അതിഭീകരമായ പ്രകൃതി ദുരന്തങ്ങളിൽ മനുഷ്യജീവനുകളും സ്വത്തുവകകളും തുടച്ചുനീക്കപ്പെടുമ്പോൾ കനിവിന്റെ ഉറവകൾ വന്നുചേരുന്നത് നാനായിടങ്ങളിൽ നിന്നാകും. കഴിഞ്ഞ മാസാവസാനം വയനാട്ടിലെ മൂന്ന് ഗ്രാമങ്ങളെ മുച്ചൂടും തുടച്ചുനീക്കിയ കൊടിയ ഉരുൾപൊട്ടലിൽ നാനൂറിലധികം മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. വസ്തുവകകൾക്കും കാർഷിക വിളകൾക്കുമുണ്ടായ നാശനഷ്ടം വളരെ വലുതാണ്. ദുരിതബാധിതരെ സഹായിക്കാൻ സംസ്ഥാനത്തുനിന്നു മാത്രമല്ല, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നും ഇപ്പോഴും സഹായം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഉരുൾപൊട്ടലിന്റെ ഭീതിദമായ ഓർമ്മകളിൽനിന്ന് വയനാട് ജനത മോചിതമാകാൻ ഒരുപാടു നാളെടുക്കും. നാശനഷ്ടങ്ങൾ സംബന്ധിച്ച യഥാർത്ഥ കണക്കുകൾ ഉൾപ്പെടുത്തി കേന്ദ്രത്തിന് സമർപ്പിക്കാനുള്ള മെമ്മോറാണ്ടം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അത് ലഭിക്കുന്ന മുറയ്ക്ക് കേന്ദ്ര സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതിനിടയിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട അടിയന്തര സഹായം ദുരിതബാധിതർക്ക് അല്പമെങ്കിലും ആശ്വാസം പകർന്നിട്ടുണ്ട്. മരണമടഞ്ഞ ഹതഭാഗ്യരുടെ ആശ്രിതർക്ക് ആറുലക്ഷം രൂപവീതം നൽകിക്കഴിഞ്ഞു. പരിക്കേറ്റവർക്കും ആനുപാതികമായ ധനസഹായം ബാങ്ക് അക്കൗണ്ടുകളിലൂടെ നൽകുന്നുണ്ട്. പുനരധിവാസ നടപടികളെക്കുറിച്ച് സർക്കാർ തലത്തിലുള്ള ആലോചനകൾ തുടങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടലുകൾ നാശം വിതച്ച ഇടങ്ങളിൽ ഇനി മനുഷ്യവാസം അഭികാമ്യമല്ലെന്നാണ് വിദഗ്ദ്ധസമിതിയുടെ കണ്ടെത്തൽ. സുരക്ഷിതമായ സ്ഥലങ്ങളിൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനാണ് ആലോചന. പ്രകൃതിദുരന്തത്തിൽ ജീവൻ ശേഷിച്ചവരെ സംബന്ധിച്ചിടത്തോളം എത്ര വലിയ സഹായവും നഷ്ടപ്പെട്ട ബന്ധുജനങ്ങൾക്ക് പരിഹാരമാവില്ല. പക്ഷേ ആപത്തിൽപ്പെട്ടവരെ ആവോളം ആശ്വസിപ്പിക്കാനും കൈമറന്ന് സഹായിക്കാനുമല്ലാതെ സമൂഹത്തിനും സർക്കാരിനും മറ്റെന്താണ് ചെയ്യാനാവുക.
ഉരുൾപൊട്ടൽ ദുരന്തം സർവനാശം വിതച്ച മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലുള്ളവരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളണമെന്ന നിർദ്ദേശം കഴിഞ്ഞദിവസം ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ മുഖ്യമന്ത്രിതന്നെ ഉന്നയിച്ചിരുന്നു. അതത് ബാങ്കുകളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ബാങ്കുകൾ ഈ സാമൂഹ്യബാദ്ധ്യത നിറവേറ്റുക തന്നെ ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ദുരന്തമേഖലയിലുള്ള പന്ത്രണ്ട് ബാങ്ക് ശാഖകളിൽ 3220 ആളുകളുടെ പേരിൽ ആകെ 35 കോടിരൂപയാണ് വായ്പയായി നിലവിലുള്ളത്. ബാങ്കുകളെ സംബന്ധിച്ചിടത്തോളം ഈ തുക അത്ര വലുതൊന്നുമല്ല. ഓരോ വർഷവും ആയിരക്കണക്കിന് കോടിരൂപ കിട്ടാക്കടമായി എഴുതിത്തള്ളാറുള്ള ബാങ്കുകൾക്ക് വയനാട്ടിലെ ദുരിതബാധിതരുടെ 35 കോടി രൂപയുടെ വായ്പകൾ നിസ്സാരമായി ഉപേക്ഷിക്കാവുന്നതേയുള്ളൂ. എല്ലാം നഷ്ടപ്പെട്ട കുറെ മനുഷ്യരുടെ പറിച്ചുനടീലിനുള്ള സംഭാവനയായി അതിനെ കണ്ടാൽ മതി.
വായ്പകൾ പുനഃക്രമീകരിക്കാൻ ബാങ്കേഴ്സ് സമിതി തീരുമാനിച്ചിട്ടുണ്ട്. ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പുതിയ വായ്പകൾ ലഭ്യമാക്കും. ഗൃഹനിർമ്മാണ വായ്പയോടൊപ്പം ഇൻഷ്വറൻസ് പരിരക്ഷ എടുത്തിട്ടുള്ളവർക്ക് ആശ്വാസം നൽകാൻ ബാങ്കുകൾ ഇടപെടും. കച്ചവടക്കാരുടെയും ചെറുകിട സംരംഭകരുടെയും വായ്പകൾക്ക് മോറട്ടോറിയം നൽകും. ദുരിതബാധിത മേഖലകളിലുള്ളവർക്ക് 25,000 രൂപ വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാനും ബാങ്കേഴ്സ് സമിതിയിൽ തീരുമാനമായിട്ടുണ്ട്. ഇതെല്ലാം ബാങ്കുകളുടെ സന്മനോഭാവത്തിന് തെളിവാണ്. എന്നിരുന്നാലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദുരിത ബാധിതരുടെ വായ്പകൾകൂടി എഴുതിത്തള്ളുമ്പോഴാണ് അത് പൂർണമാകുന്നത്. ഇതിനിടയിൽ സർക്കാർ അനുവദിച്ച സഹായധനത്തിൽ നിന്ന് സംസ്ഥാന ഗ്രാമീൺ ശാഖകൾ ദുരിതബാധിതരുടെ വായ്പാഗഡു ഈടാക്കാൻ കാണിച്ച വൃത്തികെട്ട ധൃതി പരക്കെ അപലപിക്കപ്പെട്ടുകഴിഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത്, ഈടാക്കിയ തുക മടക്കി നൽകാൻ ബാങ്ക് നടപടിയെടുത്തത് നല്ല കാര്യമാണ്. സാഹചര്യങ്ങൾ മനസിലാക്കാതെ പെരുമാറിയ ബാങ്ക് ഉദ്യോഗസ്ഥർ ഈ സമൂഹത്തിന് യോജിച്ചവരല്ലെന്നു പറയേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |