SignIn
Kerala Kaumudi Online
Saturday, 19 October 2024 10.40 AM IST

അന്ന് ചത്തത് 13 പശുക്കൾ,​ സഹായിക്കാനായി മമ്മൂട്ടിയും ജയറാമും അടക്കമുള്ളവർ എത്തി; മാസങ്ങൾക്കിപ്പുറം മാത്യുവിന്റെ ജീവിതം ആകെ മാറി

Increase Font Size Decrease Font Size Print Page

mathew

തൊടുപുഴ: ഓമനകളായിരുന്ന 13 പശുക്കൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് സങ്കടക്കടലിലായ മാത്യു ബെന്നിക്കായി കേരളം സ്നേഹം ചുരത്തിയപ്പോൾ അവന്റെ വീട് വീണ്ടും അമ്പാടിയായി... കുട്ടി ക്ഷീരകർഷകനുള്ള സർക്കാരിന്റെ അവാർഡ് നേടിയ 16കാരന്റെ ഇടുക്കി വെള്ളിയാമറ്റം കി​ഴ​ക്കേ​പ​റ​മ്പി​ൽ വീട്ടിലെ ഫാമിൽ ഇപ്പോൾ ഏഴ് കറവ പശുക്കളടക്കം 23 കന്നുകാലികളുണ്ട്. രണ്ട് ഗർഭിണികളും പശുകിടാക്കളും മൂരികളും. ദിവസം 60 ലിറ്ററിലേറെ പാൽ കറക്കുന്നു. രാവിലെ 40,വൈകിട്ട് 20. പാൽ വീടുകളിലും സൊസൈറ്റികളിലും വിൽക്കും.

2023 ഡിസംബർ 31ന് രാത്രിയാണ് 22 പശുക്കളിൽ 13 എണ്ണവും കപ്പത്തൊണ്ടിലെ സയനൈഡ് വിഷബാധയിൽ ചത്തത്. മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ കേരളമെമ്പാടും നിന്ന് സഹായം പ്രവഹിച്ചു. അന്ന് മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും വീട്ടിലെത്തി ഇൻഷ്വറൻസുള്ള അഞ്ച് കറവ പശുക്കളെ ലൈവ്‌സ്റ്റോക്ക് ബോർഡ് വഴി നൽകി.

ഗർഭിണികളായ മൂന്ന് പശുക്കളെ സി.പി.എം നൽകി. പി.ജെ. ജോസഫ് എം.എൽ.എ നൽകിയ കരീനയെന്ന പശു ഗർഭിണിയാണ്. കത്തോലിക്കാ കോൺഗ്രസ് നൽകിയ രണ്ട് പശുക്കളും മൂരിക്കിടാവും. മമ്മൂട്ടി,​ പൃഥിരാജ്,​ ജയറാം,​ ലുലു ഗ്രൂപ്പ്,​ മിൽമ തുടങ്ങിയവർ സാമ്പത്തികമായും സഹായിച്ചു.17 ലക്ഷം രൂപ കിട്ടി. പശുക്കളെ പോറ്റാനാണ് ഈ പണം ചെലവാക്കുന്നത്.

ഓരോ പശുവിനെയും കിടാവിനെയും പേര് ചൊല്ലിയാണ് വിളിയ്ക്കുന്നത്. കൊച്ചുറാണി, ഐശ്വര്യറാണി, ഇരട്ടകളായ പൊന്നുവും മിന്നുവും, മറിയാമ്മയും മർത്തയും കണ്ണാപ്പിയും, വെള്ളക്കിടാവും മകൾ അൽഫോൺസയും... അവയ്ക്കെല്ലാം ഉറ്റ ചങ്ങാതിയാണ് മാത്യു.

2020ൽ പിതാവ് ബെന്നി മരിച്ചതോടെ പശുക്കളെ ഏറ്റെടുത്ത എട്ടാം ക്ലാസുകാരന്റെ ജീവിതം കേരളകൗമുദിയാണ് ലോകത്തെ അറിയിച്ചത്. ഇതുകണ്ട് മന്ത്രി ചിഞ്ചുറാണി ഫോണിൽ വിളിച്ചു. തൊഴുത്ത് നിർമ്മിക്കാൻ പണവും നൽകി. ബെന്നി മരിച്ചതോടെ ഭാര്യ ഷൈനി പശുക്കളെ വിൽക്കാൻ തീരുമാനിച്ചത് മാത്യുവിനെ സങ്കടത്തിലാക്കി. അമ്മയുടെ മനസലിഞ്ഞു. പശുക്കളെ അവൻ ഏറ്റെടുത്തു. പത്ത് പശുക്കളായിരുന്നു. രണ്ട് വർഷം കൊണ്ട് 22 ആയി. പഠനത്തിലും മിടുക്കനാണ്.

വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർത്ഥി. വെറ്ററിനറി ഡോക്ടറാകണം. ബ്രില്ല്യന്റ് കോച്ചിംഗ് സെന്ററിന്റെ സഹായത്തോടെ എൻട്രൻസിനും പഠിക്കുന്നു. അനിയത്തി റോസ് മേരി പത്താം ക്ലാസിൽ. മൂത്ത സഹോദരൻ ജോർജ് പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്ത് പോകാനിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MATHEW, COW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.