിലർക്ക് കേന്ദ്രസുരക്ഷയുണ്ട്.

കേരളത്തിൽ ചില ആർ.എസ്.എസുകാർക്ക് നേരത്തെ കേന്ദ്രഗവൺമെന്റ് ഒരുക്കിയിട്ടുള്ള ആ കൂട്ടിൽ ഒതുങ്ങാനാണ് ഗവർണർ ഇപ്പോൾ തയാറായിരിക്കുന്നത്. അതുകൊണ്ട് എന്താണു പ്രത്യേക മേന്മ എന്ന് അറിയില്ല. കേരളം സി.ആർ.പി.എഫ് നേരിട്ട് ഭരിക്കുമോ? എന്താണ് ഗവർണർ ധരിച്ചിരിക്കുന്നത്? സി.ആർ.പി.എഫിന് നേരിട്ടിറങ്ങി കാര്യങ്ങൾ നിർവഹിക്കാൻ പറ്റുമോ?. ഗവർണറുടെ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഇതുവരെ ഇവിടെയുണ്ടായിട്ടുണ്ടോ? നാട്ടിൽ എഴുതപ്പെട്ട നിയമവ്യവസ്ഥകളില്ലേ? ഒരു അധികാര സ്ഥാനവും വലുതല്ല. അതിനു മേലെയാണു നിയമം. നിയമത്തിനു കീഴെയാണ് ഏത് അധികാര സ്ഥാനവും. ആ നിയമമാണു പരമപ്രധാനം. അതു മനസിലാക്കാൻ സാധിക്കണം. സ്വയം വിവേകം കാണിക്കുക എന്നതാണ് പ്രധാനം. സ്കൂളിൽനിന്നു പഠിക്കേണ്ട കാര്യമല്ല. സ്വയം അനുഭവത്തിലൂടെ ആർജിക്കേണ്ട കാര്യമാണ്.

നയപ്രഖ്യാപനത്തിൽ എന്താണ് അദ്ദേഹം കാണിച്ചത്. ഇതൊക്കെ കേരളത്തോടുള്ള ഒരു തരം വെല്ലുവിളിയാണ്. കേരളത്തോടുള്ള അവഹേളനമാണ് ഉണ്ടായത്. ഭരണഘടനയെ അവഹേളിക്കുന്ന നിലപാടുമാണ് ഉണ്ടായത്. അതാണു പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. നയപ്രഖ്യാപന പ്രസംഗം വായിക്കാൻ സമയില്ല, ഒന്നരമണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ ഗവർണർക്ക് സമയമുണ്ട്- മുഖ്യമന്ത്രി ജനുവരിയിൽ നടത്തിയ പരസ്യവിമർശനം ഇങ്ങനെയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.