കണ്ണൂർ: കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിച്ച കണ്ണൂരിലെ ഇടത് അനുകൂല സൈബർഗ്രൂപ്പായ 'അമ്പാടി മുക്ക് സഖാക്കൾ' എന്ന പേജിന്റെ അഡ്മിൻ പി.ജയരാജന്റെ വിശ്വസ്തൻ. ഡി.വൈ.എഫ്.ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം വേളം ബ്രാഞ്ച് സെക്രട്ടറിയുമായ മനീഷ് മനോഹരനാണ് അഡ്മിൻ. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ പി.ജയരാജന്റെ സോഷ്യൽ മീഡിയയുടെ ചുമതലക്കാരനായിരുന്നു. കാഫിർ സ്‌ക്രീൻഷോട്ട് അമ്പാടിമുക്ക് പേജിൽ ഷെയർ ചെയ്തത് മനീഷാണെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതേ സമയം മനീഷിനെ തള്ളിപ്പറയാൻ സി.പി.എം.ജില്ലാ നേതൃത്വം തയ്യാറല്ല. വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിച്ചത് തെറ്റാണെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ,മനീഷിനെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകിയില്ല.
കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം ലഭിച്ചത് റെഡ് എൻകൗണ്ടർ വാട്സ് ആപ് ഗ്രൂപ്പിലാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് ഈ ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. . കഴിഞ്ഞ ഏപ്രിൽ 25ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം മനീഷിന് സ്‌ക്രീൻഷോട്ട് ലഭിക്കുകയും ഉടനെ അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു . . സി.പി.എം നേതൃത്വത്തിലുള്ള മയ്യിൽ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് മനീഷ്.
അതേ സമയം,കാഫിർ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കിയത് താനല്ലെന്ന് മനീഷ് പറഞ്ഞു. വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു കിട്ടിയ സ്‌ക്രീൻ ഷോട്ടാണ് പേജിൽ ഷെയർ ചെയ്തത്.പന്തികേടു തോന്നി പത്തു മിനിട്ടിനകം പിൻവലിച്ചെന്നും. മനീഷ് പറഞ്ഞു.
പി. ജയരാജനെ ഉന്നമിട്ട്
മനു തോമസ്
പി. ജയരാജന് നേരെ ഒളിയമ്പെയ്ത് സി.പി.എം വിട്ട കണ്ണൂർ മുൻ ജില്ലാ കമ്മിറ്റിയംഗം മനു സി.തോമസ് സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുറിപ്പും ചർച്ചയാകുന്നു. വടക്കൻ പാട്ടുമായി ബന്ധിപ്പിച്ചാണ് മനുവിന്റെ കുറിപ്പ്. പി ജയരാജനും സഹോദരി പി.സതീ ദേവിയും തോറ്റിടത്ത് ശൈലജ ജയിക്കരുതെന്ന് ഉറപ്പിച്ച് നടത്തിയ പൂഴിക്കടകനെന്നാണ് മനുവിന്റെ പരിഹാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |