പാടുന്ന നായികമാർ സിനിമയിൽ ഒരുപാടുണ്ടെങ്കിലും പാട്ടെഴുതുന്ന നായികമാരെ മഷിയിട്ട് നോക്കിയാൽ പോലും കണ്ടെന്ന് വരില്ല. പ്രദർശനത്തിനൊരുങ്ങുന്ന മനോരാജ്യം എന്ന ചിത്രത്തിലൂടെ പാട്ടെഴുതുന്ന നായിക എന്ന പെരുമ സ്വന്തമാക്കുകയാണ് രഞ്ജിത മേനോൻ. മണിയറയിലെ അശോകൻ, സാജൻ ബേക്കറി സിൻസ് 1962, പത്രോസിന്റെ പടപ്പുകൾ എന്നീ സിനിമകളിലൂടെയും പോച്ചർ എന്ന വെബ് സീരീസിലൂടെയും ശ്രദ്ധേയയായ രഞ്ജിത മേനോൻ മനോരാജ്യത്തിൽ നിഖിൽ സാനിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ'തെളിവാനമേ' എന്ന പാട്ടെഴുതിയത് യാദൃശ്ചികമായാണ്. ''പഠിച്ചത് ഫങ്ഷണൽ ഇംഗ്ലീഷും എം.ബി.എ ഇൻ ടൂറിസവുമൊക്കെയാണെങ്കിലും ഞാൻ പത്താം ക്ലാസ് വരെ മലയാളം മീഡിയത്തിലാണ് പഠിച്ചത്. വീട്ടിലെല്ലാവർക്കും മലയാളം എഴുതാനും വായിക്കാനും അറിയണമെന്നത് അച്ഛന് നിർബന്ധമുള്ള കാര്യമായിരുന്നു. മലയാളം പുസ്തകങ്ങൾ വായിക്കാനും അച്ഛൻ പ്രേരിപ്പിച്ചിരുന്നു. കുട്ടിക്കാലം തൊട്ടേ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന ശീലം അങ്ങനെ വന്നതാണ്."" രഞ്ജിത മേനോൻ പറയുന്നു.
മനോരാജ്യത്തിൽ ഗോവിന്ദ് പത്മസൂര്യയാണ് നായകനായി എത്തുന്നത്. രഞ്ജിത അത്യാവശ്യം എഴുതുമെന്ന കാര്യം ജി.പിയ്ക്ക് അറിയാമായിരുന്നു. ജി.പിയുടെ മ്യൂസിക്ക് കമ്പനിക്ക് വേണ്ടിയാണ് തെളിവാനമേ എന്ന പാട്ടെഴുതിയത്. പിന്നീട് മനോരാജ്യത്തിൽ പ്രെമോ സോംഗ് ആയി ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ആസ്ട്രേലിയയിൽ മനോരാജ്യത്തിന്റെ ചിത്രീകരണം തുടങ്ങിയ ശേഷം ഒരു ഗാനം കൂടി ആവശ്യമായി വരികയും പുതിയ ഒരു പാട്ട് ഒരുക്കാനുള്ള സമയക്കുറവ് മൂലം പ്രൊമോ സോംഗ് പ്രധാന ഗാനമാക്കാൻ സിനിമയുടെ രചയിതാവും സംവിധായകനുമായ റഷീദ് പാറയ്ക്കൽ തീരുമാനിക്കുകയായിരുന്നു. ആഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |