45 ഉന്നത പദവികളിൽ കരാർ / ഡെപ്യൂട്ടേഷൻ നിയമന നീക്കം
സിവിൽ സർവീസിനെ സ്വകാര്യവൽക്കരിക്കാനെന്ന് പ്രതിപക്ഷം
ന്യൂഡൽഹി : കേന്ദ്രത്തിൽ ഐ. എ.എസ് ഉൾപ്പെടെ ഉന്നത സിവിൽ സർവീസ് തസ്‌തികകളിൽ സംവരണമില്ലാതെ ലാറ്ററൽ എൻട്രി നടത്താനുള്ള നീക്കത്തിൽ വിവാദം പുകയുന്നു.
24 മന്ത്രാലയങ്ങളിലെ 10 ജോയിന്റ് സെക്രട്ടറിമാരുടെയും, ഡയറക്‌ടർ, ഡെപ്യൂട്ടി സെക്രട്ടറി തസ്‌തികകളിലെ 35 ഒഴിവുകളിലേക്കുമാണ് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. 45 പോസ്റ്റുകളിലേക്കും കരാർ / ഡെപ്യൂട്ടേഷൻ നിയമനമാണെന്ന് യു.പി.എസ്.സി പരസ്യത്തിൽ പറയുന്നു. സെപ്റ്റംബർ 17ന് മുമ്പ് നിയമനം നടത്തും.
സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന തസ്‌തികകളാണിത്.
യോഗ്യതയും പ്രവൃത്തിപരിചയവും വൈദഗ്ദ്ധ്യവുമുള്ളവർക്ക് അവസരമൊരുക്കാനാണ് ലാറ്ററൽ എൻട്രിയെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാല, ഗവേഷണ ഇൻസ്റ്രിറ്റ്യൂട്ടുകൾ എന്നിവയിലെ ജീവനക്കാർക്കും, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അപേക്ഷിക്കാം. ജോയിന്റ് സെക്രട്ടറി തസ്‌തികയിലേക്ക് 15 വർഷത്തെ പരിചയംവേണം. പ്രായം 40-55. ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം.
സംവരണം അട്ടിമറി ഇങ്ങനെ
45 ഒഴിവുകളെ സിംഗിൾ ഗ്രൂപ്പായി കണക്കാക്കിയാൽ സംവരണം നൽകേണ്ടി വരും. എന്നാൽ, ഓരോ മന്ത്രാലയത്തിലെ ഒഴിവിനും പ്രത്യേകം പരസ്യമായതിനാൽ ഇവ സിംഗിൾ പോസ്റ്റ് ഒഴിവായാണ് കണക്കാക്കുന്നത്. അപ്പോൾ എസ്. സി, എസ്, ടി, ഒ.ബി.സി സംവരണം അട്ടിമറിക്കപ്പെടും.
ആർ.എസ്.എസ്‌കാരെ നിയമിക്കാനെന്ന് രാഹുൽ
ഐ. എ. എസിനെ സ്വകാര്യവൽക്കരിച്ച് സംവരണം അട്ടിമറിക്കാനുള്ള മോദിയുടെ ഗാരണ്ടിയാണിതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണഘടനയും യു.പി.എസ്.സിയുടെ പരമ്പാഗത റിക്രൂട്ട്മെന്റ് പ്രക്രിയയും അട്ടിമറിക്കുകയാണ് മോദി സർക്കാർ. ഉന്നത പദവികളിൽ ആർ.എസ്.എസുകാരെ നിയമിക്കാനാണിത്. പിന്നോക്ക വിഭാഗങ്ങൾക്ക് ഇപ്പോഴും ഉന്നത ബ്യൂറോക്രസിയിൽ മതിയായ പ്രാതിനിധ്യമില്ല. പുതിയ നയം കൂടുതൽ അവഗണനയാവും. കഴിവുള്ള യുവാക്കളുടെ അവകാശം തട്ടിപ്പറിക്കുകയാണ്. സാമൂഹ്യ നീതിയുടെ നിഷേധമാണിത്.
വൻ പ്രതിഷേധവുമായി പ്രതിപക്ഷം
ഉന്നത നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി സംവരണം പാലിക്കാത്ത നീക്കത്തിൽ വൻപ്രതിഷേധവുമായി 'ഇന്ത്യ' സഖ്യ നേതാക്കൾ. പിന്നോക്ക വിഭാഗത്തെ തഴയാനുള്ള ബി.ജെ.പിയുടെ ആസൂത്രിത നീക്കമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആരോപിച്ചു. അഖിലേഷ് യാദവ് (സമാജ്‌വാദി), തേജസ്വി യാദവ് (ആർ.ജെ.ഡി ), മായാവതി ( ബി.എസ്.പി ) എന്നിവരും വിമർശിച്ചു.
നിതി ആയോഗ് ശുപാർശ
2017ൽ നിതി ആയോഗും, സെക്‌ടറൽ ഗ്രൂപ്പ് ഒഫ് സെക്രട്ടറീസും ആണ് ഉന്നത തസ്‌തികകളിൽ ലാറ്ററൽ എൻട്രി ശുപാർശ ചെയ്‌ത്. 2018ൽ ജോയിന്റ് സെക്രട്ടറി തസ്‌തികകളിൽ ആയിരുന്നു ആദ്യ പരസ്യം. സെക്രട്ടറിയും അഡീഷണൽ സെക്രട്ടറിയും കഴിഞ്ഞാണ് ജോയിന്റ് സെക്രട്ടറി. അതിന് താഴെയാണ് ഡയറക്‌ടർ, ഡെപ്യൂട്ടി സെക്രട്ടറി പോസ്റ്രുകൾ. നിലവിൽ ലാറ്ററൽ എൻട്രി നേടിയ 57 ഉദ്യോഗസ്ഥർ മന്ത്രാലയങ്ങളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |