അടൂർ : നിയോജകമണ്ഡലം പരിധിയിൽ വിവിധ സ്ഥലങ്ങളിലായുള്ള പൊതുമരാമത്ത് വകുപ്പിന്റെ കാര്യാലയങ്ങളെ ഏകോപിച്ചു കൊണ്ടുള്ള അടൂർ പി.ഡബ്ല്യു.ഡി സമുച്ചയം നിർമ്മാണത്തിന് സജ്ജമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. മൂന്ന് നിലയുള്ള സമ്പൂർണ്ണ സമുച്ചയമായി വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതിയുടെ ഒന്നാം ഘട്ടമായി ഗ്രൗണ്ട് ഫ്ലോർ, ഒന്നാം നില എന്നിവയാണ് അഞ്ചു കോടി രൂപയ്ക്ക് പ്രാഥമികമായി പൂർത്തിയാക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ അടൂർ നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ സബ്ഡിവിഷൻ കാര്യാലയം, അടൂർ പന്തളം എന്നീ മേഖലകളിലെ നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർമാരുടെ സെക്ഷൻ കാര്യാലയങ്ങൾ, ഒന്നാം നിലയിൽ അടൂർ പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ സബ്ഡിവിഷൻ കാര്യാലയം, അടൂർ കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ സെക്ഷൻ കാര്യാലയം എന്ന രീതിയിലാകും ഇവിടെ ക്രമീകരിക്കപ്പെടുന്നത്. അഞ്ചു കോടി അനുവദനീയ അടങ്കലിൽ 41 ലക്ഷം സിവിൽ പ്രവർത്തികൾക്കും, 36,40,000 ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾക്കും 22 ലക്ഷത്തി അമ്പതിനായിരം ഇലക്ട്രോണിക്സ് തുടങ്ങിയ ഇതര പ്രവർത്തികൾക്കും എന്ന നിലയിലാണ് നിലവിൽ 1836 ചതുരശ്ര മീറ്റർ വിസ്തീർണ്ണം വരുന്ന ഈ സമുച്ചയത്തിന്റെ ഒന്നാംഘട്ട ടെൻഡറിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുള്ളത്. സമയബന്ധിതമായി ഈ പദ്ധതി പൂർത്തീകരണത്തിന് വേണ്ട നടപടി സ്വീകരിക്കുവാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം ചുമതല ഉദ്യോഗസ്ഥർക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. മണ്ഡലത്തിലുള്ള എല്ലാ റവന്യൂ കാര്യാലയങ്ങളും ബന്ധിപ്പിക്കുന്നതിനായി അഞ്ചു കോടി അടങ്കൽതുകയും അടൂർ റവന്യൂ കോംപ്ലക്സിന്റെ ഭരണാനുമതി നടപടിയും അന്തിമഘട്ടത്തിലെത്തി കഴിഞ്ഞതായി ഡെപ്യൂട്ടി സ്പീക്കർ സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |