കൊച്ചി: റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ കവർച്ചാക്കേസ് പ്രതി അറസ്റ്റിലായി. കാസർകോട് സ്വദേശി ഇബ്രാഹിം ബാദുഷയാണ് (25) അറസ്റ്റിലായത്. കൊല്ലം, ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ കവർച്ചാ കേസുകളിലെ പ്രതിയായ ഇബ്രാഹിം കഴിഞ്ഞ ദിവസമാണ്കക്കൂസിന്റെ ജനൽപാളി ഇളക്കിമാറ്റി രക്ഷപ്പെട്ടത്. റെയിൽവേ പൊലീസിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ചു നടത്തിയ തെരച്ചിലിൽ പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് പിടികൂടിയത്.
ട്രെയിനിൽ കയറിയിറങ്ങി മോഷണം പതിവാക്കിയ ആളാണ് ഇബ്രാഹിം ബാദുഷ. ഇയാളെ പിടികൂടാൻ വ്യാപക അന്വേഷണം നടത്തിവരുന്നതിനിടെ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽവച്ച് ആർ.പി.എഫിന്റെ വലയിലാകുന്നത്. തുടർന്ന് ഇബ്രാഹിം ബാദുഷയെ ആർ.പി.എഫ് എറണാകുളം സൗത്ത് റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തിച്ച് കൈമാറി. പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ കക്കൂസിൽ പോകണമെന്ന് ഇയാൾ നിർബന്ധം പിടിച്ചു.
കക്കൂസിലേക്ക് കയറി ടാപ്പ് തുറന്നുവച്ച് ജനൽപാളികൾ ഒന്നൊന്നായി അഴിച്ചുമാറ്റി പ്രതി പുറത്തേയ്ക്ക് കടക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ഇബ്രാഹിം ബാദുഷ വെളിയിലേക്ക് വരാതായതോടെ കക്കൂസിന്റെ വാതിൽ തള്ളിത്തുറന്ന് നോക്കുമ്പോഴാണ് പ്രതി രക്ഷപ്പെട്ടത് പൊലീസ് തിരിച്ചറിഞ്ഞത്. കസ്റ്റഡിയിൽനിന്ന് ചാടിപ്പോയതുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ എറണാകുളം സൗത്ത് റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കൊല്ലം റെയിൽവേ പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |