ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്ക് നഗരത്തിൽ ഇന്നലെ നടന്ന ഇന്ത്യാദിന പരേഡിന്റെ ഭാഗമായി അയോദ്ധ്യ രാം മന്ദിർ ഫ്ളോട്ട് അവതരിപ്പിച്ചത് വിവാദമാകുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെ എതിർപ്പിനെ മറികടന്നാണ് രാം മന്ദിറിന്റെ ഫ്ളോട്ട് പരേഡിൽ അവതരിപ്പിച്ചത്. അമേരിക്കയിലെ വിശ്വഹിന്ദു പരിഷത്ത് ആണ് ഫ്ളോട്ട് അണിയിച്ചൊരുക്കിയത്.
ഫ്ളോട്ട് പൂമാലകൾകൊണ്ട് അലങ്കരിച്ചിരുന്നു. കൂടാതെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് ചില പ്രവാസികൾ ഇന്ത്യൻ പതാകയേന്തി ഫ്ളോട്ടിനൊപ്പം നൃത്തം വയ്ക്കുന്നതും ചിത്രങ്ങളിൽ കാണാം.
രാം മന്ദിർ ഫ്ളോട്ട് പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുമുൻപ് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ക്ഷേത്രത്തിന്റെ ഫ്ളോട്ട് പ്രദർശിപ്പിക്കുന്നത് മുസ്ളീം വിരുദ്ധമാണെന്നും പരിപാടിയിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് ചില സംഘടനകൾ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്, ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൽ എന്നിവർക്ക് കത്ത് നൽകുകയും ചെയ്തു. അയോദ്ധ്യ രാം മന്ദിർ ബാബറി മസ്‌ജിദ് തകർത്തതിനെ മഹത്വപ്പെടുത്തുന്നുവെന്നും ഇത് മുസ്ളീം വിരുദ്ധമാണെന്നുമാണ് കത്തിൽ ചൂണ്ടിക്കാട്ടിയത്. കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ളാമിക് റിലേഷൻസ്, ഇന്ത്യൻ അമേരിക്കൻ മുസ്ളീം കൗൺസിൽ, ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്നീ സംഘടനകൾ കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.
അതേസമയം, ഫ്ളോട്ട് ഹൈന്ദവ ആരാധനാലയത്തെ പ്രതിനിധീകരിക്കുന്നതും ഇന്ത്യയുടെയും ഹൈന്ദവ സമൂഹത്തിന്റെയും പ്രധാന ആരാധനാമൂർത്തിയെ മഹത്വപ്പെടുത്തുന്നതുമാണെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ വിശദീകരണം. ഫ്ളോട്ട് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആവിഷ്‌കാരമാണെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും പ്രതികരിച്ചു,
പരേഡ് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ് ഇന്ത്യാദിന പരിപാടി സംഘടിപ്പിച്ച ഫെഡറേഷൻ ഒഫ് ഇന്ത്യൻ അസോസിയേഷൻസ് പറഞ്ഞത്. വിവിധ സമുദായങ്ങളിൽ നിന്നുള്ള ഫ്ലോട്ടുകൾ അവതരിപ്പിക്കാറുണ്ടെന്നും സംഘടന വ്യക്തമാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ന്യൂയോർക്ക് സിറ്റി വാർഷിക പരേഡ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |