ശിവഗിരി:തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യം രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ചത് ശ്രീനാരായണ ഗുരുദേവനാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമിസച്ചിദാനന്ദ.
ശിവഗിരി തീർത്ഥാടകർക്കായി ഗുരു നിർദ്ദേശിച്ച എട്ടുകാര്യങ്ങൾ രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് ഏറ്റവും ആവശ്യമായിരുന്നു. ശാസ്ത്രസാങ്കേതിക പഠനം ഉൾപ്പെടെ വിഷയങ്ങൾ നിർദ്ദേശിച്ച് ഗുരു രാഷ്ട്രമീമാംസകനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശിവഗിരിയിൽ ഗുരുദേവ ജയന്തി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു സ്വാമിസച്ചിദാനന്ദ.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നമ്പോൾ, 1967 ലാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് രൂപവും ഭാവവും കൈവന്നത്. അതിനും എത്രയോ വർഷം മുമ്പാണ് ഗുരുദേവൻ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രഖ്യാപിച്ചത്. ശാരദാമഠത്തിൽ പുലയ യുവാക്കളെ ആദ്യമായി ശാന്തിക്കാരായി നിയോഗിച്ചത് അറിഞ്ഞപ്പോൾ മഹാത്മാഗാന്ധി അത്ഭുതപ്പെട്ടു. കേരളത്തിലെ ഗവർണർ ജനറലായിരുന്ന സി.രാജഗോപാലാചാരി ഉൾപ്പെടെയുള്ള ബ്രാഹ്മണ വിഭാഗക്കാർ അവർണരായ ശാന്തിക്കാരിൽ നിന്ന് തീർത്ഥം വാങ്ങുന്നത് ശിവഗിരിയിൽ കണ്ടത് തന്നെ അത്ഭുതപ്പെടുത്തിയതായി മന്നത്ത് പദ്മനാഭൻ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ഇതു കഴിഞ്ഞ് നൂറ് വർഷത്തിന് ശേഷമാണ് സംസ്ഥാന സർക്കാർ അവർണരെ ശാന്തിക്കാരായി നിയമിക്കുന്നത്.
സ്നേഹത്തിന്റെയും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും മഹത്വം പഠിപ്പിച്ചാണ് ഗുരുദേവൻ സാമൂഹിക വിപ്ളവം സൃഷ്ടിച്ചത്. അറിയുന്നവരെ ആരാധകരാക്കുന്ന വശ്യതയാണ് ഗുരുവിനുണ്ടായിരുന്നത്. മതമേതായാലും മനുഷ്യൻ നന്നാവുകയാണ് ജീവിതത്തിൽ പരമപ്രധാനം. ഗുരുവിന്റെ ഈ ദർശനത്തെ ലോകം ഹൃദയത്തിലേറ്റി. ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന് എന്ന് ലോകത്തെ ചൊല്ലി പഠിപ്പിച്ചതിലൂടെ ഏകത്വമാണ് ഗുരു ഉദ്ബോധിപ്പിച്ചത്. ഇത്രയും ദീർഘദർശിയായ ഗുരുവിനോട് കേരളം ചെയ്ത ഏറ്റവും വലിയ അപരാധം, അദ്ദേഹത്തെ ഈഴവ സ്വാമിയാക്കി മൂലയ്‌ക്കിരുത്തി എന്നതാണ്.
ശ്രീകൃഷ്ണ ജയന്തി, ക്രിസ് മസ്,നബിദിനം തുടങ്ങിയ പുണ്യദിനങ്ങളെക്കുറിച്ചെല്ലാം പറയുന്ന ചാനലുകൾ ശ്രീനാരായണ ഗുരുദേവ ജയന്തിയെക്കുറിച്ച് പറഞ്ഞില്ല. ചെറിയ കണ്ണുകൾ വച്ച് വലിയ ലോകത്തെ കാണുന്ന കുഞ്ഞിക്കണ്ണന്മാരാൽ നിബിഢമാണ് ലോകം. ഗുരുവിന്റെ ഏകത്വതത്വ ദർശനം ജനങ്ങളിലെത്തിക്കാൻ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് കടമയുണ്ട്. വേദികളിൽ പ്രസംഗിക്കുന്ന ആരും ഇതിനായി ശ്രമിക്കുന്നില്ല. നവോത്ഥാനം കൊണ്ടുവരാൻ ഏറ്റവും വലിയ പ്രയത്നം നടത്തിയത് ഗുരുദേവനാണ്. ഗുരുവിന്റെ ദൈവദശകം രാജ്യത്തിന്റെ പ്രാർത്ഥനാ ഗീതമാക്കാൻ ഇ.കെ.നായനാർ മുതൽ പിണറായി വിജയൻ വരെയുള്ള മുഖ്യമന്ത്രിമാർക്ക് സന്യാസി സമൂഹം നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ലെന്നും സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |