കോന്നി: സംസ്ഥാനത്ത് റബർ വില 250 രൂപയിൽ കൂടിയതോടെ മലയോര മേഖല പ്രതീക്ഷയിൽ. വില ഇടിവ് മൂലം ടാപ്പിംഗ് നിറുത്തിവച്ച കർഷകർ വീണ്ടും ടാപ്പിംഗ് ആരംഭിച്ചു. സംസ്ഥാനത്ത് പലയിടത്തും ചെറുകിട വ്യാപാരികൾ 247- 249 രൂപയ്ക്കാണ് റബർ ശേഖരിക്കുന്നത്. റബർ ഇറക്കുമതി കുറഞ്ഞതോടെ ടയർ നിർമ്മാതാക്കൾ പ്രദേശിക വിപണിയെ ആശ്രയിച്ചതാണ് നേട്ടത്തിന് കാരണം. ഒട്ടുപാൽ വിലയും വർദ്ധിച്ചിട്ടുണ്ട്. 180 രൂപയ്ക്ക് വരെ വ്യാപാരികൾ ഒട്ടുപാൽ സംഭരിക്കുന്നുണ്ട്. അതേസമയം ലാറ്റക്സ് വില കുറയുന്നത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. ലാറ്റക്സ് വില 243 ഉണ്ടെങ്കിലും കർഷകർക്ക് 228 രൂപയെ ലഭിക്കുകയുള്ളൂ. 2011 ഏപ്രിൽ അഞ്ചിനായിരുന്നു ഇതിനു മുമ്പ് റബർ വില ഭേദപ്പെട്ട നിലയിൽ എത്തിയത്. അന്ന് 243 രൂപയ്ക്കായിരുന്നു ചെറുകിടവ്യാപാരികൾ ശേഖരിച്ചത്. പിന്നീടൊരിക്കലും ഈ വില ലഭിച്ചിട്ടില്ല.
ഇനിയും വില വർദ്ധിക്കും
ആഭ്യന്തര വിലയ്‌ക്കൊപ്പം രാജ്യാന്തര വിലയിലും കയറ്റം തുടരുകയാണ്. ബാങ്കോക്കിൽ ആർ.എസ്.എസ് 1ന് 209 രൂപയാണ് വില. 165 രൂപ വരെ താഴ്ന്ന ശേഷമാണ് ഈ കുതിപ്പ്. രാജ്യാന്തര, ആഭ്യന്തര വിലകൾ തമ്മിലുള്ള അന്തരം 32 രൂപയ്ക്ക് മുകളിലാണ്. ഈ ട്രെന്റ് നിലനിന്നാൽ കിലോയ്ക്ക് 300 രൂപയിലേക്ക് റബർ വില കുതിക്കാനുള്ള സാദ്ധ്യതയുണ്ടന്നും വിദഗ്ദ്ധർ പറയുന്നു.
റബർ വിലയിലുണ്ടായ മുന്നേറ്റം മലയോര മേഖലയിലെ കർഷകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നു.
സുരേഷ് തേക്കുതോട് (റബർ കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |