കൊൽക്കത്ത: ബംഗാളിൽ പിജി ഡോക്‌ടറെ മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ വേണമെങ്കിൽ തന്നെ തൂക്കിക്കൊന്നോളൂവെന്ന് പ്രതി സഞ്ജയ് റോയി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട്. പൊലീസ് ചോദ്യം ചെയ്ത് തുടങ്ങിയപ്പോൾ തന്നെ സഞ്ജയ് കുറ്റം സമ്മതിച്ചു. ഇയാൾ യാതൊരുവിധ പശ്ചാത്താപവും കാണിച്ചിരുന്നില്ലെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൊൽക്കത്തിയിലെ ആർജി കർ മെഡിക്കൽ കോളേജിലെ പിജി ഡോക്‌ടറായ 31കാരിയാണ് കഴിഞ്ഞ വെള്ളിയാഴ്‌ച ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതിയായ സഞ്ജയ് റോയി ജീവനക്കാരനല്ലാതിരുന്നിട്ടും ആശുപത്രി ക്യാമ്പസിൽ പതിവായി എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. കൊൽക്കത്ത പൊലീസിൽ സിവിൽ വോളന്റിയറായി പ്രവർത്തിച്ചിരുന്നയാളാണ് പ്രതി. ട്രാഫിക് നിയന്ത്രണവും ദുരന്ത മേഖലയിലും ഉൾപ്പെടെ വിവിധ തരത്തിലുള്ള ജോലികളിൽ പൊലീസുകാരെ സഹായിക്കാൻ റിക്രൂട്ട് ചെയ്യുന്ന കരാർ ജീവനക്കാരാണ് സിവിക് വോളന്റിയർമാർ. പ്രതിമാസം ഏകദേശം 12,000 രൂപ വേതനം ലഭിക്കുന്ന ഇവർക്ക് സാധാരണ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാകില്ല.
റിപ്പോർട്ടുകൾ പ്രകാരം 2019ലാണ് കൊൽക്കത്ത പൊലീസിന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഗ്രൂപ്പിൽ സന്നദ്ധപ്രവർത്തകനായി റോയ് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് പൊലീസ് വെൽഫെയർ സെല്ലിലേയ്ക്ക് മാറി. തുടർന്നാണ് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് ഔട്ട്‌പോസ്റ്റിലേയ്ക്ക് മാറിയത്. ആശുപത്രിയിൽ പ്രവേശനം ലഭിക്കാൻ പണം ഈടാക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. സർക്കാർ ആശുപത്രിയിൽ കിടക്ക ലഭിച്ചില്ലെങ്കിൽ സമീപത്തെ നഴ്‌സിംഗ് ഹോമുകളിൽ കിടക്ക കണ്ടെത്താൻ രോഗികളുടെ ബന്ധുക്കളിൽ നിന്ന് പണം ഈടാക്കുന്ന ജോലിയും ഇയാൾ ചെയ്തിരുന്നു.
പൊലീസ് ഉദ്യോഗസ്ഥൻ അല്ലെങ്കിലും പ്രതി തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് ചില സമയങ്ങളിൽ പൊലീസ് ബാരക്കുകളിൽ താമസിച്ചിരുന്നു. കെപി (കൊൽക്കത്ത പൊലീസ്) എന്ന് എഴുതിയ ടീ ഷർട്ടാണ് ഇയാൾ കൂടുതലും അടിച്ചിരുന്നത്. ഇയാളുടെ ബൈക്കിനും കെപി ടാഗ് ഉണ്ടായിരുന്നു. താൻ കൊൽക്കത്ത പൊലീസ് ഉദ്യോഗസ്ഥനാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർദ്ധനഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡോക്ടർ ക്രൂരമായ മാനഭംഗത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെയാണ് പൊലീസിന്റെ സിവിക് വൊളന്റിയറായ പ്രതി പിടിയിലായത്.
സംഭവുമായി ബന്ധപ്പെട്ട് കൊൽക്കത്തിയിലെ ആർജി കർ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ രാജിവച്ചു. കടുത്ത പ്രതിഷേധത്തെ തുടർന്നാണ് പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിന്റെ രാജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |