കൊച്ചി: ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ അവസാനനിമിഷം വരെ നടന്നത് തിരക്കിട്ട നിയമ നടപടികൾ. ഹർജിക്കാരായ നടി രഞ്ജിനിയും (സാഷ സെൽവരാജ്) നിർമ്മാതാവ് സജിമോൻ പാറയിലും ഇന്നലെ ചടുല നീക്കങ്ങൾ നടത്തിയെങ്കിലും ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല.
റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേൾക്കണമെന്നാവശ്യപ്പെട്ടാണ് രഞ്ജിനി ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ബെഞ്ചിൽ രാവിലെ മൂന്നാം നമ്പറായി ഹർജി ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ സജിമോനും അപ്പീലുമായി എത്തിയതോടെ ഉച്ചയ്ക്ക് 12.15വരെ അഭിഭാഷകർ സാവകാശം തേടി. നിശ്ചിതസമയത്തിന് മുമ്പ് 12നു തന്നെ കോടതി ഹർജി പരിഗണിച്ചു.
ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ ആളാണ് താനെന്നു കണക്കിലെടുക്കാതെയാണ് കഴിഞ്ഞദിവസം സിംഗിൾബെഞ്ച് ഹർജി തള്ളിയതെന്നായിരുന്നു രഞ്ജിനിയുടെ വാദം. സിംഗിൾബെഞ്ചിനെ തന്നെ സമീപിക്കാൻ നിർദ്ദേശിച്ച് ഡിവിഷൻ ബെഞ്ച് രഞ്ജിനിയുടെ ഹർജി തള്ളി. ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപ് സിംഗിൾ ബെഞ്ചിൽ ഹർജി നൽകാമെങ്കിൽ ഇന്നു തന്നെ പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്നും വ്യക്തമാക്കി. സജിമോന്റെ അപ്പീൽ ബുധനാഴ്ച പരിഗണിക്കാനും മാറ്റി.
അതിനിടെ റിപ്പോർട്ട് 2.30ന് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചു. നടിയുടെ അഭിഭാഷകൻ പുതിയ ഹർജിയുമായി രണ്ടുമണിക്ക് സിംഗിൾ ബെഞ്ചിലെത്തി. ഹർജി പരിഗണിക്കാമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കിയെങ്കിലും റിപ്പോർട്ട് പുറത്തുവിടുന്നത് അടിയന്തരമായി തടയണമെന്ന ആവശ്യം അനുവദിച്ചില്ല.
പിന്നീട് മൂന്നരയോടെയാണ് രഞ്ജിനിയുടെ ഹർജി കോടതി പരിഗണിച്ചത്. അപ്പോഴേക്കും റിപ്പോർട്ട് പുറത്തുവന്നിരുന്നു. റിപ്പോർട്ട് കുറച്ചുമുമ്പ് പുറത്തുവന്നകാര്യം കോടതിയിൽ അഭിഭാഷകർ അറിയിച്ചു. സ്വകാര്യത ഉറപ്പാക്കുമെന്ന് വിവരാവകാശ കമ്മിഷൻ ഉറപ്പുനൽകിയതാണല്ലോ എന്ന് കോടതിയും നിരീക്ഷിച്ചു. തുടർന്ന് രഞ്ജിനിയുടെ ഹർജി ആഗസ്റ്റ് 27ന് പരിഗണിക്കാൻ മാറ്റി. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഇനി തിടുക്കമില്ലെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ രഞ്ജിത് മാരാരും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |