കൊച്ചി: പ്രേംനസീറിനെ കുറിച്ച് തെറ്റായ പരാർശം നടത്തിയെന്ന വിവാദത്തിൽ നടൻ ടിനി ടോം മാപ്പുപറഞ്ഞു. പ്രേംനസീറിനെപ്പോലുള്ള മഹാരഥൻമാരെ അപമാനിക്കാൻ തനിക്ക് കഴിയില്ല. മോശം പരാമർശം നടത്തിയിട്ടില്ലെന്നും അഭിമുഖം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വീഡിയോസന്ദേശത്തിൽ ടിനി ടോം പറഞ്ഞു.
പ്രേംനസീറിന്റെ ആരാധകരിൽ ഒരാളാണ് താൻ. അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ കഴിയുന്നയാളല്ല. അഭിമുഖത്തിലെ ചെറിയഭാഗമാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ഒരു മുതിർന്നയാൾ പറഞ്ഞത് പങ്കിട്ടതാണ്. അദ്ദേഹം പിന്നീട് കൈമലർത്തി. ആരെയും അവഹേളിക്കാനോ മോശപ്പെടുത്താനോ അല്ല താൻ പറഞ്ഞത്. ആരെയും വാക്കുകാെണ്ടുപോലും വേദനിപ്പിക്കരുതെന്ന് കരുതുന്ന ആളാണ് താൻ. ഇങ്ങനെ സംഭവിച്ചത് തന്നെയും മറ്റുള്ളവരെയും വേദനിപ്പിച്ചു.
തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും ചോദിക്കാൻ തയ്യാറാണ്. നസീറിന്റെ മകൻ ഷാനവാസുമായി പതിവായി ചാറ്റു ചെയ്യുന്നത് ആരാധന കൊണ്ടാണ്. ആരെയും വേദനിപ്പിക്കാൻ മനസാ വാചാ കർമ്മണാ ഉദ്ദേശ്യമില്ല. തനിക്ക് അതിന് കഴിയില്ലെന്നും ടിനി ടോം പറഞ്ഞു.
പ്രേംനസീറിന് അവസാനകാലങ്ങളിൽ സിനിമയില്ലായിരുന്നെന്നും അടൂർ ഭാസി, ബഹദൂർ എന്നിവരുടെ വീടുകളിൽ പോയി കരഞ്ഞിരുന്നെന്നും അഭിമുഖത്തിൽ ടിനി ടോം പറഞ്ഞതാണ് വിവാദമായത്. സിനിമാപ്രവർത്തകർ വിമർശനം ഉന്നയിച്ചതോടെയാണ് മാപ്പുപറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |