പാരീസ് : 100 ഗ്രാം ഭാരം കൂടിപ്പോയി എന്നതിന്റെ പേരിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ താരം വിനേഷ് ഫോഗാട്ട് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയിൽ നൽകിയ അപ്പീൽ തള്ളി. ഇതോടെ പാരീസ് ഒളിമ്പിക്സിൽ നിന്ന് വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയ്ക്ക് മെഡൽ ലഭിക്കില്ലെന്ന് ഉറപ്പായി.
വിശദമായ കോടതി ഉത്തരവ് പിന്നീട് വരും. അയോഗ്യയാക്കിയത് ചോദ്യം ചെയ്തും വെള്ളിമെഡൽ പങ്കിടണമെന്നും ആവശ്യപ്പെട്ട് വിനേഷ് നൽകിയ അപ്പീലാണ് തള്ളിയത്. ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.30ഓടെയാണ് അന്തിമ വിധി വന്നത്.
ഒളിമ്പിക്സിൽ ഗുസ്തി മത്സരങ്ങൾ സംഘടിപ്പിക്കുന്ന യുണൈറ്റഡ് റെസ്ലിംഗ് വേൾഡും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുമായിരുന്നു കേസിലെ എതിർകക്ഷികൾ. നിയമം നിയമമാണെന്നും ആർക്കു വേണ്ടിയും അതു മാറ്റാൻ സാധിക്കില്ലെന്നും രണ്ടു സംഘടനകളുടേയും നേതൃത്വം കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.
വിനേഷിന്റെ അപ്പീലിൽ നാളെ വിധി പറയുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും സംക്ഷിപ്തമായ വിധി ഇന്നലെ പുറത്തുവരികയായിരുന്നു. നാളെ 9.30വരെയാണ് വിധി പറയാൻ സമയ പരിധി അനുവദിച്ചിരുന്നത്.
ഒളിമ്പിക്സുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനുള്ള കായിക തർക്ക പരിഹാര കോടതിയുടെ പ്രത്യേക ബഞ്ചിലാണ് വിനേഷ് അപ്പീൽ നൽകിയിരുന്നത്. ശനിയാഴ്ച വാദം പൂർത്തിയായിരുന്നെങ്കിലും ആർബിട്രേറ്റർക്ക് രേഖകൾ സമർപ്പിക്കാനായി ഞായറാഴ്ച ഇന്ത്യൻ സമയം ഒൻപതര വരെ കോടതി സമയം നീട്ടി നൽകുകയായിരുന്നു. നേരത്തേ ചൊവ്വാഴ്ച വിധിവരുമെന്നായിരുന്നു വിവരമെങ്കിലും പിന്നീട് നീട്ടി.രണ്ട് അപ്പീലുകൾ രണ്ട് അപ്പീലുകളാണ് വിനേഷ് നൽകിയിരുന്നത്. തന്നെ ഫൈനലിൽ മത്സരിപ്പിക്കണമെന്നതായിരുന്നു ആദ്യ അപ്പീൽ. ഇത് ആദ്യംതന്നെ കോടതി തള്ളിയിരുന്നു. ഫൈനലിൽ എത്തിയത് നിയമവിധേയമായിട്ടാണെന്നും അതിനാൽ വെള്ളിമെഡൽ പങ്കിടണമെന്നുമായിരുന്നു രണ്ടാമത്തെ അപ്പീൽ. ഇതിന്മേലാണ് ദീർഘമായ വാദം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |