തിരുവനന്തപുരം: ശബരിറെയിൽപ്പാത സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരവേ, നിർമ്മാണം തുടങ്ങിവച്ച അങ്കമാലി-എരുമേലി പാതയും കേന്ദ്രം താത്പര്യമെടുക്കുന്ന ചെങ്ങന്നൂർ-പമ്പ പാതയും വേണമെന്ന് കേരളം. സ്ഥലമെടുപ്പ് തുടങ്ങുകയും നൂറുകണക്കിനാളുകളുടെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിക്കുകയും ചെയ്ത അങ്കമാലി-എരുമേലി പാത വേഗത്തിൽ നടപ്പാക്കാവുന്നതാണെന്നും അതേസമയം, പഠനം നടക്കുന്ന ചെങ്ങന്നൂർ- പമ്പ പാതയെ സ്വാഗതം ചെയ്യുന്നതായും മന്ത്രിവി.അബ്ദുറഹിമാൻ പറഞ്ഞു. ബദൽപാതയ്ക്കുള്ള കേന്ദ്രനീക്കം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയനീക്കമാണെന്നാണ് മന്ത്രിയുടെ ആരോപണം.
അങ്കമാലി-എരുമേലി പാതയ്ക്ക് 3800.94കോടിയാണ് ചെലവ്. ഇതിൽ 1900.47കോടിയാണ് കേരളം മുടക്കേണ്ടത്. ആ തുക സംബന്ധിച്ച് ഉറപ്പുകിട്ടാതെ പദ്ധതി പരിഗണിക്കില്ലെന്നാണ് റെയിൽവേ നിലപാട്. കിഫ്ബിയിൽ നിന്ന് പണമെടുക്കാമെന്ന കണക്കുകൂട്ടലിലാണ് പകുതി ചെലവ് വഹിക്കാമെന്ന് കേരളം സമ്മതിച്ചിരുന്നത്. കിഫ്ബിയിൽ നിന്നുള്ള പണമെടുപ്പ് സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പിൽ കുറയ്ക്കുന്നതിനാൽ ആ നീക്കം മരവിപ്പിക്കുകയായിരുന്നു. പകുതി ചെലവ് വഹിക്കാമെന്ന നിലപാടിൽ മാറ്റമില്ലെന്നും പക്ഷേ, ഈ വായ്പ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കി തരണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പലിശയില്ലാത്തതും 50 വർഷ കാലാവധിയുള്ളതുമായ വായ്പ ശബരിപ്പാതയ്ക്കായി എടുത്താലും സംസ്ഥാനത്തിന്റെ പൊതുകടത്തിൽ പെടുത്തുമെന്ന് സർക്കാർ വിലയിരുത്തുന്നു.
അങ്കമാലി-രാമപുരം, രാമപുരം-എരുമേലി രണ്ട് റീച്ചുകളായി പാത നിർമ്മിക്കണമെന്ന് കഴിഞ്ഞവർഷവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. രാമപുരം വരെ ഭൂമിയേറ്റെടുക്കലിന് കല്ലിട്ടതാണ്. അങ്കമാലി-എരുമേലി 111കി.മീ പാതയിൽ 7കിലോമീറ്റർ റെയിലും ഒരു പാലവും നിർമ്മിച്ചിട്ടുണ്ട്. 264കോടി ചെലവിട്ട ശേഷം പദ്ധതി 2019ൽ റെയിൽവേ മരവിപ്പിച്ചു.
ഗുണകരം ആദ്യപാത
1)ചെങ്ങന്നൂർ-പമ്പ 75കിലോമീറ്റർ പാതയേക്കാൾ കേരളത്തിന് ഗുണകരം അങ്കമാലി-എരുമേലി പാതയാണ്. 9000 കോടി ചെലവുള്ള പമ്പ എലിവേറ്റഡ് ഇരട്ടപ്പാതയിൽ 45 ദിവസത്തെ മണ്ഡലകാലത്തല്ലാതെ തിരക്കുണ്ടാവില്ല.
2)അങ്കമാലി-എരുമേലി പാത വന്നാൽ എറണാകുളം,ഇടുക്കി,കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഗതാഗതസൗകര്യമേറും. ഇടുക്കിയിലടക്കം മലയോരത്തേക്ക് റെയിൽസൗകര്യമെത്തും. വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടാനുമാവും.
''അങ്കമാലി-എരുമേലിപാതയ്ക്ക് പകുതിചെലവ് വഹിക്കാമെന്ന് കേന്ദ്രത്തിന് പത്തോളം കത്തുകളയച്ചു. വായ്പ തന്നാൽ കൃത്യമായി തിരിച്ചടയ്ക്കും. ശബരിമല തീർത്ഥാടകർക്ക് ഗുണകരം ഈ പാതയാണ്.''
-വി.അബ്ദുറഹിമാൻ,മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |