കണ്ണൂർ: ശക്തി തിയേറ്റേഴ്സ് അബുദാബി ഏർപ്പെടുത്തിയ അബുദാബി ശക്തി തായാട്ട് അവാർഡുകൾ പ്രഖ്യാപിച്ചു. ശക്തി ടി.കെ. രാമകൃഷ്ണൻ പുരസ്‌കാരത്തിന് ചലച്ചിത്ര സംവിധായകൻ ഷാജി എൻ.കരുൺ അർഹനായി. അരലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
കവിതാ പുരസ്‌കാരം ശ്രീകാന്ത് താമരശ്ശേരിയുടെ കടൽ കടന്ന കറിവേപ്പുകൾക്കാണ്. കഥയ്ക്കുള്ള പുരസ്‌കാരം ഗ്രേസിയും (ഗ്രേസിയുടെ കുറുംകഥകൾ), മഞ്ജു വൈഖരിയും (ബോധി ധാബ) പങ്കിട്ടു. ബാലസാഹിത്യത്തിനുള്ള അവാർഡ് ദിവാകരൻ വിഷ്ണുമംഗലം (വെള്ള ബലൂൺ), ഡോ.രതീഷ് കാളിയാടൻ (കുട്ടിക്കുട ഉഷാറാണ്) എന്നിവർക്കാണ്.
നാടകത്തിനുള്ള അവാർഡ് കാളിദാസ് പുതുമന (നാടകപഞ്ചകം), ഗിരീഷ് കളത്തിൽ (ഒച്ചയും കാഴ്ചയും) എന്നിവർ പങ്കിട്ടെടുത്തു. നോവലിനുള്ള അവാർഡ് ജാനമ്മ കുഞ്ഞുണ്ണിയുടെ പറയാതെ പോയത് എന്ന നോവൽ സ്വന്തമാക്കി.
ശക്തി തായാട്ട് അവാർഡ് ഇത്തവണ എം.കെ.ഹരികുമാർ (അക്ഷര ജാലകം), ആർ.വി.എം ദിവാകരൻ (കാത്തുനിൽക്കുന്നു കാലം) എന്നിവർ പങ്കിട്ടു. ഇതര സാഹിത്യത്തിനുള്ള ശക്തി എരുമേലി അവാർഡ് പി. പി. ബാലചന്ദ്രന്റെ എ.കെ.ജിയും ഷേക്സിപിയറും എന്ന കൃതിക്കാണ്.
പി.പി. അബൂബക്കർ രചിച്ച 'ദേശാഭിമാനി ചരിത്രം' , സിയാർ പ്രസാദ് രചിച്ച 'ഉപ്പുകൾ' എന്ന കവിതാ സമാഹാരവും പ്രത്യേക പുരസ്‌കാരങ്ങൾക്കായി തിരഞ്ഞെടുത്തു.
അവാർഡുകൾ 25 വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ . സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിതരണം ചെയ്യും.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കെൽട്രോണും ധാരണ പത്രം ഒപ്പു വച്ചു
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കെൽട്രോണുമായി സഹകരിച്ച് വിവിധ നൈപുണ്യ വികസന ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ തുടങ്ങുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു . മന്ത്രിമാരായ ഡോ. ആർ ബിന്ദു, പി. രാജീവ്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.ഡോ. ജഗതി രാജ് വി .പി എന്നിവരുടെ സാന്നിദ്ധ്യത്തിൽ സെക്രട്ടേറിയറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കെൽട്രോൺ മാനേജിംഗ് ഡയറക്ടർ റിട്ടയേർഡ് വൈസ് അഡ്മിറൽ ശ്രീകുമാർ നായരും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ഡിംപി വി. ദിവാകരനുമാണ് ധാരണ പത്രം ഒപ്പുവച്ചത്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പരിധിയിൽ വരുന്ന വിദൂര വിദ്യാഭ്യാസ യു.ജി പി.ജി പ്രോഗ്രാമുകളിലെ പഠിതാക്കൾക്ക് ആഡ് ഓൺ കോഴ്സുകൾ ആയി കെൽട്രോൺ നടത്തുന്ന നൈപുണ്യ വികസന, തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാൻ ധാരണാപത്രം പ്രകാരം അവസരം ലഭിക്കും. ഇതോടൊപ്പം ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾക്ക് ഇന്റേൺഷിപ്പിനും ടെക്നിക്കൽ അപ്രന്റീസ്ഷിപ്പുകൾക്കും കെൽട്രോണിൽ അവസരം ലഭിക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. എസ്. വി. സുധീർ, കെൽട്രോൺ ചെയർമാൻ എൻ. നാരായണ മൂർത്തി, സിൻഡിക്കേറ്റ് അംഗങ്ങൾ, ഓഫീസർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |