പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം ജമ്മുകാശ്‌മീർ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. 90 നിയമസഭാ സീറ്റുകളിലേക്ക് സെപ്തംബർ 18, 25, ഒക്ടോബർ 1 തീയതികളിലായി വോട്ടെടുപ്പ് നടക്കും. പാകിസ്ഥാന്റെ പിന്തുണയോടെ ജമ്മുകാശ്‌മീരിൽ ക്രമസമാധാനം അട്ടിമറിക്കാനും അക്രമങ്ങൾ നടത്താനും ഭീകരപ്രവർത്തകർ വർഷങ്ങളായി ശ്രമിച്ചുവരികയാണ്. ഇത് വലിയൊരു പരിധി വരെ അമർച്ച ചെയ്യാൻ ഇന്ത്യൻ സായുധ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ഭീകരപ്രവർത്തനം പൂർണമായും ശമിച്ചിട്ടില്ല. ഈ സാഹചര്യത്തിലും അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ വിജയിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. ജമ്മുകാശ്‌മീരിലെ ജനങ്ങൾ പൊതുവെ ജനാധിപത്യത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്നവരാണ്. അതിനെ എതിർക്കുന്നത് അയൽ രാജ്യങ്ങളുടെ പിന്തുണയോടെ ഒളിയുദ്ധം നടത്തുന്ന ഭീകര സംഘടനകൾ മാത്രമാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ വോട്ട് ശതമാനം കുറഞ്ഞെങ്കിലും ജമ്മുകാശ്‌മീരിൽ കൂടുകയാണ് ചെയ്തത്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ചില ഭീകര സംഘടനകൾ ആഹ്വാനം ചെയ്തിട്ടും ജനങ്ങൾ അത് തള്ളിക്കളയുകയായിരുന്നു. ജനാധിപത്യത്തിന്റെ മടങ്ങിവരവിനായി ജനങ്ങൾ കാത്തിരിക്കുകയാണ് എന്നർത്ഥം. 58.46 ശതമാനം പോളിംഗാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 35 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗാണിത്. മാത്രമല്ല, മറ്റ് അനിഷ്ട സംഭവങ്ങളൊന്നും കൂടാതെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാനും കഴിഞ്ഞു. അതിനാൽ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജനങ്ങളുടെ വർദ്ധിച്ച പങ്കാളിത്തം ഉണ്ടാകുമെന്നുതന്നെ കരുതാം. എന്നാൽ, ഇതിനിടയിൽ അക്രമങ്ങളിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഭീകരർ നടത്തുമെന്നതിനാൽ സുരക്ഷാ സേനകൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ജമ്മുകാശ‌്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് 2019-ൽ കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞിരുന്നു. ഇതിനെതിരെ വലിയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. പിന്നാലെ സംസ്ഥാന പദവി ഇല്ലാതാക്കി, ജമ്മുകാശ്‌മീരെന്നും ലഡാക്കെന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചു. ഇതിനെതിരെ സുപ്രീംകോടതിയിൽ നടന്ന കേസിൽ പ്രത്യേക പദവി എടുത്തുകളഞ്ഞത് ശരിവയ്ക്കുകയാണ് ചെയ്തത്. എന്നാൽ സംസ്ഥാന പദവി തിരികെ നൽകുകയും, സെപ്തംബർ 3-നു മുമ്പ് തിരഞ്ഞെടുപ്പ് നടത്തുകയും വേണമെന്ന് ഉത്തരവിടുകയുമാണ് സുപ്രീംകോടതി ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിന് ആ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും കൂട്ടായ പിന്തുണയാണ് നൽകുന്നത്. അവിടെ ജനാധിപത്യ സർക്കാർ അധികാരത്തിലേറുന്നതിനു പിന്നാലെ, ജമ്മുകാശ്‌മീരിന് സംസ്ഥാന പദവി നൽകാനുള്ള തീരുമാനവും കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാകണം.
ഇന്ത്യയെ അന്താരാഷ്ട്ര രംഗങ്ങളിൽ ഏറ്റവും കൂടുതൽ അധിക്ഷേപിക്കാനുള്ള ഒരു വിഷയമായിട്ടാണ് പാകിസ്ഥാൻ എന്നും ജമ്മുകാശ്‌മീരിനെ ഉയർത്തിക്കാട്ടുന്നത്. അപ്പോഴൊക്കെ ജമ്മുകാശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പാകിസ്ഥാനിൽ ഒളിവിൽ കഴിയുന്ന ഭീകര നേതാക്കളാണെന്നും ഇന്ത്യ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നു. പാകിസ്ഥാൻ ആവർത്തിച്ചുകൊണ്ടിരുന്നതാകട്ടെ, ഇന്ത്യ നുണപ്രചാരണം നടത്തുകയാണെന്നും! ഒടുവിൽ, പാകിസ്ഥാൻ പോലുമറിയാതെ അമേരിക്ക അബോട്ടാബാദിൽ ബിൻ ലാദനെ കൊലപ്പെടുത്തിയപ്പോഴാണ് പാകിസ്ഥാന്റെ പല കള്ളത്തരങ്ങളും ഒറ്റയടിക്ക് പൊളിഞ്ഞുവീണത്. ഇന്ത്യ പറഞ്ഞതാണ് സത്യമെന്ന് ലോകത്തിന് ബോദ്ധ്യപ്പെടുകയും ചെയ്തു. ജമ്മുകാശ്‌മീരിൽ ജനാധിപത്യം തിരിച്ചുവന്നാൽ ഭീകരരുടെ കുതന്ത്രങ്ങളാവും പാളിപ്പോകുക. അതിനാൽ അവർ ഏതുവിധേനയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാവും വരും ദിനങ്ങളിൽ തുനിയുക. എന്നാൽ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ഒരു ഭീകരവാദത്തിനും ആ ജനാധിപത്യ മതിൽക്കെട്ടിനെ തകർക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |