SignIn
Kerala Kaumudi Online
Friday, 23 August 2024 6.58 AM IST

മെരിറ്റ് അട്ടിമറിക്കുന്ന സാമൂഹ്യദ്രോഹികൾ

reservation

അധികാര സ്ഥാനങ്ങളിലും പദവികളിലും മതിയായിടത്തോളം പ്രാതിനിദ്ധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക വിഭാഗങ്ങൾക്ക് അത് ഉറപ്പാക്കുന്നതിനാണ് ഭരണഘടനയിൽ സംവരണം വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത് ഉദ്യോഗ ലബ്ധിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ബാധകമാണ്. പൗരന്റെ ഭരണഘടനാപരമായ ഈ മൗലികാവകാശം ദശാബ്ദങ്ങളോളം നിഷേധിക്കപ്പെട്ടിരുന്നു. ഉദ്യോഗ മേഖലയിൽ മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് ഈ അവകാശം ലഭ്യമാകുന്നത് 1993 മുതലും, വിദ്യാഭ്യാസ മേഖലയിൽ 2008 മുതലും മാത്രമാണ്. ദീർഘകാലമായി നിഷേധിക്കപ്പെട്ട ഒരു അവകാശം നിരവധിയായ പ്രക്ഷോഭങ്ങളിലൂടെയും കോടതി ഇടപെടലുകളിലൂടെയും ലഭ്യമായിത്തുടങ്ങിയപ്പോൾ അതിൽ ഇടങ്കോലിടുന്നതിൽ ഒരുപറ്റം ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും വ്യാപൃതരായി. സംവരണ അട്ടിമറി ഒരു തുടർക്കഥയായി തുടരുന്നു. ഇപ്പോൾ മെറിറ്റും അട്ടിമറിക്കപ്പെടുന്നു.


പൊതുവിഭാഗത്തിൽ മെറിറ്റിൽ ഉദ്യോഗത്തിനും വിദ്യാലയ പ്രവേശനത്തിനും അർഹരാകുന്ന സമർത്ഥരായ പിന്നാക്ക വിഭാഗ വിദ്യാർത്ഥികളെ സംവരണ ക്വാട്ടയിൽ കണക്കാക്കുന്ന രീതിയാണ് ഇക്കൂട്ടർ അവലംബിച്ചത്. ഇതിനെതിരായ ഉത്തരവുകളും കോടതി വിധികളും പല സന്ദർഭങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നിട്ടും അതേ കള്ളക്കളി തുടരുന്ന സാഹചര്യത്തിലാണ് ഇത് ആവർത്തിക്കരുതെന്ന ശക്തമായ താക്കീതോടെ ഓപ്പൺ കോമ്പറ്റീഷനിൽ മെറിറ്റ് നേടുന്ന വിദ്യാർത്ഥികളെ പൊതു വിഭാഗത്തിൽത്തന്നെ പരിഗണിക്കണമെന്നും ഒരു കാരണവശാലും സംവരണ കണക്കിൽ ഉൾപ്പെടുത്തരുതെന്നും സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഇന്നലെ ചരിത്രവിധി പ്രസ്താവിച്ചത്.

അപ്പീലിൽ പിറന്ന

സംവരണ നീതി


സുപ്രധാനമായ ഈ വിധിയിലൂടെ സംവരണ വിഭാഗങ്ങളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും ഉദ്യോഗത്തിനും അവസരമുണ്ടാകും. മദ്ധ്യപ്രദേശിലെ എം.ബി.ബി.എസ് പ്രവേശനത്തിൽ ഓപ്പൺ ക്വാട്ടയിൽ ലഭിക്കാവുന്ന 77 സീറ്റുകളാണ് പിന്നാക്കവിഭാഗ വിദ്യാർത്ഥികൾക്ക് നഷ്ടമായത്. ഇതിനെതിരെ വിദ്യാർത്ഥികൾ മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളി. മദ്ധ്യപ്രദേശ് അഡ്വക്കേറ്റ് ജനറലിന്റെ വാദമുഖങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഹർജി തള്ളിയത്. ഇതിനെതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീൽ അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായിയും കെ വി. വിശ്വനാഥനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹൈക്കോടതി വിധി റദ്ദാക്കുകയും, വിദ്യാർത്ഥികൾക്ക് അനുകൂലമായ സുപ്രധാന വിധി പ്രഖ്യാപിച്ചതും. സംവരണം സംബന്ധിച്ച വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ അത് കൈകാര്യം ചെയ്യുന്ന ഭരണാധികാരികൾ തെറ്റായ വ്യാഖ്യാനങ്ങളും ദുരുദ്ദേശ്യപരമായ നടപടികളും സ്വീകരിക്കുന്നതുകൊണ്ടാണ് ഭരണഘടന വിഭാവനം ചെയ്യുന്ന വ്യവസ്ഥകളും നിയമങ്ങളും ഗുണകരമായി മാറാത്തതെന്നും വിധിയിൽ സൂചിപ്പിച്ചിട്ടുണ്ട്.


ഇത്തരം നടപടികൾ നമ്മുടെ സംസ്ഥാനത്തും പലവിധത്തിൽ അരങ്ങേറുന്നുണ്ട്. മെഡിക്കൽ പ്രവേശനത്തിൽ അത്തരമൊരു നീക്കം കഴിഞ്ഞവർഷം ഉണ്ടായപ്പോൾ അതിനെതിരെ 'കേരളകൗമുദി" അടക്കം പിന്നാക്ക സമുദായങ്ങൾ ശക്തമായി ഇടപെട്ടപ്പോഴാണ് നീക്കം താൽക്കാലികമായി നിർത്താൻ സർക്കാർ തയ്യാറായത്. ഇപ്പോഴും അതൊരു വെല്ലുവിളിയായി തുടരുന്നുണ്ട്. ഉദ്യോഗ മേഖലയിൽ മെറിറ്റ് അട്ടിമറിക്കുന്നതിനുള്ള മറ്റൊരു കൗശലം റൊട്ടേഷൻ രീതിയിൽ 20 പേർ അടങ്ങുന്ന ഒരു യൂണിറ്റ് സമ്പ്രദായത്തിലൂടെയാണ്. ആദ്യ യൂണിറ്റിനു ശേഷം മെറിറ്റിൽ വരുന്ന ആളുകൾ പലപ്പോഴും സംവരണ ക്വാട്ടയിൽ കണക്കാക്കപ്പെടും. ഇതിനെതിരെയുള്ള ആക്ഷേപങ്ങൾക്കൊന്നും പരിഹാരമുണ്ടാക്കാൻ സർക്കാറുകൾ തയ്യാറായിട്ടില്ല.

ആദ്യം വിളിച്ച്

അട്ടിമറി!

ഐ.ഐ.ടി പോലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പ്രവേശനം നടത്തുമ്പോൾ മെറിറ്റ് അട്ടിമറിക്കുന്നത് മറ്റൊരു രീതിയിലാണ്. അലോട്ട്‌മെന്റ് തുടങ്ങുമ്പോൾ ആദ്യം സംവരണ സമുദായക്കാരെ വിളിച്ച് പ്രവേശനം നൽകും. സ്വാഭാവികമായും ഓപ്പൺ ക്വാട്ടയിൽ പ്രവേശനം ലഭിക്കേണ്ടവർക്ക് സംവരണ ക്വാട്ടയിൽ പ്രവേശനം നൽകും. തങ്ങൾക്ക് ഇഷ്ടപ്പെട്ട കോഴ്സും സ്ഥാപനവും കിട്ടിക്കഴിഞ്ഞാൽ പിന്നീട് പൊതുവിഭാഗത്തിലേക്ക് ഇവർ ശ്രമിക്കാറില്ല. മെറിറ്റ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിൽ സംവരണ വിഭാഗത്തിലുള്ള കൂടുതൽ ആളുകൾക്ക് അവസരം ലഭിക്കുമായിരുന്നു.


രാജ്യം ഭരിക്കുന്ന സർക്കാരുകൾക്ക് സംവരണം ഫലപ്രദമായി നടപ്പാക്കണമെന്ന താല്പര്യമില്ല. കേന്ദ്രസർക്കാരിനു കീഴിലുള്ള ജോയിന്റ് സെക്രട്ടറി, ഡയറക്ടർ തുടങ്ങിയ നാല്പത്തിയഞ്ചോളം ഉയർന്ന തസ്തികൾ സംവരണം പാലിക്കാതെ നടത്താൻ സർക്കാർ യു.പി.എസ്.സി വഴി വിജ്ഞാപനം പുറപ്പെടുവിച്ചു. ബിജെപി സർക്കാരിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതിരുന്നതിനാലും ശക്തമായ പ്രതിഷേധമുണ്ടായ സാഹചര്യത്തിലും ആ നീക്കം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ഇതിനിടയിൽ ഇന്ത്യയുടെ കാലാവസ്ഥാ ഗവേഷണവും നിർണയവുമായി ബന്ധപ്പെട്ട ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പിൽ 81 ശാസ്ത്രജ്ഞന്മാരുടെ നിയമനം സംവരണ ആട്ടിമറിയിലൂടെ നടത്തിയെന്ന വാർത്തയും വന്നു കഴിഞ്ഞു.

വ്യാഖ്യാനിച്ച്

ദുഷിപ്പിക്കും


കേരളത്തിലും,​ പല പ്രധാന സ്ഥാപനങ്ങളിലും ഉയർന്ന തസ്തികകൾ ഒറ്റപ്പെട്ട തസ്തികകൾ എന്ന പേരിൽ സംവരണം പാലിക്കാതെ നിയമനം നടത്തുന്നുണ്ട്. സംസ്ഥാന പ്ലാനിംഗ് ബോർഡിലെ ചീഫ് തസ്തിക ഇതിന് ഉദാഹരണമാണ്. സാമൂഹ്യ നീതിക്കുവേണ്ടി വാദിക്കുന്നവരും പ്രവർത്തിക്കുന്നവരും അടിയന്തരമായി ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരമുണ്ടാക്കുകയും വേണം. ഈ സന്ദർഭത്തിൽ മഹാനായ ഭരണഘടനാ ശില്പി ഡോക്ടർ ബി.ആർ. അംബേദ്കർ ഭരണഘടനാ നിയമനിർമ്മാണ സഭയുടെ അവസാന യോഗത്തിൽ നടത്തിയ പ്രസംഗമാണ് ഓർമ്മവരുന്നത്. അതിലെ പ്രസക്ത ഭാഗം ചുവടെ പറയുന്നതു പോലെയാണ്:

'ഭരണഘടന എത്ര തന്നെ നന്നായിരുന്നാലും അതു പ്രയോഗിക്കുന്നവർ ദുഷിച്ചവരാണെങ്കിൽ ഭരണഘടനയും ദുഷിച്ചേക്കാം. അതുപോലെതന്നെ ഭരണഘടന എത്ര തന്നെ ചീത്തയായിരുന്നാലും,​ അതു കൈകാര്യം ചെയ്യുന്നവർ പ്രഗത്ഭരാണെങ്കിൽ ആ ഭരണഘടന നന്മകൾ ചെയ്‌തേക്കും. ഭരണഘടന പ്രാവർത്തികമാകുന്നത് അതിന്റെ മൊത്തത്തിലുള്ള സ്വഭാവത്തെ അടിസ്ഥാനമാക്കിയല്ല. ലെജിസ്ലേറ്റർ, എക്സിക്യുട്ടീവ്,​ ജുഡിഷ്യറി എന്നീ ഘടകങ്ങൾ വിഭാവനം ചെയ്യുവാനേ ഭരണഘടനയ്ക്കാവൂ. ജനങ്ങൾ അവരുടെ ആഗ്രഹങ്ങളും രാഷ്ട്രീയവും അനുസരിച്ച് തിരഞ്ഞെടുക്കുന്ന രാഷ്ട്രീയകക്ഷികളും അവരുടെ പ്രതിനിധികളുമാണ് ഈ ഘടകങ്ങളെ നിയന്ത്രിക്കേണ്ടത്. ഇന്ത്യയിലെ ജനങ്ങളും അവരുടെ രാഷ്ട്രീയകക്ഷികളും എങ്ങനെ പെരുമാറുമെന്ന് നമുക്ക് പറയാനാവുമോ?"

(പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ ആണ് ലേഖകൻ. മൊബെെൽ: 94472 75809)​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.