
കൊച്ചി: ആഭരണ നിർമ്മാണത്തിന് നൽകിയ 13.9 കോടി രൂപ വിലമതിക്കുന്ന 8.652 കിലോ സ്വർണം കമ്പനി ഇൻചാർജ് മോഷ്ടിച്ചതായി പരാതി. കൊച്ചിൻ സ്‌പെഷ്യൽ ഇക്കണോമിക് സോണിലെ (സെസ്) രാജേഷ് എക്സ്പോർട്ട് കമ്പനിയുടെ പരാതിയിൽ എറണാകുളം സ്വദേശിയായ ജീവനക്കാരനെതിരെ കേസെടുത്തു. 2010 മുതൽ 2020 വരെയുള്ള കാലയളവിലായിരുന്നു സ്വർണത്തിരിമറി നടന്നതെന്നാണ് പരാതി. ഇൻചാർജ് ഒളിവിലാണെന്നാണ് വിവരം.
സ്വർണാഭരണങ്ങൾ നിർമ്മിച്ച് വിദേശത്തേക്ക് കയറ്റി അയക്കുന്ന കമ്പനിയാണിത്. കമ്പനിയിൽ നടന്നുവരുന്ന ആഭ്യന്തര പരിശോധനയിലാണ് സ്വർണം നഷ്ടമായ വിവരം മേലധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞദിവസം കമ്പനി ലീഗൽ ഓഫീസർ നേരിട്ടെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി വർഷങ്ങളായി എക്‌സ്‌പോർട്ടിംഗ് കമ്പനി ജീവനക്കാരനാണ്. കൊച്ചി സിറ്റി പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നികുതി ഇളവോടെ ഇറക്കുമതി നടത്തുന്ന സെസിലെ കമ്പനികൾ ഉത്പന്നങ്ങൾ പൂർണമായും കയറ്റുമതി ചെയ്യണമെന്നാണ് ചട്ടം.
മറ്റൊരു കമ്പനിയിലും തട്ടിപ്പ്
ഫെബ്രുവരിയിൽ മറ്റൊരു എക്‌സ്‌പോർട്ടിംഗ് കമ്പനിയിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന 141.14 ഗ്രാം സ്വർണം മോഷണം പോയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന പശ്ചിമബംഗാൾ സ്വദേശികളായ പ്രശാന്ത് ശങ്കർ, റഫീദ് ഉൾ മുൻഷി എന്നിവർക്കെതിരെയായിരുന്നു അന്വേഷണം. ഇരുവരും പിടിയിലായതായി സൂചനയുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ് പറയുന്നു.
ജനുവരി 12 മുതൽ 22 വരെ സ്വർണാഭരണങ്ങൾ നിർമ്മിക്കാൻ പ്രശാന്തിന് 688.19 ഗ്രാം സ്വർണവും ഷെഫിക് ഉൾ മുൻഷിക്ക് 524.37 ഗ്രാം സ്വർണവും കമ്പനി നൽകിയിരുന്നു. സ്വർണാഭരണ നിർമ്മാണത്തിന്റെ മറവിൽ പ്രശാന്ത് 92.47 ഗ്രാം സ്വർണവും ഷെഫിക് ഉൾ മുൻഷി 48.67 ഗ്രാം സ്വർണവും കൈക്കലാക്കിയെന്ന കമ്പനി മാനേജരുടെ പരാതിയിലാണ് കേസെടുത്തത്. പ്രതികൾ വർഷങ്ങളായി എക്‌സ്‌പോർട്ടിംഗ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |